കൊച്ചി ∙ ലഹരിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊച്ചി നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരു യുവതികൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശിനി നിവ്യയാണ് അറസ്റ്റിലായത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നിവ്യയുടെ ആണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണു കൊലയ്ക്ക് കാരണമായത്.
നിവ്യയും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്നു. നെട്ടൂരിലെ പൊതുസ്മശാനത്തിനടുത്തായിരുന്നു പ്രതികള്‍ ഒത്തുചേര്‍ന്നത്. ചുറ്റും കാടും ഇടുങ്ങിയ വഴിയുമായി നെട്ടൂരില്‍ ശാന്തിവനത്തോട് ചേര്‍ന്നുള്ള പൊതുശ്മശാനം ക്രിമിനലുകളുടെ വിഹാരകേന്ദ്രമാണ്. ലഹരിസംഘങ്ങള്‍ ഇവിടെയാണ് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നത്. കഴിഞ്ഞ പന്ത്രണ്ടിന് 19കാരനായ ഫഹദ് കൊല്ലപ്പെടുന്നതിനു മുന്‍പും അവര്‍ ഇവിടെ ഒത്തുചേര്‍ന്നു.
നെട്ടൂരുകാരിയായ നിവ്യയെ ചൊല്ലിയായിരുന്നു തര്‍ക്കങ്ങളെല്ലാം. നേരത്തെ മൂന്നരകിലോ കഞ്ചാവ് കൈവശം വച്ചതിന് പനങ്ങാട് പൊലീസ് നിവ്യയെ അറസ്റ്റ് ചെയ്തിരുന്നു. നിവ്യയുടെ കാമുകന് അടിമാലി ആനച്ചാല്‍ സ്വദേശി ജാന്സന് ജോസും അടിമാലി മോളോത്തുപുരയില്‍ വിഷ്ണു സുരേന്ദ്രനും അറസ്റ്റിലായി. കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ നിവ്യയെ ജാമ്യത്തിലിറക്കാന്‍ പോയത് മറ്റൊരു കാമുകനായിരുന്ന പ്രവീണായിരുന്നു.
ഇതിന്റെ പേരില്‍ ജാന്‍സനും സുഹൃത്ത് വിഷ്ണുവും നിവ്യയുടെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷവുമാണ് രണ്ട് സംഘങ്ങള്‍ ചേര്‍ന്നുള്ള ഏറ്റമുട്ടലിന് വഴിവച്ചത്. ഇതിനിടയില്‍ ഒത്തുതീര്‍പ്പിനെത്തിയ ഫഹദിനെ സംഘത്തിലെ നിധിന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. നിലവില്‍ രണ്ട് യുവതികളടക്കം 22 പ്രതികളാണ് കേസില്‍ പിടിയിലായത്. അനന്തു, ഈശ്വര്‍, ഉണ്ണി എന്നീ മൂന്ന് പ്രതികളെ പിടികൂടാനുണ്ട്.
English Summary: Nettoor Fahad murder: One more lady arrested