ADVERTISEMENT

കൊല്ലം ∙ പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. റിമാൻഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സീരിയലിന്റെ ഷൂട്ടിങ് ഉള്ളതിനാൽ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയർത്തിരുന്നു. തുടർന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്.

കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ച കേസിൽ മുഖ്യപ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.

English Summary: Actress lakshmi pramod gets interim bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com