ADVERTISEMENT

ലണ്ടൻ∙ മാരത്തൺ ഓട്ടക്കാരനാണെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും ചൂതാട്ടക്കാരനല്ലെന്നും ലണ്ടൻ കോടതി മുൻപാകെ അനിൽ അംബാനി. തന്റെ ആവശ്യങ്ങൾ വിശാലമല്ല, ജീവിതരീതി വളരെ അച്ചടക്കമുള്ളതാണ്. സസ്യാഹാരിയാണെന്നും പുറത്തുപോകുന്നതിനു പകരം കുട്ടികൾക്കൊപ്പം വീട്ടിൽത്തന്നെയിരുന്നു സിനിമ കാണുന്നതിനാണു താൽപ്പര്യമെന്നും അനിൽ പറഞ്ഞു. തന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള മുൻകാലത്തേതും ഇപ്പോഴത്തേതും ഭാവിയിലേതുമായ എല്ലാ കാര്യങ്ങളും പൂർണമായും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3 ചൈനീസ് ബാങ്കുകളിൽനിന്ന് 71.7 കോടി ഡോളർ (5,284 കോടി രൂപ) വായ്പയെടുത്തതു തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള കേസിൽ യുകെയിലെ കോടതിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ സഹോദരന്റെ വാദം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അഭിഭാഷകനു ഫീസ് കൊടുത്തത് ആഭരണങ്ങൾ വിറ്റിട്ടാണെന്നും റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു. ഇൻഡസ്ട്രിയൽ ആന്‍ഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവരിൽനിന്നാണ് കടമെടുത്തത്.

2012 ലാണ് ഈ ബാങ്കുകൾ വ്യക്തിജാമ്യത്തിൽ അനില്‍ അംബാനിക്ക് വായ്പ അനുവദിച്ചത്. എന്നാൽ 2017 മുതൽ തിരിച്ചടവു മുടങ്ങുകയായിരുന്നു. അനിൽ 5,821 കോടിരൂപ തിരിച്ചടയ്ക്കണമെന്നും കോടതിച്ചെലവായി 7 കോടി രൂപ ബാങ്കുകൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടതു പാലിക്കാഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആസ്തി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ വീണ്ടും കോടതിയെ സമീപിച്ചത്.

മുംബൈയിൽനിന്നു വിഡിയോ കോണ്‍ഫറന്‍സിങ്‌ വഴിയാണ് ലണ്ടനിലെ കോടതിയിൽ അനിൽ അംബാനി ഹാജരാകുന്നത്. ബാങ്കുകൾക്കു ചില്ലിക്കാശുപോലും കൊടുക്കാതിരിക്കാൻ പല്ലും നഖവുമുപയോഗിച്ചുള്ള പോരാട്ടത്തിലാണ് അനിൽ അംബാനിയെന്ന് ബാങ്കുകൾക്കുവേണ്ടിയുള്ള അഭിഭാഷകൻ ബൻകിം തൻഗി പറഞ്ഞു.

അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിൽ കഴിഞ്ഞ ദിവസം അനിൽ അംബാനി പറഞ്ഞത് ഇങ്ങനെ

∙ ലളിതവും ചിട്ടയുള്ളതുമായ ജീവിതശൈലിയാണ് എന്റേത്. ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നൽകുന്നത്. മറ്റു വരുമാനം ഇല്ല.

∙ കഴിഞ്ഞ ജനുവരി– ജൂണിൽ ആഭരണങ്ങൾ വിറ്റ് 9.9 കോടി രൂപ ലഭിച്ചെങ്കിലും എല്ലാം ചെലവായി.

∙ ആഡംബര കാറുകളെപ്പറ്റിയുള്ള വാർത്തകൾ അതിശയോക്തിപരമാണ്. സ്വന്തമായി റോൾസ് റോയ്സ് ഇല്ല. ആകെ ഒരു കാറേ ഉള്ളൂ.

∙അമ്മയോടും മകനോടും പോലും കടക്കാരനാണ്. അമ്മ കോകിലയ്ക്കു 486 കോടി രൂപയും മകൻ അൻമോലിനു 302 കോടി രൂപയും കൊടുക്കാനുണ്ട്

∙ ലണ്ടൻ, കലിഫോർണിയ, ബെയ്ജിങ് എന്നിവിടങ്ങളിൽ എന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തിയത് അമ്മയാണ്.

∙ കുടുംബത്തിന്റെ കലാശേഖരം ഭാര്യ ടീന അംബാനിയുടെ പേരിലാണ്. ഉല്ലാസനൗക കുടുംബാംഗങ്ങളുടെയാണ്.

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാടെൽ എന്നീ കമ്പനികൾ 1,200 കോടി രൂപ എസ്ബിഐയിൽ നിന്ന് വായ്പയെടുത്തതും തിരിച്ചടച്ചിട്ടില്ല. ഇതിനെതിരായ കേസ് ഇന്ത്യയിൽ നടക്കുകയാണ്. അനിലിനെതിരെയുള്ള പാപ്പർ നടപടികൾക്കു ഡൽഹി ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം കഴിഞ്ഞ 17നു സുപ്രീം കോടതി നിരസിച്ചിരുന്നു.

English Summary: Anil Ambani Says "Vegetarian, Teetotaler, Non-Smoker" Amid UK Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com