ഐഎസിനൊപ്പം ചേർന്ന് യുദ്ധം: മൂവാറ്റുപുഴ സ്വദേശി സുബഹാനിക്ക് ജീവപര്യന്തം
Mail This Article
കൊച്ചി∙ ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ മൂവാറ്റുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീന് എന്‍ഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡിലുള്ള സുബഹാനി 2015ല്‍ തുര്‍ക്കി വഴി ഇറഖിലേക്കു കടന്ന് ഐഎസില്‍ചേര്‍ന്ന് ആയുധ പരിശീലനം നേടുകയും ഇറാഖിലെ മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം വിന്യസിക്കപ്പെടുകയും ചെയ്തെന്നായിരുന്നു കുറ്റപത്രം. ജഡ്ജി പി. കൃഷ്ണകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. എഎസ്പി ഷൗക്കത്തലിയായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്
കണ്ണൂര്‍ കനകമലയില്‍ 2016ല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍ക്കൊപ്പമാണ് എന്‍ഐഎ സുബഹാനിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും സുബഹാനി പദ്ധതിയിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016 ഒക്ടോബര്‍ അഞ്ചിനാണ് സുബഹാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഇറാഖിലെ ദൗത്യത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി സമൂഹമാധ്യമങ്ങള്‍ വഴി 15 പേരെ ഐഎസിലേക്ക് സുബഹാനി റിക്രൂട്ട് ചെയ്തതും കണ്ടെത്തിയിരുന്നു. ഫെയ്സ്ബുക്, ടെലഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയതായും എന്‍ഐഎ കണ്ടെത്തി. സുബഹാനി ശിവകാശിയില്‍നിന്നു സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാനും ആളു കൂടുന്ന സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ടു. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തി എന്‍ഐഎ എടുത്ത ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട് ഇതിന്.
Englsih Summary: NIA court verdict in Subahani case