ADVERTISEMENT

ന്യൂഡൽഹി∙ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്‌സനും തമ്മില്‍ വിര്‍ച്വല്‍ ഉച്ചകോടി നടന്നു. നിരന്തരമായ ഉന്നതതല കൈമാറ്റങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ഇന്ത്യാ - ഡെന്‍മാര്‍ക്ക് ഉഭയകക്ഷി ബന്ധം ചരിത്രപരവും പൊതുവായ ജനാധിപത്യ പാരമ്പര്യങ്ങളിലും അധിഷ്ഠിതമാണെന്നും പ്രാദേശിക, രാജ്യാന്തരതലങ്ങളിലെ സമാധാനവും സ്ഥിരതയും പങ്കുവയ്ക്കാനുള്ള താൽപര്യവും നേതാക്കൾ ചൂണ്ടിക്കാട്ടി.

ബൗദ്ധിക സ്വത്ത് സഹകരണ മേഖലയില്‍ ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. രാജ്യാന്തര സൗരോര്‍ജ് കൂട്ടായ്മയില്‍ (ഇന്റർനാഷനൽ സോളർ അലിയൻസ് – ഐഎസ്എ) ഡെന്‍മാര്‍ക്ക് ചേരുകയും ചെയ്തു.

വിർച്വൽ യോഗം ആരംഭിച്ചപ്പോൾത്തന്നെ ഫ്രെഡ്റിക്സനുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട മോദി അവരുടെ വിവാഹത്തിന് ആശംസകൾ നേരുകയും ചെയ്തു. കോവിഡ് പ്രതിസന്ധി മാറുമ്പോൾ ഫ്രെഡ്റിക്സനെയും കുടുംബത്തെയും ഇന്ത്യയിലേക്കു ക്ഷണിക്കാൻ അവസരം ഉണ്ടാകുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ചരക്ക്, സേവന വ്യാപാരം 2016ലെ 2.82 ബില്യണ്‍ യുഎസ് ഡോളറില്‍നിന്ന് 2019ല്‍ 3.68 ബില്യണ്‍ യുഎസ് ഡോളറായി 30.49% വര്‍ധിച്ചു. ഷിപ്പിങ്, പുനരുപയോഗ ഊർജം, പരിസ്ഥിതി, കൃഷി, ഭക്ഷ്യ സംസ്കരണം, സ്മാര്‍ട്ട് നഗരവികസനം എന്നീ മേഖലകളിലായി ഏകദേശം 200 ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി ഡാനിഷ് കമ്പനികള്‍ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്കു കീഴില്‍ പുതിയ ഉല്‍പ്പാദന ഫാക്ടറികളും നിര്‍മ്മിച്ചിട്ടുണ്ട്. ഐടി പുനരുപയോഗ ഊർജം, എഞ്ചിനീയറിങ് എന്നിവയില്‍ ഏകദേശം 25 ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ഡെന്‍മാര്‍ക്കിലുമുണ്ട്.

ഇരുരാജ്യങ്ങളും തമ്മിൽ കാലം തെളിയിച്ച സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധത്തെ വിശാലമായ ചട്ടക്കൂട്ടില്‍ സമഗ്രമായി അവലോകനം ചെയ്യുന്നതിന് വിര്‍ച്വല്‍ ഉച്ചകോടി അവസരം നല്‍കും. പരസ്പരം താല്‍പര്യമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഹകരണ പങ്കാളിത്തം ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട രാഷ്ട്രീയ ദിശാബോധവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

English Summary: Virtual Summit between India's Prime Minister Narendra Modi and Denmark's Prime Minister Mette Frederiksen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com