ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വ്യക്തിയെ വീട്ടുകാര്‍ക്ക് തിരികെ കിട്ടിയത് ദേഹമാസകലം പുഴുവരിച്ച നിലയില്‍. വീണു പരുക്കേറ്റ് ചികിത്സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു വന്ന അനില്‍കുമാറിന്റെ ദേഹത്ത് പുഴുക്കള്‍ നുരയ്ക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ മേലാസകലം മുറിവുകള്‍. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടി ആ മുറിവിലും പുഴുക്കള്‍.

ഓഗസ്റ്റ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്കേൽക്കുന്നത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് മാറ്റി. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. ഐസിയുവില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് 26ന് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം.

പിന്നീട് ഈ മാസം 6ന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കൂട്ടിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നൽകി. കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെപ്പറ്റി മക്കള്‍ അന്വേഷിച്ചപ്പോഴൊക്കെ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി. സെപ്റ്റംബർ 26ന് അനില്‍കുമാറിന് കോവിഡ് നെഗറ്റീവ്‌ ആയെന്നും തിരികെ കൊണ്ടുപോകാനും നിര്‍ദേശിച്ചു. വീട്ടിലെത്തിച്ചപ്പോള്‍ കണ്ടത് ഒരുമാസത്തെ ചികിത്സയില്‍ എല്ലും തോലുമായ ശരീരം.

കോവിഡ് വാര്‍ഡിലേയ്ക്ക് കയറ്റുമ്പോള്‍ വരെ ആരോഗ്യവനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയവും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. 

Content Highlight: Worms in covid patient body, complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com