ADVERTISEMENT

1994 സെപ്റ്റംബർ 27ലെ പാതിരാത്രി. ബാൾട്ടിക് കടലിൽ അസാധാരണമായുയർന്ന തിരമാലകളെ കീറിമുറിച്ചു മുന്നോട്ടു പോവുകയായിരുന്നു എംഎസ് ഇസ്തോണിയ എന്ന യാത്രാക്കപ്പൽ (ഫെറി). ഇസ്തോണിയയിലെ ടാലിനിൽനിന്ന് സ്വീഡനിലെ സ്റ്റോക്കോമിലേക്കുള്ള ആ യാത്ര പക്ഷേ പാതിവഴിയിൽ അവസാനിച്ചു. 989 യാത്രക്കാരുമായി കടലിന്റെ ആഴങ്ങളിലേക്ക് കപ്പൽ മറഞ്ഞു. അപായസന്ദേശം ലഭിച്ച് അർധരാത്രി രക്ഷാസംഘമെത്തിയെങ്കിലും രക്ഷിക്കാനായത് 137 പേരെ മാത്രം.

852 പേരുടെ ജീവനുമായി മറഞ്ഞ ആ കപ്പൽ ഇന്നും കടലിനടിയിലാണ്. കപ്പലിന് എന്താണു സംഭവിച്ചത്? തിരമാലകളിലും കൊടുങ്കാറ്റിലും പെട്ട് അതു മുങ്ങുകയായിരുന്നോ, അതോ ആരെങ്കിലും അപകടത്തിൽ പെടുത്തിയതോ? ബാൾട്ടിക്കിന്റെ ആഴങ്ങളിൽ ഇന്നും മറഞ്ഞിരിക്കുകയാണ് ആ രഹസ്യം. മാറിവന്ന പല അന്വേഷക സംഘങ്ങളെയും നിഗൂഢതയുടെ നീർച്ചുഴിയിലേക്കു നയിച്ച ആ അപകടത്തെപ്പറ്റി കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് മൂന്നു രാജ്യങ്ങൾ. യൂറോപ്പിലെ ഏറ്റവും വലിയ കടൽ ദുരന്തങ്ങളിലൊന്നിനു പിന്നിലെ യാഥാർഥ്യം കാൽ നൂറ്റാണ്ടിനിപ്പുറം ലോകത്തിനു മുന്നിലെത്തുമോ?

estonia-2
എംഎസ് ഇസ്‌തോണിയ. ചിത്രത്തിന് കടപ്പാട്: Postimees Arhiive–Scanpix

രാത്രിയിലെ സ്ഫോടനം?

സ്വീഡ‍ൻ, ഫിൻലൻഡ്, ഇസ്തോണിയ സർക്കാരുകളാണ് എംഎസ് ഇസ്തോണിയ ദുരന്തത്തിന്റെ നിർണായക വിവരങ്ങൾ കണ്ടെത്താൻ തീരുമാനിച്ചിരിക്കുന്നത്. ശക്തമായ തിരമാലയിൽപെട്ട് കപ്പലിന്റെ ബോ വൈസർ (ചില യാത്രാക്കപ്പലുകളിൽ ചരക്കുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേക്കു പ്രവേശിക്കുന്നതിനു തയാറാക്കുന്ന മുൻ വാതിൽ) തകരാറിലായതാണ് ഫെറി മുങ്ങാൻ കാരണമെന്നായിരുന്നു 1997 ലെ ഒരു റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിൽ വിശ്വാസമര്‍പ്പിക്കുകയാണെന്നു മൂന്ന് രാജ്യങ്ങളും അറിയിച്ചിരുന്നു.

എന്നാൽ ദുരന്തത്തിന്റെ 26–ാം വാർഷികത്തിന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഡോക്യുമെന്ററി കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു. കപ്പലിന്റെ ഒരു ഭാഗത്ത് നാല് മീറ്ററോളം വീതിയുള്ള ഒരു വിള്ളൽ ഉണ്ടായതായും ഡോക്യുമെന്ററികളിലെ ചിത്രങ്ങളിൽനിന്നു വ്യക്തം. കപ്പലിൽ സ്ഫോടനം സംഭവിച്ചിരിക്കാമെന്നും നിഗമനങ്ങളുണ്ടായിരുന്നു.

FINLAND-SHIP
ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ. Photo: MATTI BJORKMAN / LEHTIKUVA / AFP

കപ്പലിനു സംഭവിച്ച തകരാറായിരിക്കാം അപകടത്തിലേക്കു നയിച്ചതെന്നു നാവിക വിദഗ്ധരും ഡോക്യുമെന്ററിയിൽ വ്യക്തമാക്കി. എന്നാൽ കപ്പലിൽ ദ്വാരമുണ്ടായതു കാരണമാണ് അപകടമുണ്ടായതെന്ന തിയറിയെ മൂന്നു രാജ്യങ്ങളും തള്ളി. തുടർന്ന് സ്വീഡൻ, ഫിൻലൻഡ്, ഇസ്തോണിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഡോക്യുമെന്ററിയിലെ വിവരങ്ങള്‍ പരിശോധിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

കടലിലെ ‘ശ്മശാനം’

ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി മുങ്ങിയ കപ്പലിന്റെ ഭാഗം ഇപ്പോഴും കടലിന് അടിയിൽ സംരക്ഷിക്കുന്നുണ്ട്. ഇതിനായി 1995ല്‍ തന്നെ കരാറും ഉണ്ടാക്കി. ഇതിനോടുള്ള പൂർണ ബഹുമാനത്തോടെയായിരിക്കും പരിശോധനകളെന്നും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പിൽനിന്ന് 80 മീറ്റർ (265 അടി) താഴെ കടലിന്റെ അടിത്തട്ടിലാണ് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. അപകടത്തിൽ മരിച്ച 758 പേരുടെ മൃതദേഹങ്ങൾ കപ്പലിനോടൊപ്പം തന്നെ ‘സംസ്കരിക്കപ്പെട്ടതായാണ്’ കരുതുന്നത്.

estonia

കപ്പലിന്റെ ഭാഗത്തെ ഇപ്പോൾ ഒരു ‘ശ്മശാനം’ ആയാണ് സർ‍ക്കാർ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കടലിന്റെ അടിത്തട്ടിൽ ഇത് നിലനിൽക്കുന്ന സ്ഥലത്തിന് നിയമപ്രകാരം സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഇടപെടൽ നടത്തുന്ന സംഭവങ്ങളുണ്ടായാൽ നിയമ പ്രകാരം അതു ക്രിമിനൽ കുറ്റവുമാകും. അപകടം നടന്ന ഇടം രാജ്യാന്തര യാത്രാ മേഖലയിലാണുള്ളത്. അതുകൊണ്ടുതന്നെ പ്രദേശം വഴി ആരെങ്കിലും സഞ്ചരിച്ചാൽ തടയാന്‍ ഫിൻലൻഡ്, സ്വീഡൻ കോസ്റ്റ് ഗാർഡുകള്‍ക്കു സാധിക്കില്ല. ഫെറി അപകടത്തിന്റെ ഇപ്പോഴത്തെ ചർച്ചകള്‍ക്കു കാരണമായ ഡോക്യുമെന്ററി ഒരു വർഷം മുൻപാണു ചിത്രീകരിച്ചത്. കടലിന്റെ അടിത്തട്ടിലേക്ക് റോബട്ടിനെ അയച്ചാണ് സംഘം ഫെറിയുടെ അവശിഷ്ടങ്ങൾ ക്യാമറയിൽ പകർത്തിയത്.

എംഎസ് ഇസ്തോണിയ

ജർമൻ കപ്പൽനിർമണ കമ്പനിയായ മയ വെർട് ആണ് 1979-80ൽ ഈ യാത്രാക്കപ്പൽ നിർമിച്ചത്. 1994ൽ സ്വീഡൻ, അലാൻഡ് ദ്വീപുകൾ, ഫിന്‍ലൻഡ്, ഇസ്തോണിയ എന്നിവയ്ക്കിടയിലെ ബാൾട്ടിക് കടലിൽ കപ്പൽ മുങ്ങുകയായിരുന്നു. 20–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കടൽ അപകടമായാണ് ഇസ്തോണിയ ദുരന്തത്തെ കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ച രണ്ടാമത്തെ യൂറോപ്യൻ കപ്പൽ ദുരന്തവും ഇതാണ്. ഒന്നാമതുള്ളത് പേരുകേട്ട ടൈറ്റാനിക് കപ്പൽ ദുരന്തവും–1517 പേരാണ് ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചത്.

ms-estonia
എംഎസ് ഇസ്‌തോണിയയിലെ മുൻഭാഗത്തെ ബോ വൈസർ പ്രവർത്തനം.

എംഎസ് ഇസ്തോണിയ കപ്പലിന്റെ നിർമാണത്തിലെ പാളിച്ചകളാണ് ദുരന്തത്തിനു കാരണമായതെന്നായിരുന്നു സ്വീഡിഷ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. എന്നാൽ മികവുറ്റ ലക്ഷ്വറി യാത്രാക്കപ്പലുകൾ നിർമിക്കുന്ന മയ വെർട്ടിൽനിന്ന് അത്തരമൊരു പാളിച്ച സംഭവിക്കില്ലെന്ന വാദം നേരത്തേത്തന്നെ ഉയര്‍ന്നിരുന്നു. ഇന്നും കപ്പൽ നിർമാണ മേഖലയിലെ അതികായരാണ് ഇവർ.

1994 സെപ്റ്റംബർ 28– ദുരന്ത ദിനം

സെപ്റ്റംബർ 27ന് വൈകിട്ട് 6.30ന് ടാലിനിൽനിന്നു പുറപ്പെട്ട കപ്പൽ പിറ്റേ ദിവസം രാവിലെ 9.30നാണ് സ്റ്റോക്ഹോമിൽ എത്തേണ്ടിയിരുന്നത്. 803 യാത്രക്കാരും 186 ജീവനക്കാരുമുൾപ്പെടെ 989 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്വീഡൻ സ്വദേശികളായിരുന്നു. അപകടം നടക്കുന്ന സമയത്തു കാലാവസ്ഥ വളരെ മോശമായിരുന്നെന്നും സെക്കൻഡിൽ 15–20 മീറ്റർ വേഗത്തിൽ കാറ്റുവീശിയിരുന്നതായുമാണു ദുരന്തത്തിന്റെ അന്തിമ റിപ്പോര്‍ട്ടിൽ പറയുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഓണ്‍സീന്‍ കമാൻഡർ എസ മകേലയും കാലാവസ്ഥ വളരെ മോശമായിരുന്നെന്നാണു പ്രതികരിച്ചത്. കൊടുംതണുപ്പേറ്റായിരുന്നു മരണത്തിലേറെയും.

FILES-FINLAND-ESTONIA-SHIP-ACCIDENT
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഫിൻലൻഡ് സൈന്യം കണ്ടെത്തിയപ്പോൾ. Photo: MARKKU ULANDER / LEHTIKUVA / AFP

പുലർച്ചെ ഒരു മണിയോടെ കപ്പലിൽനിന്നു വൻ ശബ്ദം കേട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ഭീമൻ തിരമാലകൾ ബോ വൈസറുകളിൽ‌ ഇടിച്ചതാണ് ഇതിനു കാരണമെന്നാണു കരുതുന്നത്. തുർക്കു ദ്വീപുകളുടെ സമീപത്തായിരുന്നു ഈ സമയത്തു കപ്പൽ. എന്നാൽ പിന്നീടു പരിശോധിച്ചപ്പോൾ കപ്പലിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലത്രേ. പിന്നീടുള്ള പത്തു മിനിറ്റുകളിൽ യാത്രക്കാരും ജീവനക്കാരും ശബ്ദങ്ങൾ വീണ്ടും കേൾക്കാൻ തുടങ്ങി. പുലർച്ചെ 1.15 ഓടെ കപ്പലിന്റെ ബോ ഡോർ തുറന്നു. വെള്ളം കയറിയതോടെ ചെരിയാൻ തുടങ്ങി. പുലര്‍ച്ചെ 1.50ന് ഫെറി 90 ഡിഗ്രി ചെരിഞ്ഞിരുന്നെന്നാണു വിവരം.

1.50നാണ് മറ്റു കപ്പലുകളുടെ റഡാര്‍ സ്ക്രീനിൽനിന്ന് എംഎസ് ഇസ്തോണിയയെ കാണാതായത്. രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റു കപ്പലുകൾ 34 പേരെയും ഹെലികോപ്റ്ററുകൾ 104 പേരെയും രക്ഷിച്ചു. 852 പേരാണ് ആകെ മരിച്ചത്. ആകെ 94 മൃതദേഹങ്ങൾ കണ്ടെത്തി. 93 എണ്ണം അപകടം നടന്ന് 33 ദിവസത്തിനുള്ളിൽ കണ്ടെത്തിയപ്പോള്‍ ഒരാളുടെ മൃതദേഹം 18 മാസങ്ങൾക്കു ശേഷമാണു ലഭിച്ചത്.

മറ്റുള്ളവരുടെ മൃതദേഹം കപ്പലിനോടൊപ്പം കടലിന്റെ അടിത്തട്ടിലേക്കു മുങ്ങിത്താണു. പിന്നീടു വന്ന സ്വീഡിഷ് സര്‍ക്കാരുകളെല്ലാം കപ്പലിനോടൊപ്പം മൃതദേഹങ്ങളും കടലിൽ നിലനിർത്താൻ തീരുമാനിച്ചതാണ് തർക്കങ്ങളും ദുരൂഹതകൾക്കും തുടക്കമിട്ടത്. മരിച്ചവരുടെ ബന്ധുക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതൊരു ദുരന്ത സ്മാരകമായി നിലനിർത്താനായിരുന്നു തീരുമാനം.

റഷ്യൻ ഇടപെടൽ?

കപ്പലിൽ ആയുധങ്ങളുണ്ടായിരുന്നെന്നും അവ പൊട്ടിത്തെറിച്ചതാണെന്നുമാണ് ഇതു സംബന്ധിച്ച ഏറ്റവും ശക്തമായ വാദം. റഷ്യയിൽനിന്നു സ്വീഡനിലേക്കും അവിടെനിന്നു ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ആയുധങ്ങൾ കടത്തനായിരുന്നു പദ്ധതിയെന്നും പറയപ്പെടുന്നു. അപകടത്തിനു പിന്നാലെ കപ്പലിന്റെ ബോ വൈസര്‍ എടുത്തുമാറ്റിയതും ഈ സംശയം ബലപ്പെടുത്തി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും നിറച്ച വാഹനങ്ങൾ കപ്പലിൽ സൂക്ഷിച്ചിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റിപ്പോർട്ടുകളുണ്ടായി. കപ്പലിൽ തുടർച്ചയായി കേട്ട ശബ്ദം സ്ഫോടനങ്ങളുടേതാണെന്നും നിഗമനങ്ങൾ വന്നു. എന്നാൽ കൂറ്റൻ തിരമാലകൾ കപ്പലിൽ ആഞ്ഞടിച്ചതിന്റെ ശബ്ദമായിരുന്നെന്നായിരുന്നു അന്വേഷണ സമിതി കണ്ടെത്തൽ.

കപ്പലിന്റെ അവശിഷ്ടങ്ങളുടെ ലാബറട്ടറി പരിശോധനയില്‍ സ്ഫോടനം നടന്നതായി കണ്ടെത്തിയെന്ന വിവരം ജർമന്‍ മാധ്യമ പ്രവർത്തക ജുട്ടാ റിബെ ന്യൂ സ്റ്റേറ്റ്സ്മാൻ മാഗസിനിലൂടെ പുറത്തുവിട്ടിരുന്നു. സ്വീഡിഷ്, ബ്രിട്ടിഷ്, റഷ്യൻ സർക്കാരുകളുടെ അറിവോടെയാണു സംഭവങ്ങളെന്നും പൊതുജനങ്ങൾ ഉപയോഗിക്കുന്ന കപ്പൽ സൈനിക കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും അവർ വ്യക്തമാക്കി. റഷ്യതന്നെയാണ് ടോർപിഡോ ഉപയോഗിച്ച് കപ്പൽ തകർത്തതെന്നും വാദങ്ങളുണ്ട്. എന്നാൽ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ സംഘം ഇത്തരം വാദഗതികളെല്ലാം തള്ളിക്കളയുകയായിരുന്നു. കപ്പലിൽ കണ്ടെത്തിയ വിള്ളലിലൂടെ കാലങ്ങളായി മറഞ്ഞിരുന്ന രഹസ്യവും പുറത്തുവരുമോ? കാത്തിരിക്കുകയാണ് ലോകം.

English Summary: The Sinking of MS Estonia; One of the deadliest accidents in European waters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com