ADVERTISEMENT

തിരുവനന്തപുരം∙  നിയമ വിരുദ്ധമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ട വിജയ് പി നായര്‍ക്കെതിരെയും മറ്റു വ്യാജ മനശാസ്ത്ര ചികിത്സകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- മലബാര്‍ റീജിയന്‍ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.

സമൂഹ മാധ്യമങ്ങളിലും യൂടൂബിലും അടിസ്ഥാനരഹിതമായതും അശാസ്ത്രീയത നിറഞ്ഞതും സ്ത്രീ വിരുദ്ധപരമായതും ആയ പല വിഡിയോകളും വിജയ് പി നായര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേര് ഉപയോഗിച്ചു പങ്കു വച്ചതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി. വിജയ് നിയമപരമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അവാനുള്ള ഒരു യോഗ്യതയും ഉള്ള വ്യക്തി അല്ലെന്നും വ്യാജനാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പരാതിയില്‍ പറയുന്നു. 

2017ലെ മാനസികാരോഗ്യ നിയമപ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നത് മനഃശാസ്ത്രത്തില്‍ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം നേടിയ ശേഷം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മനോരോഗ ചികിത്സാ സൗകര്യമുള്ള സ്ഥാപനങ്ങില്‍ രണ്ടു വര്‍ഷത്തെ എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് പ്രോഗ്രാം കഴിഞ്ഞു റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യഎന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ മാത്രമാണ്.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക സര്‍ക്കുലറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാനും മനോരോഗമുള്ളവര്‍ക്കും ഭിന്നശേഷി ഉള്ളവര്‍ക്കുമുള്ള സൈക്കോതെറാപ്പി, മനഃശാസ്ത്ര കൗണ്‍സിലിംഗ്, മനഃശാസ്ത്ര പരിശോധനകള്‍ എന്നിവ നടത്താനും പ്രസ്തുത യോഗ്യത ഉള്ളവര്‍ക്കു മാത്രമേ കഴിയൂ. യോഗ്യത നേടാതെ ഇതു ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

എന്നാല്‍ കേരളത്തില്‍ പലരും ഈ യോഗ്യത ഇല്ലാതെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന ടൈറ്റില്‍ ഉപയോഗിക്കുന്നതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന യോഗ്യത ഉള്ളവര്‍ക്ക് മാത്രം നിഷ്‌കര്‍ഷിച്ചിട്ടുള്ള ജോലികള്‍ ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ മനശ്ശാസ്ത്ര ചികിത്സകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പല വ്യക്തികളും സ്വന്തമായി സെന്ററുകളും തുടങ്ങുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം തെറാപ്പി സെന്ററുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേരള സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട് ഇതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മിനിമം യോഗ്യത ഇല്ലാതെ ഇത്തരം ചികിത്സാ സെന്ററുകള്‍ തുടങ്ങുന്നത് നിയമവിരുദ്ധവുമാണ്. തെറാപ്പി സെന്ററുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശം നടപ്പിലാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇത്തരം ആളുകള്‍ പല ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയുന്നതായും സംഘടനക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

വിദൂര വിദ്യഭ്യാസം വഴി പോലും ലഭിക്കുന്ന ബിരുദാനന്തര ബിരുദമോ സര്‍ട്ടിഫിക്കറ്റു കോഴ്‌സുകളോ വ്യാജ ബിരുദങ്ങളോ പിഎച്ച്ഡിയോ ഉപയോഗിച്ചാണ് ഇവര്‍ മനശ്ശാസ്ത്ര ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കിട്ടിയ യോഗ്യതയാണ് വിജയ് പി നായര്‍ ഉപയോഗിച്ചിരുന്നത്. തെറ്റായതും അശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഇത് മാനസിക രോഗ ചികിത്സാ രംഗത്ത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ വ്യാജ ചികിത്സക്ക് വിധേയമാകാന്‍ ഇത് കാരണമാകുന്നു. ഇത്തരം വ്യാജ ചികിത്സക്ക് വിധേയമായി രോഗികള്‍ ശാസ്ത്രീയ ചികിത്സ വേണ്ട രീതിയില്‍ വേണ്ട സമയത്തു ലഭിക്കാതെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും അത്മഹത്യ വരെ ചെയ്യുന്ന സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകാറുണ്ട്. വ്യാജ ചികിത്സകരെ കണ്ട് മാനസിക രോഗം കൂടുതല്‍ വഷളായിട്ടായിരിക്കും യോഗ്യതയുള്ള ആളുകളിലേക്ക് രോഗികള്‍ പലപ്പോയും എത്തുന്നത്. ഇത്തരക്കാരുടെ യോഗ്യത പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com