ADVERTISEMENT

ന്യൂഡൽഹി∙ 27 വർഷം, 9 മാസം , നാലു ദിവസം. കാൽനൂറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്‌നൗ പ്രത്യേക കോടതിയുടെ വിധി. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. തുടർന്ന് ബാബറി മസ്ജിദ് കേസിലുണ്ടായ പ്രധാന സംഭവ വികാസങ്ങളിലൂടെ:

1992 ഡിസംബർ 6 : ബാബറി മസ്ജിദ് തകർക്കപ്പെടുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തു (ക്രൈം നമ്പർ 197: കർസേവകർ പള്ളി തകർത്തത്. ക്രൈം നമ്പർ 198: അഡ്വാനി,അശോക് സിംഗാൾ, ഉമാ ഭാരതി മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കൾ പള്ളിതകർക്കുന്നതിനു മുൻപ് വർഗീയ പ്രസംഗങ്ങൾ നടത്തി)

1992 ഡിസംബർ 16  രാമജന്മഭൂമി – ബാബറി മസ്ജിദ് തകർക്കൽ, സംഭവപരമ്പരകൾ, യുപി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്ക്, സുരക്ഷാവീഴ്ചകൾ തുടങ്ങിയവ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന മൻമോഹൻ സിങ് ലിബറാനെ നിയോഗിച്ചു.

1993 ഒക്ടോബർ: ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു. രണ്ട് പ്രഥമവിവര റിപ്പോർട്ടും കൈകാര്യംചെയ്ത് പൊതുവായ കുറ്റപത്രമാണ് സമർപിച്ചത്. പ്രമുഖരായ 8 പേരുൾപ്പടെ 49 പേർക്കെതിരായിരുന്നു കുറ്റപത്രം.

2001 ഫെബ്രവരി 16 : ബാബറി മസ്ജിദ് തകർത്ത നടപടി ക്രിമിനൽ കുറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി

2001 മേയ് 4 : ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിൽ എൽ.കെ. അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം 21 പേരെ പ്രത്യേക കോടതി ഒഴിവാക്കി. നടപടികളിലെ പിഴവ് തിരുത്താൻ സർക്കാരിന് കോടതി അവസരം നൽകി.

(കേസുമായി ബന്ധപ്പെട്ട് 197/1992 , 198/1992 എന്നിങ്ങനെ രണ്ടു പ്രഥമവിവര റിപ്പോർട്ടാണ് ഫയൽ ചെയ്തത്. ഒന്നാമത്തെതിൽ ആരെയും പേരെടുത്ത് പറഞ്ഞ് പ്രതി ചേർത്തിരുന്നില്ല. രണ്ടാമത്തേതിൽ പ്രമുഖ നേതാക്കളടക്കം പ്രതികളായിരുന്നു. യുപി സർക്കാർ 1993 സെപ്റ്റംബറിൽ ഹൈക്കോടതിയുമായി ആലോചിച്ച് ഒന്നാമത്തെ പ്രഥമവിവര റിപ്പോർട്ട് ലക്നൗ സ്പെഷൽ സിബിഎ കോടതിയിലേക്ക് മാറ്റി. രണ്ടാമത്തേത് മാറ്റിയില്ല. പിഴവ് പരിഹരിക്കാനെന്നവണ്ണം, എക്സിക്യട്ടീവ് ഉത്തരവിലൂടെ 1993 ഒക്ടോബറിൽ രണ്ടാമത്തേതും പ്രത്യേക കോടതിയിലേക്ക് മാറ്റി. എന്നാൽ രണ്ടാമത്തെ റിപ്പോർട്ടിൻമേലുള്ള നടപടികൾ തങ്ങളുമായി (ആരുമായി) ആലോചിച്ചില്ലെന്ന് വ്യക്തമാക്കിയാണ് അഡ്വാനിക്കും മറ്റുമുളളവർക്കെതിരായ നടപടി നിർത്തലാക്കിയത്. തെറ്റു തിരുത്താൻ കോടതി അവസരം നൽകിയെങ്കിലും അതിന് നിർദേശസ്വഭാവമുണ്ടായിരുന്നില്ല).

2002 നവംബർ 29 : അഡ്വാനിയും മറ്റും റായ്ബറേലിയിലെ പ്രത്യേക കോടതിയിൽ വിചാരണ നേരിടുമെന്ന് യു പി സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി, പിഴവ് തിരുത്തി വിജ്ഞാപനമിറക്കാനും അഡ്വാനിയെയും മറ്റും വിചാരണ ചെയ്യാനും ആവശ്യപ്പെട്ട് നൽകിയ ഹർജികളെ തുടർന്നാണിത്.

2003 സെപ്റ്റംബർ 19 : ബാബറി മസ്‌ജിദ് തകർത്ത കേസിൽനിന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയെ ഒഴിവാക്കിയ പ്രത്യേക കോടതി, കേന്ദ്ര മാനവശേഷി മന്ത്രി മുരളീമനോഹർ ജോഷിയടക്കം ഏഴുപേർക്കു കുറ്റപത്രം നൽകാൻ ഉത്തരവായി. 

2005 ജൂലൈ 28 : ബിജെപി അധ്യക്ഷൻ എൽ.കെ. അഡ്വാനി, നേതാക്കളായ മുരളീമനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ, വിഎച്ച്പി നേതാക്കളായ അശോക് സിംഗൾ, ഗിരിരാജ് കിഷോർ, വിഷ്‌ണുഹരി ഡാൽമിയ, സാധ്വി ഋതംബര എന്നീ എട്ടുപേർക്കെതിരെ സിബിഐപ്രത്യേക കോടതി കുറ്റംചുമത്തി. െഎപിസി 147 (കലാപമുണ്ടാക്കൽ), 149 (ആസൂത്രിത കുറ്റകൃത്യം), 153 എ-ബി (വർഗീയവിരോധം പ്രചരിപ്പിക്കൽ), 505 (ആരാധനാസ്‌ഥലത്തു പരസ്‌പര വിദ്വേഷമുണ്ടാക്കൽ) എന്നിവയനുസരിച്ചാണു കുറ്റം ചുമത്തിയിട്ടുള്ളത് 

2005 ഒാഗസ്റ്റ് 30 : വിചാരണ ആരംഭിച്ചു.

2009 ജൂൺ 30 : ബാബറി മസ്ജിദ് തകർത്തതിനുവാജ്പേയിയും അഡ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുള്ള ബിജെപി നേതാക്കൾ ഉത്തരവാദികളാണെന്നലിബറാൻ കമ്മിഷൻ റിപ്പോർട്ട് പ്രധാനമന്ത്രിക്കു സമർപ്പിച്ചു.

2010 മേയ് 20 : അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റങ്ങളിൽനിന്ന് വിമുക്തമാക്കിയ പ്രത്യേക കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചു.

2017 ഫെബ്രവരി 19 : ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി, ഉൾപ്പെടെ 15 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ  സുപ്രീം കോടതി ഉത്തരവ്. 25 വർഷം പഴക്കമുള്ള കേസിൽ ഒരു കാരണവശാലും വിചാരണ നീളരുതെന്നും തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയണമെന്നും അതുവരെ ജഡ്ജിയെ മാറ്റരുതെന്നും നിർദേശം

2017 ഏപ്രിൽ 6 :എൽ.കെ. അഡ്വാനി, മുരളീമനോഹ ജോഷി,ഉമാഭാരതി എന്നിവരടക്കം 13 ബിജെപി നേതാക്കൾക്കെതിരെബാബറി മസ്ജിദ് തകർക്കൽ കേസ് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയിൽ സിബിഐ ആവശ്യം.

2019 ഏപ്രിൽ 19 : ബാബറി മസ്ജിദ് കേസ് സുപ്രീം കോടതി പുനഃസ്ഥാപിക്കുന്നു. കേസുകൾ റായ്ബറേലി കോടതിയിൽനിന്ന് ലക്നൗവിലെ പ്രത്യേക കോടതിയിലേക്കു മാറ്റാനും ഉത്തരവ്. രണ്ടു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും ഉത്തരവ്.

2017 മേയ് 30 : എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ വിടുതൽ ഹർജി തള്ളിയ സിബിഐ പ്രത്യേക കോടതി ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. 

മേയ് 2019: കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം അനുവദിക്കണമെന്ന് ലക്നൗ പ്രത്യേക കോടതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് സുപ്രീം കോടതി വിചാരണ പൂർത്തിയാക്കാനായി 9 മാസം സമയം അനുവദിച്ചു. 

മേയ് 2020: ഈ വർഷം ഓഗസ്റ്റോടെ വിചാരണ പൂർത്തിയാക്കി വിധി പറയാൻ ലക്നൗ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 

ജൂലൈ 2020: എൽ.കെ. അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ പ്രസ്താവനകൾ കോടതിയിൽ രേഖപ്പെടുത്തി. 

2020  സെപ്റ്റംബർ 30 :  ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി അടക്കം എല്ലാ പ്രതികളേയും ലക്നൗ പ്രത്യേക കോടതി വെറുതേവിട്ടു 

English Summary: Babri Masjid case timeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com