ADVERTISEMENT

തിരുവനന്തപുരം∙ പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ നിലപാട് കടുപ്പിച്ച് സിബിഐ. ഇനിയും കേസ് ഡയറി കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സിബിഐ സിആർപിസി 91 പ്രകാരം നോട്ടിസ് നൽകി. ആറു തവണ കത്ത് നൽകിയിട്ടും കൈമാറാത്തതിനെ തുടർന്നാണ് അപൂർവ നടപടി. 

സിബിഐ ഉദ്യോഗസ്ഥര്‍ പലതവണ കത്ത് നല്‍കിയിട്ടും ഫയലുകള്‍ കൈമാറാന്‍‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. സര്‍ക്കാരിന്റെ എതിര്‍പ്പുകളെല്ലാം തള്ളി പെരിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ശരിവച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. ഇതിനകം അന്വേഷണ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നല്‍കി. 

പക്ഷെ ഉടന്‍ തരാമെന്ന മറുപടിയല്ലാതെ ഫയലുമാത്രം കിട്ടുന്നില്ല. കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറുന്ന കീഴ്‌വഴക്കമാണ് സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ പൊലീസ് തെറ്റിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത്  സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്നും കേസ് ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് അന്വേഷണം മുടക്കുകയായിരുന്നു

ഫയലുകള്‍ കിട്ടാതെ അന്വേഷണം നടത്താനാവുന്നില്ലെന്ന് സിബിഐ പറഞ്ഞതോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിച്ചതും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതും. സര്‍ക്കാരിന് ഏറെ തിരിച്ചടിയായ ആ കോടതി ഉത്തരവിനു ശേഷവും പൊലീസ് ഒളിച്ചുകളിക്കുകയാണ്. അനുമതി കിട്ടാത്തതിനാലാണ് രേഖകള്‍ കൈമാറാത്തതെന്നും ഫയൽ ഇല്ലെങ്കിലും സിബിഐക്ക് അന്വേഷണം തുടങ്ങാമെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ വിശദീകരണം നൽകിയിരുന്നത്.

English Sumamry: Periya twin murder: CBI issues notice to Crime Branch to get  investigation details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com