ADVERTISEMENT

കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ ഒരുക്കമാണെന്ന് പ്രധാന പ്രതികളിൽ ഒരാളായ സന്ദീപ് നായര്‍ എന്‍ഐഎ കോടതിയെ അറിയിച്ചു. സന്ദീപിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. എന്നാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ സന്ദീപ് നായരെ ബെംഗളൂരുവില്‍നിന്ന് സ്വപ്ന സുരേഷിനൊപ്പമാണ് എന്‍ഐഎ പിടികൂടുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ കെ.ടി.റമീസിനൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് സന്ദീപെന്നും നയതന്ത്ര ബാഗേജ് സന്ദീപിന്‍റെ വീട്ടിലെത്തിച്ചാണ് തുറന്നിരുന്നതെന്നും എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സിആര്‍പിസി 164–ാം വകുപ്പനുസരിച്ച് കോടതി മുന്‍പാകെ രഹസ്യമൊഴിയായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും വെളിപ്പെടുത്താന്‍ ഒരുക്കമാണെന്ന് സന്ദീപ് എന്‍ഐഎ കോടതിയെ അറിയിച്ചു. കോടതി വിഡിയോ കോണ്‍ഫറന്‍സ് വഴി സന്ദീപിന്‍റെ അപേക്ഷ പരിഗണിച്ചു. എന്‍ഐഎ അപേക്ഷയെ എതിര്‍ത്തില്ല.

വിവരങ്ങള്‍ െവളിപ്പെടുത്തിയാലും മാപ്പുസാക്ഷിയാക്കാമെന്നോ ശിക്ഷ ഇളവുണ്ടാകുമെന്നോ ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കി. അതിനു ശേഷവും താന്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന അറിയിച്ചതോടെ കോടതി ഇത് അംഗീകരിച്ചു. സന്ദീപിന്‍റെ രഹസ്യമൊഴിയെടുക്കാന്‍ സിജെഎം കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കും.

2014ല്‍ മറ്റൊരു സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി.റമീസിനൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് സന്ദീപ് നായര്‍. സ്വപ്നയും റമീസുമായും അടുത്ത ബന്ധമുള്ള സന്ദീപ് സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ വരെ നിയന്ത്രിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് ഉടമ സ്വപ്നയുടെ നിര്‍ദേശപ്രകാരം കമ്മിഷന്‍ നല്‍കിയത് സന്ദീപിന്‍റെ ഐസോമോങ്ക് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ്. സന്ദീപ് മാപ്പുസാക്ഷിയായാല്‍ കേസില്‍ എന്‍ഐഎയ്ക്ക് നേട്ടമാകും.

English Summary : Sandeep Nair says he will confess in Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com