ADVERTISEMENT

ന്യൂഡൽഹി∙ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പ്രത്യേക സിബിഐ കോടതിയുടെ വിധി സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്ക്കും എതിരാണെന്ന് കോൺഗ്രസ്. ഭരണഘടനയിലും മതസൗഹാർദത്തിലും സാഹോദര്യത്തിലും വിശ്വാസമുള്ള ഓരോ ഇന്ത്യക്കാരനും പ്രത്യേക കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതായും കോൺഗ്രസ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

‘ബാബറി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധവും നിയമവാഴ്ചയുടെ ലംഘനവുമാണെന്ന് നവംബർ 9ലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ പ്രതികളെയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഈ തീരുമാനം സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് വ്യക്തമാണ്. എന്തുവിലകൊടുത്തും അധികാരം പിടിച്ചെടുക്കുന്നതിനും രാജ്യത്തിന്റെ സാമുദായിക സൗഹൃദവും സാഹോദര്യവും നശിപ്പിക്കാൻ ബിജെപി-ആർ‌എസ്‌എസ് നേതാക്കൾ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയും രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്.’ – സുർജേവാല പറഞ്ഞു.

മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുൾപ്പെടെ ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി ബുധനാഴ്ച കുറ്റവിമുക്തരാക്കിയിരുന്നു. ഇവർക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. 28 വർഷം പഴക്കമുള്ള കേസിൽ സിബിഐ ജഡ്ജി എസ്.കെ.യാദവ് പത്രങ്ങളും വിഡിയോ കാസറ്റുകളും തെളിവായി സ്വീകരിച്ചില്ല.

English Summary: Special court verdict in Babri case runs counter to SC judgement, constitutional spirit: Cong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com