ADVERTISEMENT

കേരളത്തിന്റെ ഓർമയിൽ ചോരച്ചുവപ്പുകൊണ്ട് അടയാളപ്പെട്ടുകിടക്കുന്നുണ്ട് അറുപതുകളുടെ രണ്ടാംപകുതി. നക്സലിസത്തിന്റെ ആ ചുവന്ന വസന്തത്തെ ചെറുക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിലൊരാളാണ് കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട വള്ളിക്കോട് കുന്നത്തുശേരില്‍ വീട്ടില്‍ പി. ശ്രീനിവാസന്‍. 1968 ല്‍ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കി നടന്ന ആദ്യ സായുധ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയ അജിത, ഫിലിപ്പ് എം. പ്രസാദ്, രാമന്‍ നായര്‍ എന്നിവരടക്കം ഒന്‍പത് പേരെ അറസ്റ്റു ചെയ്താണ് അന്ന് സബ് ഇന്‍സ്‌പെക്ടറായ ശ്രീനിവാസന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. തന്റെ നക്‌സല്‍ പോരാട്ടങ്ങളെ ഓര്‍ത്തെടുത്ത് പി. ശ്രീനിവാസന്‍ പങ്കുവച്ച അനുഭവങ്ങൾ:

1966 ബാച്ചിലെ എസ്ഐ ആയിരുന്നു ശ്രീനിവാസൻ. 67 ല്‍ പരിശീലനം പൂര്‍ത്തിയാക്കി 68 ല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്റ്റേഷനിലായിരുന്നു ആദ്യനിയമനം. തിരക്കുകളും കേസുമൊക്കെ കുറഞ്ഞ സ്റ്റേഷനായതുകൊണ്ടു തന്നെ സമാധാനപരമായ അന്തരീക്ഷം. എന്നാല്‍ ആ സമാധാനത്തിനുമേല്‍ വീണ ഇടിമുഴക്കമായിരുന്നു തലശേരി സ്റ്റേഷനില്‍ നവംബര്‍ 22ന് പുലർച്ചെ മൂന്നുമണിയോടെ കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ നടന്ന നക്‌സലൈറ്റ് ആക്രമണം. ശ്രമം പരാജയപ്പെട്ടെങ്കിലും കേരളത്തിലെ പൊലീസ് സേനയില്‍ ഇത് ആശങ്കയുണ്ടാക്കി. ആ ആശങ്കകൾക്കു തീപിടിപ്പിച്ച് 24 നു വീണ്ടും വെടിയൊച്ചകള്‍ മുഴങ്ങി; പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിൽ. 

എ. വർഗീസ്, അജിത, തേറ്റമല കൃഷ്‌ണൻകുട്ടി, ഫിലിപ്പ് എം.പ്രസാദ്, കിസാൻ തൊമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ നക്‌സലൈറ്റുകള്‍ സ്റ്റേഷനിലെ വയര്‍ലെസ് സംവിധാനം തകര്‍ക്കുകയും ഓപ്പറേറ്റർ കൃഷ്ണന്‍ നായരെ കുത്തിക്കൊല്ലുകയും ചെയ്തു. എസ്‌ഐ ശങ്കുണ്ണി മേനോനും രണ്ടു കോൺസ്റ്റബിൾമാർക്കും അക്രമത്തില്‍ പരുക്കേറ്റു. തുടര്‍ന്ന് ചേകാടിയിലെ ചില ജന്‍മിമാരുടെ വീടുകൾ ആക്രമിച്ചു പത്തായങ്ങളും പണപ്പെട്ടികളും കുത്തിത്തുറന്നു കൊളളയടിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് ഈ സംഭവം വലിയ അപമാനമായി. കാക്കിയിട്ടവന്റെ മാറു പിളര്‍ത്തിയവന് കൈവിലങ്ങു സമ്മാനിക്കാന്‍ പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു.

Naxalite  Ajitha in Mananthavady police lockup - Photo - T Naray
നക്സലൈറ്റ് കെ. അജിത മാനന്തവാടി പൊലീസ് സ്റ്റേഷനിലെ സെല്ലിൽ. അജിതയെ കസ്റ്റഡിയിലെടുത്തുവെന്നറിഞ്ഞ് സ്റ്റേഷനിലെത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർ ടി. നാരായണനെ ഫോട്ടോ എടുക്കില്ലെന്ന ഉറപ്പിലാണ് പൊലീസുകാർ അജിതയെ കാണിക്കാൻ തയാറായത്. എന്നാൽ തന്ത്രപരമായി നാരായണൻ അജിതയുടെ ചിത്രം ക്യാമറയിൽ പകർത്തുകയായിരുന്നു.

എല്ലാ പൊലീസ് സ്റ്റേഷനുകളും കൂടുതല്‍ ജാഗ്രതയോടെ നിന്നു. ഏതു നിമിഷവും ശ്രീനിവാസനടക്കമുള്ള ഉദ്യോഗസ്ഥര്‍ അക്രമണം പ്രതീക്ഷിച്ചു നിന്നു. അക്രമികളെ കണ്ടെത്താനായി നാടായ നാടെല്ലാം ചുറ്റി. സംശയം തോന്നിയവരെയൊക്കെ ചോദ്യം ചെയ്തു. അക്രമികള്‍ തങ്ങള്‍ക്കു ചുറ്റും ഉണ്ടെന്ന തോന്നല്‍ പൊലീസുകാരെ ഓരോ നിമിഷവും അസ്വസ്ഥരാക്കി.

ഡിസംബറിന്റെ നേട്ടം: 1968 ഡിസംബര്‍ രണ്ട്

അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കിടയിലാണ്  അടയ്ക്കാത്തോട്ടിൽ നിന്നുള്ള ചില പ്രമാണിമാര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. സംശയാസ്പദമായി കണ്ടെത്തിയ ചിലരെ തങ്ങള്‍ പിടിച്ചുവച്ചിരിക്കുന്നു എന്ന് അവര്‍ പറഞ്ഞതോടെ ശ്രീനിവാസന്‍ മുഴുവന്‍ സേനയുമായി അടയ്ക്കാത്തോട്ടിലേക്കു നീങ്ങി. വാര്‍ത്താവിനിമയ സംവിധാനങ്ങളൊക്കെ ശുഷ്‌ക്കമായ കാലം. വിദഗ്‌ധോപദേശം തേടാനും വഴികളില്ല. ജീപ്പിനു വേഗം കൂട്ടാന്‍ ഡ്രൈവര്‍ക്ക് ശ്രീനിവാസന്‍ നിര്‍ദേശം നല്‍കി. 

അടയ്ക്കാത്തോട്ടിലെ കുടിയേറ്റക്കാര്‍ താമസിക്കുന്ന കോളനിയും കടന്ന് ജീപ്പ് പഴയൊരു കെട്ടിടത്തിനു മുന്നിലെത്തി. ചെറുപ്പക്കാരനായ എസ്‌ഐയേയും സംഘത്തേയും കണ്ടതോടെ ആളുകള്‍ വഴി മാറി. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഘം തന്നെയാകണേ ഇതെന്ന പ്രാർഥന ശ്രീനിവാസന്റെ മനസ്സിലുണ്ടായിരുന്നു. പടിക്കെട്ടുകള്‍ കടന്ന്, തകര്‍ന്നു വീഴാറായ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെത്തുമ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവിലായി ഒന്‍പതു പേര്‍. എല്ലാ മുഖങ്ങളിലും അവശത തളംകെട്ടി നിന്നു. പലരുടെയും കാലുകളിൽ അട്ട കടിച്ച് വ്രണമായി മാറിയിട്ടുണ്ട്. ചിലര്‍ ഏതു നിമിഷവും വീണുപോകുമെന്ന അവസ്ഥ. കാക്കി വേഷമാണ് പലരും അണിഞ്ഞിരിക്കുന്നത്. അജിതയുടെ ഫോട്ടോയടക്കം അക്കാലത്ത് പത്രങ്ങളില്‍ പ്രചരിച്ചതുകൊണ്ട് വേഗം ആളെ തിരിച്ചറിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും നിന്നില്ല. ഓരോരുത്തരെയായി വണ്ടിയിലേക്കു കയറ്റി. അവരില്‍ ചിലര്‍ക്കൊക്കെ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവശത ആ വാക്കുകളെ പുറത്തേക്കു വിടാത്തതുപോലെ.

ആളുകള്‍ പലഭാഗത്തു നിന്നും നക്‌സലൈറ്റുകളെ കാണാനായി അടയ്ക്കാത്തോട്ടിലേക്കു പാഞ്ഞെത്തി. സംസ്ഥാനത്തെ തന്നെ ആദ്യ നക്‌സല്‍ അറസ്റ്റ് എന്ന അഭിമാനത്തോടെ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം പേരാവൂരിലേക്കു തിരിച്ചു. അപ്പോഴും ജീപ്പിനു പിന്നിലൂടെ ആള്‍ക്കൂട്ടം ഓടിയടുക്കാന്‍ ശ്രമിച്ചു.

സ്റ്റേഷനിലെത്തിയതോടെ എല്ലാവരും കുടിവെളളം ആവശ്യപ്പെട്ടു. ഒരു മുഖത്തും ഭയത്തിന്റെ നിഴല്‍പോലുമില്ല. എന്തിനേയും നേരിടാന്‍ തയാറായുള്ള നില്‍പ്. ചോദ്യങ്ങള്‍ക്കൊക്കെ പതിനെട്ടുകാരി അജിത വെട്ടിത്തുറന്നു മറുപടി നല്‍കി. കീഴടങ്ങിയതല്ലെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടതാണെന്നും പറഞ്ഞു. അതുവരെ ചെയ്തതെല്ലാം വലിയ നേട്ടങ്ങളായാണ് അവർ കണ്ടിരുന്നത്. അടുത്ത ലക്ഷ്യം എന്തായിരുന്നെന്ന ചോദ്യത്തിനു മാത്രം ആരും മറുപടി പറഞ്ഞില്ല. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ ചോദ്യം ചെയ്യ്തിട്ടും ഇതിനു മാത്രം ഉത്തരമില്ല. അത്ര തലയെടുപ്പോടെ പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന പ്രതികളെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ പിന്നീടു കണ്ടിട്ടില്ലെന്നും കൂട്ടത്തിലെ ഏറ്റവും മെലിഞ്ഞ ചെറുപ്പക്കാരൻ ഫിലിപ്പ് എം. പ്രസാദിനോട് എന്തോ ഒരിഷ്ടം തോന്നിയെന്നും ശ്രീനിവാസന്‍ പറയുന്നു.

തുടര്‍ന്ന് അവരെ മാനന്തവാടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അജിതയെ അവിടെയെത്തിക്കുന്നുവെന്ന് അറിഞ്ഞതു മുതല്‍ ആള്‍ക്കൂട്ടം സ്റ്റേഷനിലേക്കൊഴുകി. സ്റ്റേഷനു ചുറ്റും പൊലീസിനെ വിന്യസിച്ചു. അജിതയേയും സംഘത്തേയും വിശദമായി ചോദ്യം ചെയ്തത് അവിടെ വച്ചായിരുന്നു. ഇതിനിടയില്‍ പുറത്ത് മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും ബഹളം കൂട്ടിയതോടെ അജിതയെ പുറത്തേക്കു കൊണ്ടു വന്നു. എല്ലാവരും കാണത്തക്ക വിധം മേശപ്പുറത്ത് കയറ്റി നിര്‍ത്തിയതോടെ ആളുകള്‍ ബഹളം കൂട്ടി. ഇതിനിടയില്‍ പകര്‍ത്തിയ അജിതയുടെ ചിത്രം ഏറെ കോളിളക്കമുണ്ടാക്കി. അര്‍ദ്ധനഗ്നയായി അജിതയെ ആള്‍ക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചുവെന്നതായിരുന്നു ആരോപണം.

ഓപ്പറേഷന്‍ ഫോറസ്റ്റ്: 1968 ഡിസംബര്‍ എട്ട്

പിടിയിലായ നക്‌സലൈറ്റുകള്‍ കഴിഞ്ഞിരുന്ന തിരുനെല്ലി കാട്ടിലേക്ക് ഒരു യാത്ര. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് സംഘം പിടിച്ചെടുത്ത തോക്കുകളടക്കം ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. ക്രൈംബ്രാഞ്ച് സിഐ ശിവരാമന്റെ നേതൃത്വത്തില്‍ എസ്ഐ ശ്രീനിവാസനടക്കം 32 അംഗ സംഘം കാട്ടിലേക്കു പുറപ്പെട്ടു. പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രദേശവാസികളായ ചില ആദിവാസികള്‍ എന്നിവര്‍ക്കൊപ്പം പ്രതികളായ രാമന്‍നായര്‍, ചെല്ലപ്പന്‍ എന്നിവരുമുണ്ട്. രാവിലെ യാത്ര തിരിച്ചു വൈകിട്ടോടെ തിരിച്ചെത്തുകയാണ് ലക്ഷ്യം. കഴിക്കാന്‍ അവലും വെള്ളവും കരുതി. പോയാല്‍ ഉടനെ വരാന്‍ പറ്റില്ലെന്ന് ചെല്ലപ്പന്‍ തീര്‍ത്തു പറഞ്ഞെങ്കിലും ആരം കാര്യമായി എടുത്തില്ല.

മുന്നിലായി നടക്കുന്ന രാമന്‍നായര്‍ മരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അടയാളം നോക്കിയാണ് വഴി പറഞ്ഞുകൊടുത്തത്. കാടിന്റെ കൗതുകം അവസാനിച്ചതോടെ പലര്‍ക്കും ക്ഷീണമായി. യാത്ര അവസാനിക്കുന്ന ലക്ഷണമില്ല. ഇവര്‍ നമ്മളെ വഴി തെറ്റിക്കുന്നുവോ എന്നായി സിഐ ശിവരാമന്റെ സംശയം. ഇനിയും ദൂരം ഏറെയുണ്ടെന്ന് രാമന്‍നായര്‍ പറഞ്ഞതോടെ പൊലീസുകാരില്‍ പലരും അസ്വസ്ഥരായി. ഇടയ്ക്കു വിശ്രമിക്കാനിരുന്നതോടെ പലരും വയറു നിറയെ അവലും വെള്ളവും കുടിച്ചു. പിന്നെയും യാത്ര തുടര്‍ന്നതോടെ ചിലരുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇനിയുള്ള യാത്ര ഏറെ അപകടകരമാണെന്ന് ആദിവാസി മൂപ്പനും പറഞ്ഞതോടെ എല്ലാവരും ഭയന്നു.

K-Ajitha
അറസ്റ്റിലായ അജിതയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ.

നേരം സന്ധ്യയോടടുത്തു. ഇനി തെളിവുകള്‍ കണ്ടെടുത്ത് മടങ്ങുമ്പോള്‍ രാത്രിയാകും. ചിലപ്പോള്‍ അടുത്ത ദിവസം തന്നെയാകും. ഭക്ഷണം കരുതിയിട്ടുമില്ല. തന്റെ ആശങ്കകള്‍ ശ്രീനിവാസന്‍ സിഐ ശിവരാമനോടു പങ്കുവച്ചു. ഇനി മടങ്ങിപ്പോകാനും കഴിയില്ല. വരുന്നപോലെ വരട്ടെ എന്ന ഭാവത്തോടെ എല്ലാവരും നടന്നു. സന്ധ്യയോടടുത്തപ്പോള്‍ കന്യാമല എന്നൊരു മലഞ്ചെരുവിലെത്തി. അവിടെനിന്നു നോക്കിയാല്‍ അങ്ങു ദൂരെ തലശേരി കടപ്പുറവും ലൈറ്റ് ഹൗസും കാണാം. അത്രത്തോളം ഉയരത്തിലാണ് തങ്ങളെത്തിയതെന്ന് എല്ലാവരും മനസ്സിലാക്കി. ഇന്നിവിടെ തങ്ങുന്നതാണു ബുദ്ധിയെന്ന് ചെല്ലപ്പന്‍ തന്നെ പറഞ്ഞു. പൊലീസുകാരില്‍ പലരും അപ്പോഴേക്കും അവശരായി അങ്ങിങ്ങായി ഇരുന്നു കഴിഞ്ഞിരുന്നു. ‘എനിക്ക് ദേഷ്യവും നിരാശയുമൊക്കെ തോന്നി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഈ വഴി തന്നെയാണോ പോകണ്ടതെന്ന് വീണ്ടും വീണ്ടും ചെല്ലപ്പനോടും രാമന്‍നായരോടും മാറി മാറി ചോദിച്ചു. ഇതു തന്നെയാണെന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞു.’ – ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ആ രാത്രി ശ്രീനിവാസന്‍ വീണ്ടും ഓര്‍ത്തെടുത്തു.

ഈ കാട്ടില്‍ ചത്തു വീഴും മുന്‍പേ എന്തെങ്കിലും തീരുമാനമെടുക്കണമെന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു. മടങ്ങിപ്പോകണമെന്നാണ് പലരുടെയും അഭിപ്രായം. സംഘത്തിലെ നാലുപേരെ തിരുനെല്ലിയിലേക്ക്് അയച്ച് ഭക്ഷണവുമായി അവര്‍ തിരികെ വരട്ടെ എന്ന് ശ്രീനിവാസന്‍ തീരുമാനമെടുത്തതോടെ എല്ലാവരും സമ്മതിച്ചു.

അന്നാ സംഘത്തില്‍ മലയാള മനോരമയിലെ മാധ്യമ പ്രവര്‍ത്തകനായ വി.കെ.ബി നായരും ഫൊട്ടോഗ്രഫര്‍ ടി. നാരായണനും ഉണ്ടായിരുന്നു. നാരായണന്‍ ചുറ്റും കണ്ട കാഴ്ചകള്‍ പകര്‍ത്തുന്ന തിരിക്കിലായിരുന്നു അപ്പോഴും. തന്റെ ആശങ്കകള്‍ പങ്കുവച്ചത് വി.കെ.ബി. നായരോടു മാത്രമാണ്. ഇവിടെ തങ്ങുന്നതിലെ സുരക്ഷിതത്വമില്ലായ്മയും കാട്ടില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന തോന്നലും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കല്ലേ എന്ന പ്രാർഥനയോടെ, ബാക്കിയുണ്ടായിരുന്ന വെള്ളം കുടിച്ച് ഉറങ്ങാന്‍ കിടന്നു. ആദിവാസി മൂപ്പന്‍ തീകൂട്ടി ചുറ്റും നടന്ന് സുരക്ഷിതത്വം ഉറപ്പു വരുത്തി. പാറപ്പുറത്തും മരച്ചുവട്ടിലും മരത്തിന്റെ മുകളിലുമൊക്കെയാണ് എല്ലാവരും കിടന്നത്. 

പെെട്ടന്ന് വലിയൊരു ശബ്ദം, അതോടെ നാലുപാടും പായുന്ന പൊലീസുകാര്‍. ശ്രീനിവാസന്‍ ഞെട്ടി ഉണര്‍ന്ന് തോക്കെടുത്തു. എന്താണു സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. സാറേ എന്ന് ഉറക്കെ കരയുന്ന ചിലരുടെ ശബ്ദം കേള്‍ക്കാം. അപകടം മണത്തതോടെ അടുത്തു കിടന്ന വി.കെ.ബി. നായരേയും ടി. നാരായണനേയും ചേര്‍ത്തു പിടിച്ച് അടുത്തുണ്ടായിരുന്ന ഈറ്റക്കാട്ടിലേക്കു ചാടി. ഇലകള്‍ വകഞ്ഞു മാറ്റി എന്താണ് സംഭവിക്കുന്നതെന്നു നോക്കി. ചുറ്റും നിരീക്ഷിച്ചു കൊണ്ട് സി.ഐ. ശിവരാമന്‍ തിരക്കി വരുന്നു. ഉറക്കത്തിനിടെ ആരോ മരത്തില്‍ നിന്നു വീണതാണെന്ന് അദ്ദേഹം പറഞ്ഞതോടെ ആശ്വാസമായി. ഈറ്റക്കാട്ടില്‍നിന്ന് തിരികെ കയറുമ്പോള്‍ പെരുവിരലില്‍ നിന്ന് രക്തം ഇറ്റു വീഴുന്നുണ്ടായിരുന്നു. കമ്പുകള്‍ക്കിടയില്‍ വിരലുകള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ പതിഞ്ഞൊരു മുറിവ്. ആദിവാസി മൂപ്പന്‍ മരുന്നു വച്ചു കെട്ടിയതോടെ ആഴത്തിലുള്ള മുറിവ് ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങിയെന്നും അതിന്റെ ഇന്നും ശേഷിക്കുന്ന അടയാളമാണ് ആ യാത്രയുടെ ഓര്‍മയെന്നും ശ്രീനിവാസന്‍ പറയുന്നു.

വെളിച്ചം വീണതോടെ നാലു പൊലീസുകാര്‍ തിരുനെല്ലിയിലേക്കും ബാക്കിയുള്ളവര്‍ ലക്ഷ്യ സ്ഥാനത്തേക്കും യാത്ര തിരിച്ചു. തളര്‍ന്നതോടെ പലര്‍ക്കും നടപ്പിനു വേഗം കുറഞ്ഞു. ഉള്‍ക്കാട്ടിലേക്കെത്തുന്നതോടെ കാടിന്റെ സൗന്ദര്യം കൂടി വന്നു. തളര്‍ച്ചകൊണ്ട് ആര്‍ക്കും അതൊന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. പട്ടിണികൊണ്ട് പലര്‍ക്കും തല ചുറ്റി. വൈകിട്ടോടെ ഒരു അരുവിക്കരയിലെത്തി. വയറു നിറയെ വെള്ളം കുടിച്ചു എല്ലാവരും. സമീപത്തുണ്ടായിരുന്ന ഒരു മരത്തിന്റെ പൊത്തില്‍നിന്ന് തോക്കുകളും മറ്റൊരു ഭാഗത്തായി കുടത്തില്‍ കുഴിച്ചിട്ടിരുന്ന തിരകളും കണ്ടെടുത്തു. അന്നുരാത്രി അവിടെത്തന്നെ കിടന്നുറങ്ങി. അടുത്ത ദിവസം അതിരാവിലെ യാത്ര തിരിച്ചു. വഴിയരികില്‍ ഞങ്ങളെ കാത്ത് തിരുനെല്ലിയില്‍ നിന്നെത്തിയ പൊലീസ് സംഘം നില്‍ക്കുന്നുണ്ടായിരുന്നു. വയറു നിറയെ ഭക്ഷണം കഴിച്ചു. മനസ്സും വയറും നിറഞ്ഞ് അന്നാണ് ജീവിതത്തിലാദ്യമായി ഭക്ഷണം കഴിച്ചതെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു. എങ്ങനെയാണ് ഈ കൊടുങ്കാട്ടില്‍ ഇങ്ങനെയൊരിടം അവര്‍ കണ്ടെത്തിയതെന്ന അതിശയമായിരുന്നു പലര്‍ക്കും.

ഐപിഎസ് നേടി മടക്കം

നക്‌സലൈറ്റുകള്‍ക്കെതിരായ ശ്രീനിവാസന്റെ പോരാട്ടങ്ങള്‍ മേലധികാരികൾ ശ്രദ്ധിച്ചിരുന്നു. ചെറുപ്പത്തിന്റെ ആവേശത്തോടൊപ്പം സസൂക്ഷ്മായ നീക്കങ്ങളും. അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ക്ക് നിയോഗിച്ചു. ആദ്യ നക്‌സലൈറ്റ് അറസ്റ്റിലൂടെ സര്‍വീസില്‍ പേരെടുത്ത ശ്രീനിവാസന്റെ നകസലൈറ്റ് പോരാട്ടങ്ങള്‍ അവിടെയും അവസാനിച്ചില്ല. നക്‌സലൈറ്റ് പോരാളി വര്‍ഗീസിനായി പൊലീസ് നിയോഗിച്ച മൂന്നു സംഘങ്ങളില്‍ ഒന്നിനെ നയിച്ചിരുന്നത് ശ്രീനിവാസനായിരുന്നു. സി. കെ. മുഹമ്മദ്, എ. കെ. ആചാരി എന്നിവരായിരുന്നു മറ്റ് രണ്ട് സംഘങ്ങളെ നയിച്ചത്.

ഇതിനിടെ നക്‌സലൈറ്റുകള്‍ക്കെതിരെ പോരാടുന്ന എസ്.ഐ ശ്രീനിവാസനെ കൊന്നുകളയുമെന്ന ഭീഷണിയുമായി തുടര്‍ച്ചയായി ചില കത്തുകള്‍ സ്റ്റേഷനിലേക്കെത്തി. അതോടെ പൊലീസ് പൂര്‍ണ സുരക്ഷ അദ്ദേഹത്തിനൊരുക്കി. വഴുതാനപ്പള്ളി പാപ്പച്ചന്റെയും കെ. സി.നന്ദന്റെയും നേതൃത്വത്തിലുള്ള നക്‌സല്‍ ഗ്രൂപ്പുകളെ അറസ്റ്റ് ചെയ്തതും ശ്രീനിവാസനാണ്.

കൂത്തുപറമ്പില്‍ സിഐ ആയിരുന്ന കാലത്ത് തലശേരിയിലും പരിസര പ്രദേശത്തും നടന്ന കലാപങ്ങള്‍, പുനലൂര്‍ ഡിവൈഎസ്പി ആയിരുന്ന കാലത്തു നടന്ന പെരുമണ്‍ ദുരന്തം, പള്ളിക്കത്തോട്, ശക്തികുളങ്ങര വെടിവയ്പ്പ് സംഭവങ്ങളുടെ അന്വേഷണം തുടങ്ങി നിരവധി കേസുകളിലൂടെയും സംഭവങ്ങളിലൂടെയും കടന്നു പോയതാണ് ശ്രീനിവാസന്റെ ജീവിതം. 1997 ല്‍ ഐ.പി.എസ് നേടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് സര്‍വീസിൽനിന്നു പിരിഞ്ഞത്. സുധയാണ് ഭാര്യ. സരിത സുധീര്‍, കവിത അനില്‍, സുമി സനല്‍ എന്നിവരാണ് മക്കള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com