ADVERTISEMENT

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തെ ആർജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. തേജസ്വിയാണു പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. ആകെയുള്ള 243 സീറ്റിൽ 144 എണ്ണത്തിൽ ആർജെഡിയാണു മത്സരിക്കുക. ബാക്കി സീറ്റുകൾ സഖ്യത്തിലെ മറ്റുപാർട്ടികൾക്കാണ്. 

കോൺഗ്രസ് 70, ഇടതു പാർട്ടികൾ 29 എന്നിങ്ങനെയാണു നിലവിലെ സീറ്റുധാരണ. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ആർജെഡിയുടെ പക്കലുള്ള ഏതാനും സീറ്റുകൾ നൽകും. സഖ്യത്തിലെ ചെറിയ പാർട്ടികളിലൊന്നായ വിഐപി പാർട്ടി തങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ് മുന്നണി വിട്ടു. ജനങ്ങളും ഇരട്ട എൻജിൻ സർക്കാരും തമ്മിലുള്ള പോരാട്ടമാണിതെന്നു തേജസ്വി പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ആരംഭിച്ചതിനു പിന്നാലെയാണു സീറ്റുവിഭജന പ്രഖ്യാപനം. 71 മണ്ഡലങ്ങളിലാണ് 28ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.

ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിയും മുന്നണി വിട്ടതോടെയാണു മഹാസഖ്യത്തിൽ സീറ്റുവിഭജനം സുഗമമായത്. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലായി മൂന്നൂ ഘട്ടമായാണു വോട്ടെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും. തുടർഭരണം പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാണു ജെഡിയു–ബിജെപി സഖ്യത്തിന്റെ മുഖ്യപ്രചാരകൻ. ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ മാറ്റിനിർത്തിയാണ് മകൻ തേജസ്വി പോരാട്ടം നയിക്കുന്നത്.

എൻഡിഎയിൽ അനിശ്ചിതത്വം

മഹാസഖ്യത്തിൽ ഏകദേശ സീറ്റുധാരണയായപ്പോൾ എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. ലോക് ജനശക്തി പാർട്ടി (എൽജെപി) എൻഡിഎയിൽ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സീറ്റുവിഭജനം നീണ്ടുപോകുകയാണ്. ജനതാദളുമായി (യു) വാക്പോരു തുടരുന്ന ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാനെ അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടില്ല.

എൽജെപിക്ക് 25 സീറ്റു വരെയാണ് ജെഡിയു–ബിജെപി നേതൃത്വം വകയിരുത്തുന്നത്. കുറഞ്ഞത് 32 സീറ്റെങ്കിലും വേണമെന്നാണ് എൽജെപി നിലപാട്. ധാരണയായില്ലെങ്കിൽ 143 സീറ്റിൽ തനിച്ചു മത്സരിക്കുമെന്നാണ് എൽജെപി ഭീഷണി. ബിജെപിയോടു വിരോധമില്ലെന്നും ജെഡിയുവിനെതിരെയാകും മത്സരമെന്നും എൽജെപി വ്യക്തമാക്കി.

English Summary: Tejashwi Yadav To Lead Opposition In Bihar, Gets 144 Seats, Congress 70

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com