ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ അനധികൃത ഇടപെടലുകൾക്കെതിരെ ജീവനക്കാർക്കിടയിൽ അമർഷം. ആരോഗ്യ സെക്രട്ടറിയെയും ഡിഎച്ച്എസിനെയും മറികടന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായാണ് ജീവനക്കാരിൽ ഒരുവിഭാഗം ആരോപിക്കുന്നത്. ഇടപെടലുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും ജീവനക്കാർക്കു പരാതിയുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറായ ഡോക്ടറെയും നഴ്സുമാരെയും സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മറ്റുള്ള മെഡിക്കൽ കോളജുകളിലെ നോഡൽ ഓഫിസർമാരും സ്ഥാനം ഒഴിയുകയാണ്. ഈ വിഷയത്തിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത് ശ്രീറാമിന്റെ നേതൃത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണെന്ന് ആരോപണമുണ്ട്. സർക്കാർ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതിനും നിയമിച്ച നഴ്സുമാർ രോഗിയെ പരിചരിക്കാത്തതിനും നോഡൽ ഓഫിസർ അടക്കമുള്ള ഡോക്ടർമാർ എന്തു തെറ്റു ചെയ്തെന്നാണു ഡോക്ടർമാർ ചോദിക്കുന്നത്.

ജനുവരി മുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോൾ പലയിടത്തും ജീവനക്കാർ ആവശ്യത്തിനില്ലെന്ന പരാതിപോലും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അവർ പറയുന്നു. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാമിന്. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിക്കുന്നതായും ഫയലുകളിൽ തീരുമാനമെടുക്കാന്‍ വൈകുന്നതായും ആക്ഷേപമുണ്ട്.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിനെത്തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെടുത്ത് ഡെപ്യൂട്ടി സെക്രട്ടറിയായി ആരോഗ്യവകുപ്പിൽ നിയമിച്ചു. ആദ്യം കോവിഡ് വാർറൂമിലാണ് നിയമനം നൽകിയത്. പിന്നീടാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതല നൽകിയത്. കെ.എം. ബഷീർ കേസിൽ മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ 12ന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.

English Summary: Health Department staff against Sriram Venkitaraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com