ADVERTISEMENT

പട്ന∙ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാർട്ടി (എല്‍ജെപി). എൻഡിഎയിലെ പ്രധാനകക്ഷിയായ ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബിജെപിക്കെതിരെ മത്സരിക്കില്ല. കേന്ദ്രമന്ത്രിസഭയില്‍ തുടരും. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്‍ജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ ബിജെപിക്ക് അനുകൂലമായി പ്രമേയം പാസാക്കി. എൻഡിഎയിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബിഹാറില്‍ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായിരുന്നു. ജീതന്‍‌റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കുള്ള സീറ്റുകള്‍ ജെഡിയുവും എല്‍ജെപിക്കുള്ള സീറ്റുകള്‍ ബിജെപിയും നല്‍കാനായിരുന്നു ധാരണ.

എന്നാൽ ഇടഞ്ഞ് നില്‍ക്കുന്ന എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങൾ പാളി. 2015ല്‍ എല്‍ജെപി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം. ജെഡിയു ചില സീറ്റുകള്‍ വിട്ട് നല്‍കിയാല്‍ എല്‍ജെപിയെ അനുനയിപ്പിക്കാമെന്നായിരുന്നു ബിെജപിയുടെ കണക്കുകൂട്ടല്‍. 120ല്‍ താഴെ സീറ്റുകളില്‍ മത്സരിക്കില്ലെന്ന കടുംപിടുത്തം ജെഡിയു തുടര്‍ന്നതോടെ എല്‍ജെപിയെ അനുനയിപ്പിക്കേണ്ട ബാധ്യത ബിജെപിയുടേതായി മാറി.

25 മുതല്‍ 30 വരെ സീറ്റുകള്‍ നല്‍കി എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമം വിഫലമായി. ജെഡിയു മത്സരിക്കുന്ന സീറ്റുകളിലായിരിക്കും എൽജെപി സ്ഥാനാർഥികളെ നിര്‍ത്തുക. ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള ജെഡിയുവിന്‍റെ സാധ്യത എല്‍ജെപിയെ ഉപയോഗിച്ച് ഇല്ലാതാക്കുകയും അതുവഴി മുഖ്യമന്ത്രി സ്ഥാനം നേടുകയും ചെയ്യാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്.

English Summary: LJP won't contest under Nitish Kumar's leadership in Bihar, say party sources; wants alliance with BJP only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com