ADVERTISEMENT

കൊച്ചിയിൽ പരിശീലനപ്പറക്കലിനിടെ നാവികസേനയുടെ പവർഹാങ് ഗ്ലൈഡർ തകർന്നു വീണ് രണ്ടു നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. പരിശീലനപ്പറക്കലിനിടെ അപകടത്തിൽ സൈനികർക്കും ഫ്ലൈയിങ് ക്ലബ് അംഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ കേരളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്.

ഇത്തരത്തിലെ ആദ്യസംഭവം 71 വർഷം മുന്‍പ്, 1949 നവംബർ 14 ന് കൊല്ലം നഗരത്തിനു സമീപം മദ്രാസ് ഫ്‌ളൈയിങ് ക്ലബിന്റെ പരീശീലന വിമാനം തകർന്നു വീണതാണ്. കൊല്ലം സ്വദേശി പാലക്കുന്നക്കത്ത് സണ്ണി മാത്യു എന്ന 22 കാരനാണ് അന്ന് അപകടത്തിൽപ്പെട്ടത്. പരീശീലനപ്പറക്കലിനിടെ അമ്മാവന്റെ വീടിനു മുകളിലെത്തിയപ്പോൾ അതിസാഹസികമായി താഴ്ത്തിയ വിമാനം മരത്തിലിടിക്കുകയായിരുന്നു. സണ്ണി മാത്യു തൽക്ഷണം മരിച്ചു.

∙ പരിശീലന പറക്കലിലെ വലിയ ദുരന്തം മൂന്നാറിൽ

62 വർഷം മുന്‍പ് 1958 ഫെബ്രുവരി 5 ന് നാവികസേനാ ഉദ്യോഗസ്‌ഥരുമായി പരിശീലന യാത്ര നടത്തിയ ഇന്ത്യൻ വ്യോമസേനാ വിമാനം മൂന്നാറിനടുത്ത് തകർന്നു വീണു വൻദുരന്തമാണുണ്ടായത്. പത്തു വൈമാനികർ മരണത്തിനു കീഴടങ്ങി. കോയമ്പത്തൂരിലെ സൂലൂർ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. കരിപ്പൂർ ദുരന്തത്തിനു മുന്‍പ് ആളപായത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ആകാശദുരന്തമായിരുന്നു മൂന്നാറിലേത്. അറബിക്കടലിലെ നാവിക പരിശീലനത്തിനു പുറപ്പെട്ട സംഘത്തിന്റെ വിമാനം മഴയും മൂടൽമഞ്ഞും മൂലം പർവതനിരകളിൽ ഇടിച്ചു തകരുകയായിരുന്നു. മരണമടഞ്ഞ പത്തുപേരിൽ മലയാളിയായ ചിറ്റൂർ സ്വദേശി വാറന്റ് ഓഫിസർ ബാലസുബ്രഹ്മണ്യനും ഉൾപ്പെട്ടിരുന്നു.

ഫ്ലൈറ്റ് ലഫ്. ഡി.കൊച്ചാർ, ഫ്ലൈയിങ് ഓഫിസർമാരായ എസ്.ഡി.യാദവ്, എൻ.കെ.ഘോഷ്, എൻ.കെ.തംഹൻകർ, ലഫ്.എൻ.വി.രാമചന്ദ്രൻ, ഫ്ലൈറ്റ് സാർജന്റുമാരായ എസ്.ഗോവിന്ദ സ്വാമി, കെ.നടരാജൻ, എൻ.എൻ.ശർമ, എസ്.എസ്.സച്ചാർ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഉദ്യോഗസ്ഥർ. അന്നും രക്ഷാപ്രവർത്തനങ്ങൾ ഏറെ ക്ലേശകരമായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ നാവികസേനാ സംഘവും ജില്ലാ ഭരണകൂടവും നാട്ടുകാരും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകരെത്തിയത്. ചിന്നിച്ചിതറിക്കിടന്ന വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് സൈനികരുടെ മൃതശരീരങ്ങൾ കണ്ടെത്തിയത്.

∙ കക്കി വിമാനാപകടം

കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിലെ വ്യോമകേന്ദ്രമായ ഐഎൻഎസ് ഗരുഡിൽനിന്നു പരിശീലനപ്പറക്കലിനു പുറപ്പെട്ട വിമാനം 1985 മേയ് 14ന് കക്കി വനപ്രദേശത്ത് തകർന്നു വീണു. നീണ്ട പതിനേഴു ദിവസത്തെ തിരച്ചിലിനു ശേഷമാണ് വിമാനം കണ്ടെത്താൻ കഴിഞ്ഞത്. വൈകിട്ട് 6.32 ന് കൊച്ചിയിൽനിന്നു പറന്നുയർന്ന് നാൽപതു മിനിറ്റിനു ശേഷം വിമാനത്തിന് കൺട്രോൾ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ലഫ്. പി.ബി.ജോസ്, ലഫ്. സൈമൺ ജോൺ പൈനുംമൂട്ടിൽ എന്നിവരായിരുന്നു ബ്രിട്ടിഷ് നിർമിത ഇരട്ട എൻജിനുള്ള ഐലൻഡർ വിമാനത്തിലെ വൈമാനികർ.

ഇവർ അവസാനമായി നൽകിയ സന്ദേശത്തിൽനിന്ന് വിമാനം കുമളി, തേക്കടി പ്രദേശത്തിന്റെ പരിസരത്തുകൂടിയാണ് കടന്നു പോയതെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനപ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനു ശേഷമാണ് കക്കി ഡാമിനു സമീപം വടശേരിക്കര റേഞ്ചിലെ മൈലക്കല്ല് മലയുടെ അടിവാരത്തിൽ തകർന്നു ഛിന്നഭിന്നമായ വിമാനവും വൈമാനികരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. വൈമാനികർ അപകടം നടന്നയുടൻതന്നെ മരിച്ചതായി പരിശോധനയിൽ കണ്ടെത്തി. കര, നാവിക, വ്യോമ സേനകൾ, പൊലീസ്, വനംവകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്‌ത ശ്രമഫലമായിട്ടാണ് ജൂൺ മൂന്നിനു വിമാനം തകർന്ന വനപ്രദേശത്ത് എത്തിച്ചേരാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞത്.

കാലവർഷവും മോശം കാലാവസ്‌ഥയുമായിരുന്നു തിരച്ചിലിൽ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയത്. കുമിലോ നിംബ്യസ് എന്നറിയപ്പെടുന്ന കാർമേഘപടലങ്ങളിൽ വിമാനം ചെന്നുപെട്ടതാവാം അപകട കാരണമെന്നു കരുതുന്നു. ഇത്തരം കാർമേഘങ്ങളിൽ കുത്തനെയായിരിക്കും വായുസഞ്ചാരം. ഇതിലേക്കു പ്രവേശിക്കുമ്പോൾ ശക്‌തമായ വായുപ്രവാഹം നിമിത്തം വിമാനം തകർന്നു വീഴാൻ സാധ്യത വളരെ കൂടുതലാണ്.

∙ ഫ്ലൈയിങ് ക്ലബിന്റെ പുഷ്പകവിമാനം ദുരന്തങ്ങൾ

തിരുവനന്തപുരം ഫ്ലൈയിങ് ക്ലബിന്റെ പരിശീലന വിമാനങ്ങൾ പലതവണ അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ഈ വിമാനങ്ങൾ തകർന്നു വീണത്. കേരള ഫ്‌ളൈയിങ് ക്ലബിന്റെ പുഷ്‌പകവിമാനം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് 1972 മേയ് 25 ന് തകർന്നു വീണ് വിദ്യാർഥി മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി സിറിയക്ക് പി. പാറേട്ടാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് വിദ്യാർഥിയായിരുന്ന സിറിയക്ക് പൈലറ്റ് അനിൽ കോരക്കൊപ്പമാണ് അപകടത്തിൽപ്പെട്ടത്. ശംഖുമുഖം സെന്റ് റോക്ക്സ് പള്ളി വളപ്പിലാണ് വിമാനം പതിച്ചത്. പൈലറ്റ് സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

രണ്ടു വർഷത്തിനു ശേഷം 1974 നവംബർ 14 ന് തിരുവനന്തപുരം ഫ്ലൈയിങ് ക്ലബിന്റെ മറ്റൊരു പുഷ്പക വിമാനം കൊച്ചി നഗരമധ്യത്തിൽ തകർന്നു വീണ് പൈലറ്റും സഹയാത്രികനും മരിച്ചു. എറണാകുളം സ്വദേശി പൈലറ്റ് എം.ഡി.സുഭാഷും തിരുവനന്തപുരം വിമാനത്താവളത്തിലെ റേഡിയോ ടെക്നീഷ്യൻ വി.പി.ഡി.നായരുമാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നെത്തിയ വിമാനം കലൂർ ഭാഗത്ത് താഴ്ന്നു പറക്കുന്നതിനിടെ തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്. വീടുകളുടെ മുകളിൽ നിന്നവരെ പൈലറ്റ് കൈവീശിക്കാട്ടുന്നതിനിടെയായിരുന്നു അപകടം.

1988 ഫെബ്രുവരി 24ന് തിരുവനന്തപുരം ഫ്‌ളൈയിങ് ക്ലബിന്റെ വക മറ്റൊരു പുഷ്‌പ വിമാനം പത്തനംതിട്ട വാഴമുട്ടത്തു വയലിൽ ഇടിച്ചിറക്കി വൻ അപകടത്തിൽനിന്നു രക്ഷപെട്ടു. രണ്ടു വൈമാനികരും പരുക്കുകളോടെ രക്ഷപ്പെട്ടു. കേരള ഏവിയേഷൻ ട്രെയിനിങ് സെന്ററിന്റെ (ഫ്‌ളൈയിങ് ക്ലബ്) മറ്റൊരു പരിശീലന വിമാനം 2001 നവംബർ 29ന് തിരുവനന്തപുരം കരമനയിൽ തെങ്ങിൻതോപ്പിൽ തകർന്നു വീണു. ട്രെയ്നർ ലൈറ്റ് എയർക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് കൊല്ലം അ‍ഞ്ചൽ സ്വദേശി എസ്.ജി.സജി അദ്ഭുതകരമായി രക്ഷപ്പെട്ടു.

നാവിക ആസ്ഥാനത്തെ പരിശീലന പറക്കൽ ദുരന്തങ്ങൾ

കൊച്ചി നാവികസേനാ ആസ്ഥാനത്തെ ചെറു വിമാനങ്ങളും ഹെലികോപ്ടറുകളും പലവട്ടം അപകടങ്ങളിൽപ്പെട്ട ചരിത്രമുണ്ട്. കക്കി ദുരന്തമുൾപ്പെടെ 1980 കളിൽ ഇത്തരത്തിലുള്ള അപകട പരമ്പര തന്നെയുണ്ടായി. 57 വർഷം മുന്‍പ് 1963 ഡിസംബർ 8 ന് ഇന്ത്യൻ നേവിയുടെ വിമാനം കൊച്ചിക്കു സമീപം തകർന്നു വീണു പൈലറ്റ് മരിച്ചതാണ് ആദ്യത്തെ സംഭവം. കൊച്ചി നേവൽ സ്ക്വാഡ്രണിലെ ലഫ്.അശോക് കൃഷ്ണനാണ് അന്ന് മരിച്ചത്.

കൊച്ചി ചെല്ലാനത്തിനു രണ്ടര കിലോമീറ്റർ പടിഞ്ഞാറ് 1960 മാർച്ച് 22 ന് പരിശീലനവിമാനം കടലിൽ വീണ് വൈമാനികൻ മരിച്ചു. നേവി ഉദ്യോഗസ്ഥൻ ഗുപ്തയാണ് അപകടത്തിൽ മരിച്ചത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഗുപ്ത കടലിലേക്കു ചാടുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിൽ നിന്നാണ് വൈമാനികന്റെ മൃതദേഹം കിട്ടിയത്.

1983 ജനുവരി 12 ന് ഇന്ത്യൻ നാവികസേനയുടെ ഐലൻഡർ വിമാനം ആലപ്പുഴയ്ക്കടുത്ത് കടലിൽ കത്തി തകർന്നു വീണു മലയാളിയടക്കം രണ്ടു പേർ മരിച്ചു. നാവികസേനയുടെ സീക്കിങ് ഹെലികോപ്‌റ്റർ കൊച്ചിയിൽനിന്ന് 50 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിൽ തകർന്നു വീണു മൂന്നു നാവികരെ കാണാതായത് 1986 ജനുവരി 17 നാണ്. അടുത്ത വർഷം 1987 ഡിസംബർ 9ന് നവികസേനയുടെ ഐലൻഡർ വിമാനം ഇടക്കൊച്ചി കായലിൽ മൂക്കുകുത്തി മുങ്ങിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന മൂന്നു വൈമാനികരും അദ്ഭുതകരമായി രക്ഷപ്പെട്ടു. 1988 ഫെബ്രുവരി 29 ന് കൊച്ചി നാവിക കേന്ദ്രത്തിൽനിന്നു പരിശീലനപ്പറക്കലിനു പുറപ്പെട്ട വിമാനം യന്ത്രത്തകരാർ മൂലം എഴുപുന്ന തെക്ക് ചങ്ങരംകരി പാടത്തു തകർന്നു വീണെങ്കിലും വൈമാനികൻ പരുക്കുകളോടെ രക്ഷപ്പെട്ടു.

1990 ജൂലൈ 28 ന് ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്‌ടർ പരിശീലനപ്പറക്കലിനിടയിൽ കൊച്ചിക്കു സമീപം കടലിൽ വീണെങ്കിലും ആളപായമുണ്ടായില്ല. 1995 ഏപ്രിൽ 18ന് നാവിക സേനയുടെ പരിശീലന ഹെലികോപ്‌ടർ കൊച്ചിക്കു സമീപം കടലിൽ വീണ് ഒരാൾ മരിച്ചു. മറ്റു നാലു പേരെ അന്ന് മീൻപിടുത്തക്കാർ രക്ഷിച്ചു. കൊച്ചി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത നേവൽ കംപോണന്റ് റിപ്പയർ ഷോപ്പിനു മുകളിൽ തകർന്നു വീണ് നാലു മലയാളികളടക്കം ഒൻപതു പേർ മരിച്ചു.

1998 ജൂലൈ 30 നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂന്നു പേർ വർക്‌ഷോപ്പ് ജീവനക്കാരാണ്. കൊച്ചിക്കു പുറത്ത് 2006 നവംബർ 10 ന് നാവികസേനയുടെ പരിശീലന വിമാനം എൻജിൻ തകരാറിനെ തുടർന്നു കോട്ടയം ജില്ലയിലെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്‌ടറിയുടെ മലിനജലം സംഭരിക്കുന്ന ചതുപ്പുനിലത്ത് ഇടിച്ചിറക്കി. ആളപായമുണ്ടായില്ല.  

Content Highlight: Flight Crashes during training exercise in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com