ADVERTISEMENT

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് എന്‍ഡിഎയിലേക്കോ? ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതോടെയാണു മുന്നണിപ്രവേശം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണു ജഗൻ മോദിയെ കണ്ടതെന്നതും ശ്രദ്ധേയം. ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ എൻഡിഎയിലേക്കു കൂടുതൽ കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായി സൂചനകൾ പുറത്തുവന്നിരുന്നു.

ഉടൻ നടക്കാൻ പോകുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം ഉറപ്പുനൽകിയാണു മുന്നണിയിലേക്കുള്ള ബിജെപിയുടെ ക്ഷണമെന്നാണു വിവരം. ഈ വർഷമാദ്യം ബിജെപിയുമായി കൈകോർത്ത നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാണിന്റെ ഭീഷണി മുന്നിൽക്കണ്ടാണു ജഗന്റെ നീക്കമെന്നാണു സൂചന. എൻഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാർട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങൾക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്. ജഗനെതിരെയുള്ള സിബിഐ കേസുകൾ ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്നു ചന്ദ്രബാബു നായിഡു ആരോപിച്ചു.

വൈഎസ്ആർ കോൺഗ്രസിന്റെ എൻഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പാർട്ടിവൃത്തങ്ങൾ തള്ളി. കോവിഡ് പകർച്ചവ്യാധിക്കിടയിൽ സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. 2019 തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്ന ആന്ധ്രയുടെ പ്രത്യേകപദവി ലഭിക്കാതെ എൻഡിഎയിൽ ചേരുന്നത് വിപരീതഫലം സൃഷ്ടിക്കുമെന്നും മുതിർന്ന നേതാക്കൾ സർക്കാരിനു മുന്നറിയിപ്പ് നൽകി.

ആന്ധ്രയിൽ കോൺഗ്രസ് തകർന്നതും ടിഡിപി ദുർബലമായതും അനുകൂലഘടകമെന്നു ബിജെപി കരുതുന്നു. ബിജെപിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങൾ വ്യത്യസ്തമാണെന്നതും ഇരുപാർട്ടികളെയും ഒരുമിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്നു. ബിജെപി ഹിന്ദുവോട്ടുകളെ ലക്ഷ്യംവയ്ക്കുമ്പോൾ ക്രിസ്ത്യൻ, മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളാണു വൈഎസ്ആർ കോൺഗ്രസിന്റെ ശക്തി.

English Summary: Flirting With BJP? Jagan Reddy Meets PM, Days After Meeting Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com