ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘പഞ്ചാബിലെ ജനങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. 1977 ൽ എന്റെ മുത്തശ്ശി ( മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സിക്കുകാരുടെ മാത്രം സംരക്ഷണമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മറ്റാരും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.’– രാഹുൽ പറഞ്ഞു. 

പാർലമെന്റിൽ ബില്ല് പാസാക്കുന്ന സമയത്ത് രാഹുൽ വിദേശത്ത് എന്തു ചെയ്യുകയായിരുന്നെന്ന അകാലിദളിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ‘എന്റെ അമ്മയ്ക്ക് മെഡിക്കൽ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സഹോദരിക്ക് അമ്മയ്ക്കൊപ്പം പോകാൻ കഴിഞ്ഞില്ല. ഞാൻ എന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഞാൻ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും’– രാഹുൽ പറഞ്ഞു.

കാർഷിക ബില്ലുകൾക്കെതിരെ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ത്രിദിന ട്രാക്ടർ റാലി ആരംഭിച്ചത്. പുതിയ കാർഷിക നിയമങ്ങൾ മോദി സർക്കാരിനു പറ്റിയ തെറ്റാണെന്ന് രാഹുൽ പറഞ്ഞു. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനം വരെ പോരാടും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാരെന്ന് രാഹുല്‍ പറഞ്ഞു.

പഞ്ചാബിലെ മോഗയിൽ നിന്നും ആരംഭിച്ച റാലിയിൽ പുതിയ കാർഷിക നിയമത്തിനെതിരെ കർഷകരോഷമിരമ്പി. ഹരിയാനയിലെ കൈതാൽ, പിപ്ലി എന്നിവിടങ്ങളിൽ രാഹുൽ റാലിയെ അഭിസംബോധന ചെയ്യും. റാലി ഹരിയാനയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്കു നടത്തിയ ട്രാക്ടർ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു.

English Summary : "Sikhs Protected My Grandmother At Home In 1977": Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com