ADVERTISEMENT

12 അടി അകലത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ഒരു സംവാദം. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്ന സദസ്. അതാണ് ഇന്നു രാത്രി യൂട്ടാ സംസ്ഥാനത്തെ സോള്‍ട്ട് ലേക്കിലുള്ള യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ ലോകം കാണുക. ഈ വര്‍ഷത്തെ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ മൈക്ക് പെന്‍സും കമല ഹാരിസും വാദിക്കാനും ജയിക്കാനും എത്തുന്നത് സുരക്ഷാമറയായ പ്ലെക്‌സിഗ്ലാസ് വച്ചു വേര്‍തിരിച്ച, കോവിഡ് ചട്ടം പാലിച്ചുള്ള വേദിയിലാണ്. ഒഹായോയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദം നടക്കുമ്പോള്‍ കര്‍ശനമാക്കാതിരുന്ന സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഇന്നു യൂട്ടായില്‍ ഉണ്ടാകും. കാരണം, സമയം വളരെ മോശം. യുഎസ് പ്രസിഡന്റിനു വരെ കോവിഡാണ്.

പ്ലെക്‌സിഗ്ലാസ് കൊണ്ടുവന്നു വച്ചു വേദിയില്‍ കോവിഡ് സുരക്ഷ ഒരുക്കുന്നതിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ പെന്‍സ് ആദ്യം എതിര്‍ത്തിരുന്നു. കാരണം, മാസ്‌ക് ഉള്‍പ്പെടെ മുന്‍കരുതലുകളിലോ സാമൂഹിക അകലം പാലിക്കുന്നതിലോ അദ്ദേഹത്തിന്റെ ബോസായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഒഹായോയിലെ സംവാദത്തിന് മാസ്‌ക് ധരിക്കാതെ ട്രംപ് കുടുബാംഗങ്ങള്‍ സദസ്സില്‍ ഇരുന്നത് വിവാദമായിരുന്നു. ഇത്തവണ മാസ്‌ക് ധരിക്കാതെ ഇരിക്കുന്നവരെ എഴുന്നേല്‍പ്പിച്ചു പുറത്തേയ്ക്ക് ആനയിക്കാനാണു സംവാദ സംഘാടകരായ കമ്മിഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സ് (സിപിഡി) തീരുമാനം.

ക്ലീവ്‌ലന്‍ഡ് ക്ലിനിക്കാണ് കോവിഡ് സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ശാസ്ത്രീയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതും സെന്‌റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതുമായ മുന്‍കരുതലുകളാണ് എടുത്തിരിക്കുന്നത്. പ്രാദേശിക സമയം ഇന്നു രാത്രി ഒൻപതിനു (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30) തുടങ്ങുന്ന 90 മിനിറ്റ് സംവാദം ഒൻപതു വിഷയങ്ങള്‍ തിരിച്ചാണ്. യുഎസ്എ ടുഡേയുടെ വാഷിങ്ടന്‍ ബ്യൂറോ ചീഫ് സൂസന്‍ പേജാണ് മോഡറേറ്റര്‍. ഓണ്‍ലൈനായി തത്സമയം കാണാനുള്ള സൗകര്യം വിവിധ നെറ്റ്‌വര്‍ക്കുകള്‍ ഒരുക്കിയിട്ടുണ്ട്.

പറയാനുണ്ട് വൈസ് പ്രസിഡന്റിനും

ഓവല്‍ ഓഫിസിലെത്തി പ്രസിഡന്റിന്റെ മുഖത്തുനോക്കി അഭിപ്രായം തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള വ്യക്തി- അതാണ് ആധുനിക യുഎസില്‍ വൈസ് പ്രസിഡന്റ് നേടിയെടുത്ത സവിശേഷ പ്രാധാന്യവും പ്രത്യേക അധികാരവും. യുഎസ് വൈസ് പ്രസിഡന്റുമാര്‍ സെനറ്റ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ച് കാലക്ഷേപം ചെയ്യുന്ന ഒരു ഭൂതകാലം യുഎസിന് ഉണ്ടായിരുന്നു. പ്രസിഡന്റിന്റെ നിഴലില്‍നിന്നു പുറത്തിറങ്ങാതെ, അദൃശ്യസാന്നിധ്യമോ നിശബ്ദ സാന്നിധ്യമോ ആയി തുടര്‍ന്നവര്‍.

എന്നാല്‍, അരനൂറ്റാണ്ടിനിടയില്‍ യുഎസ് ഭരണഘടനാ സംവിധാനത്തിലുണ്ടായിട്ടുള്ള ക്രിയാത്മകവും വിജയകരവുമായ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്ന് വൈസ് പ്രസിഡന്റ് പദവിക്കു കൈവന്ന പ്രാധാന്യവും പ്രസക്തിയുമാണെന്നു സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ ജോയല്‍ കെ. ഗോള്‍ഡ്‌സ്‌റ്റെയ്ന്‍ പറയുന്നു. വൈസ് പ്രസിഡന്റ് പദവിയെക്കുറിച്ചും ഭരണഘടന നിയമവശങ്ങളെക്കുറിച്ചും വിശദപഠനങ്ങള്‍ നടത്തിയിട്ടുള്ള ഗോള്‍ഡ്‌സ്‌റ്റെയ്ന്‍ സ്‌കൂള്‍ ഓഫ് ലോയിലെ വിന്‍സന്റ് സി. ഇമല്‍ പ്രഫസര്‍ ഇമെരിറ്റസ് ആണ്.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നോക്കി പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയെന്ന വോട്ടര്‍ നയം അപ്രായോഗികമെന്നു തോന്നാമെങ്കിലും കമല ഹാരിസ് വന്നതോടെ അങ്ങനെയൊരു പരിഗണനയ്ക്കും യുഎസില്‍ പ്രസക്തിയുണ്ടെന്നായി. വനിതകള്‍ മുന്‍പും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുണ്ടെങ്കിലും ഇത്രയേറെ പ്രാധാന്യം അങ്ങനെയൊരു സ്ഥാനാര്‍ഥിത്വത്തിനു കൈവന്നതില്‍ കമലയുടെ വംശീയ വേരുകള്‍ക്കു പങ്കുണ്ട്. പുരോഗമന ചിന്തകളുമായി അമേരിക്കയിലെത്തി ആക്ടിവിസ്റ്റായ ഇന്ത്യക്കാരി അമ്മയും സാമ്പത്തികശാസ്ത്രജ്ഞനായ ജമൈക്കക്കാരന്‍ പിതാവും ചേര്‍ന്നു കമലയ്ക്കു സമ്മാനിച്ച സ്വത്വബോധവും അഭിമാനവും അവരിലെ വ്യക്തിയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകമായതാണ്.  

FILES-US-VOTE-REPUBLICANS-TRUMP-PENCE
മൈക്ക് പെൻസും ഡോണൾഡ് ട്രംപും

വിപി സംവാദം വലിയ കാര്യമോ?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു സീസണില്‍ മൂന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദങ്ങളുണ്ടെങ്കിലും വൈസ് പ്രസിഡന്‌റ് (വിപി) സ്ഥാനാര്‍ഥി സംവാദം ഒരെണ്ണമേ ഉള്ളൂ. അതു തന്നെ എല്ലായ്‌പ്പോഴുമൊന്നും വലിയ പ്രാധാന്യം നേടണമെന്നില്ല. അപവാദങ്ങളുള്ളത് 1976 ല്‍ വാള്‍ട്ടര്‍ മൊണ്ടേല്‍ വിപി സ്ഥാനാര്‍ഥിയായപ്പോഴും 2000 ല്‍ ഡിക് ചെനി സ്ഥാനാര്‍ഥിയായപ്പോഴുമാണ്.

ഇത്തവണത്തെ സംവാദം സുപ്രധാനം തന്നെ. എടുപ്പിലും നടപ്പിലും മൈക്ക് പെന്‍സ് ട്രംപിനെപ്പോലെയല്ല. എന്നു മാത്രവുമല്ല, തന്റെ അധികാര പരിധി വിട്ടോ അതിരു വിട്ടോ പെരുമാറാന്‍ ആഗ്രഹിക്കാത്ത ആളുമാണ്. ട്രംപ് അത് ഇഷ്ടപ്പെടുന്നില്ലെന്നതു വേറെ കാര്യം. കോവിഡ് പ്രതിരോധ കര്‍മസമിതിയുടെ മേധാവിയായും പ്രവര്‍ത്തിക്കുന്ന പെന്‍സിന് പ്രസിഡന്റിനെക്കാള്‍ പാകതയും പക്വതയുമുണ്ട്. ട്രംപിനോടു കാണിക്കുന്നത് അന്ധമായ വിധേയത്വവും. എങ്കിലും തന്ത്രപ്രധാന പദവികള്‍ വഹിച്ച്, സ്വന്തമായൊരിടം സൃഷ്ടിച്ചെടുക്കാന്‍ പെന്‍സിനു കഴിഞ്ഞിട്ടുണ്ട്.

കമലയാകട്ടെ, ഡെമോക്രാറ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ക്രോസ് വിസ്താരമാകട്ടെ, ടെലിവിഷന്‍ സംവാദങ്ങളാകട്ടെ, കമലയ്ക്കു തിളങ്ങാന്‍ പ്രത്യേകമൊരു കഴിവുണ്ട്. പിന്നെ പ്രസരിപ്പും ഊര്‍ജസ്വലതയും. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗമായി അവരുടെ തകര്‍പ്പന്‍ ചോദ്യങ്ങളും വാദങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചിരപ്രതിഷ്ഠ നേടിയതാണ്. ഇങ്ങനെയുള്ള രണ്ടു വ്യക്തികള്‍, സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ വീഴ്ച രൂക്ഷ വിമര്‍ശനത്തിനിടയാക്കിയ ഈ വേളയില്‍ത്തന്നെ സംവാദത്തിനെത്തുന്നത് എന്തു കൊണ്ടും പ്രസക്തം.

വനിതകളെ ഇതിലെ ഇതിലെ

1984 ല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വാള്‍ട്ടര്‍ മൊന്‍ഡേല്‍ തനിക്കൊപ്പം വൈസ് പ്രസിഡന്റാകാന്‍ ജെറാള്‍ഡിന്‍ ഫെറാറോയെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ യുഎസ് സെനറ്റില്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കാരായ സ്ത്രീകള്‍ ഒരാള്‍ പോലും ഇല്ലായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. വനിതാപ്രാതിനിധ്യം ഉണ്ട്്. എന്നിരുന്നാലും, യുഎസില്‍ സര്‍ക്കാര്‍ തലപ്പത്തും ബിസിനസിലെ ഉന്നതപദവികളിലും സര്‍വകലാശാല ഉന്നതാധികാരത്തിലും വനിതകള്‍ അധികമില്ല

ജെറാള്‍ഡിനു ശേഷവും ഇപ്പോഴുള്ള കമലയ്ക്കു മുന്‍പും ഒരു വനിത കൂടിയേ വിപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളൂ- 2008ല്‍ സാറ പേലിന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരിയാണ് പേലിന്‍. പൊതുസേവന രംഗത്തു വനിതകള്‍ക്കു പുരുഷന്മാര്‍ക്കൊപ്പം തുല്യപരിഗണനയും അവസരങ്ങളും കിട്ടിത്തുടങ്ങിയതുതന്നെ അടുത്തകാലത്താണ്. ബില്‍ ക്ലിന്റന്‍, ജോര്‍ജ് ബുഷ്, ബറാക് ഒബാമ ഭരണകാലങ്ങളിലെല്ലാം വനിതകള്‍ സ്‌റ്റേറ്റ് സെക്രട്ടറിമാരായെന്ന സവിശേഷതയുണ്ട്.

സുപ്രീം കോടതി ജഡ്ജിയായി ആദ്യമായി ഒരു വനിത നാമനിര്‍ദേശം ചെയ്യപ്പെട്ടത് 1981ലാണ്- സാന്‍ഡ്ര ഡേ ഒകോണര്‍. ഇപ്പോഴുളള എട്ടു ജഡ്ജിമാരില്‍ രണ്ടു പേര്‍ സ്ത്രീകള്‍. റൂത്ത് ബേഡര്‍ ജിന്‍സ്ബര്‍ഗിന്റെ നിര്യാണം മൂലമുള്ള ഒഴിവിലേക്ക് ട്രംപ് നാമനിര്‍ദേശം ചെയ്ത ഏമി കോണി ബാരറ്റിന് നിയമന അംഗീകാരം ലഭിച്ചാല്‍ ആകെ മൂന്നു സ്ത്രീകളായി. ബാരറ്റ് സുപ്രീം കോടതിയിലെത്തിയാല്‍ ചരിത്രത്തിലെ അഞ്ചാമത്തെ വനിതയാണ്.

ഇന്നത്തെ വൈസ് പ്രസിഡന്റ്, നാളത്തെ പ്രസിഡന്റ്?

വൈസ് പ്രസിഡന്റാകുകയെന്നത്, അടുത്ത പ്രസിഡന്റാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് എന്ന ചരിത്രസത്യവുമുണ്ട്്. 44 വര്‍ഷത്തിനിടെ, വൈസ് പ്രസിഡന്റായി വന്നു പിന്നീടു പ്രസിഡന്റായ ഒരേയൊരാള്‍ ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷാണ് (ബുഷ് സീനിയര്‍). ഇനി ഇത്തവണ ബൈഡന്‍ ജയിച്ചു പ്രസിഡന്റായാല്‍ പുതിയ കാലത്തെ പുതിയ ചരിത്രമാകും. പ്രസിഡന്റ് ബറാക് ഒബാമ പ്രസിഡന്‌റായിരുന്ന എട്ടു വര്‍ഷവും, നിര്‍ണായക തീരുമാനമെടുക്കാനുള്ള ഏതു യോഗത്തിലും അവസാന നിമിഷം വരെ ഉണ്ടാകണമെന്നു ശഠിച്ചയാളാണ് അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍. ചര്‍ച്ചാമുറി വിടുന്ന അവസാനത്തെയാള്‍. പ്രസിഡന്റിനെ തീരുമാനത്തെ അവസാന നിമിഷം വരെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാള്‍. അതേ നയം തന്നെ കമലയും സ്വീകരിക്കണമെന്നു ബൈഡന്‍ ആഗ്രഹിക്കുന്നു.

US-PRESIDENTIAL-CANDIDATE-JOE-BIDEN-AND-RUNNING-MATE-KAMALA-HARR
കമല ഹാരിസ്

ബൈഡന്‍- കമല കൂട്ടുകെട്ടിന് തിരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാനായാല്‍, അടുത്ത നാലു വര്‍ഷങ്ങള്‍ അതീവനിര്‍ണായകമായി മാറും. ബൈഡന് ഇപ്പോള്‍ പ്രായം 76 വയസ്സ്. പ്രസിഡന്റാകാന്‍ കഴിഞ്ഞാല്‍, അധികാരം ഏറ്റെടുക്കുമ്പോഴേയ്ക്കും വയസ്സ് 77 ആകും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ സാഹചര്യങ്ങള്‍ വളരെ നിര്‍ണായകമായി മാറാം. ഒരു പക്ഷേ അത്യാവശ്യഘട്ടങ്ങളില്‍ കമലയ്‌ക്ക് ആക്ടിങ് പ്രസിഡന്റാകേണ്ടി വന്നേക്കാം. ഇത്തവണ പ്രസിഡന്റായാല്‍ രണ്ടാമതൊരു ടേമിനു കൂടി ബൈഡന്‍ ശ്രമിക്കാതിരിക്കില്ല എന്നും നിരീക്ഷണമുണ്ട്. അങ്ങനെയായാല്‍ അപ്പോഴും കമല തന്നെ വൈസ് പ്രസിഡന്റ്. പിന്നെ 2028 ലാണ് കമലയ്ക്ക് പ്രസിഡന്റ് സാധ്യത. ഇനി, അതിനോടകം കാര്യങ്ങള്‍ മാറി മറിഞ്ഞാലും അത്ഭുതപ്പടാനില്ല. യുഎസ് രാഷ്ട്രീയമാണ്.

English Summary: Mike Pence, Kamala Harris all set for vice-presidential debate on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com