ADVERTISEMENT

തിരുവനന്തപുരം∙ വ്യാജവാർത്തകൾ കണ്ടെത്താനുള്ള പിആർഡി ഫാക്ട് ചെക് സംഘത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർക്കാർ നിയമിച്ചു. വ്യാജവാർത്തകൾ കണ്ടെത്തി അവയ്ക്കെതിരെ നടപടിക്ക് കൈമാറുകയും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയുമാണ് പിആർഡി ഫാക്ട് ചെക് വിഭാഗത്തിന്റെ ഉത്തരവാദിത്തം. നിയമനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാം സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തിരിച്ചെടുത്തത്. കൊലക്കേസ് പ്രതിയെ വ്യാജ വാർത്തകൾ കണ്ടെത്താൻ നിയമിച്ചതെന്തിനെന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്.

സസ്പെൻഷനുശേഷം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണു ശ്രീറാമിനെ നിയമിച്ചത്. ആദ്യം കോവിഡ് വാർ റൂമിന്റെ ചുമതല നൽകി. ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍ററുകളുടെ ചുമതലയാണ്. കോടതിയിൽ നിരവധി തവണ ഹാജരാകാൻ നിർദേശിച്ചിട്ടും ശ്രീറാം തയാറായിരുന്നില്ല. ഈ മാസം 12ന് ഹാജരാകാൻ സിജെഎം കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് കോവിഡ് കാലത്തെ വ്യാജവാർത്തകൾ കണ്ടെത്താൻ പിആർഡി ഫാക്ട് ചെക് വിഭാഗം രൂപീകരിച്ചത്. പിആർഡി സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികളുണ്ട്. സൈബർ സെക്യൂരിറ്റി വിദഗ്ധൻ, ഫാക്ട് ചെക്കിങ് വിദഗ്ധൻ, സൈബർ ഡോം ഫൊറൻസിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. സർക്കാരിനെതിരെയുള്ള വാർത്തകൾ വ്യാജമെന്ന് മുദ്രകുത്തുന്ന ഫാക്ട്ചെക് വിഭാഗത്തിന്റെ നടപടി വിവാദമായിരുന്നു.

ശ്രീറാമിനെ നിയമിച്ചത് തെറ്റായ നടപടിയാണെന്നും സർക്കാർ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കുന്നു. മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറയുമ്പോൾ എന്തു ഫാക്ട് ചെക് ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

English Summary : Controversial IAS officer Sriram Venkitaraman in PRD's Fact Check Division to keep watch on fake news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com