ADVERTISEMENT

ന്യൂഡൽഹി ∙ ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ കുന്നുകൾ പിടിച്ചെടുക്കാൻ ചൈനീസ് സൈന്യം നടത്തിയ നീക്കം ഇന്ത്യൻ സൈന്യം തകർത്തതിനു പിന്നാലെ അതിർത്തിയിൽ കൂടുതൽ പ്രകോപന ശ്രമങ്ങളുമായി ചൈന. പാക്കിസ്ഥാനു നൽകുന്ന സൈനിക സഹകരണം ചൈന വർധിപ്പിച്ചെന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ ഏകോപിപ്പിച്ചു കൊണ്ട് ഇന്ത്യയ്ക്കെതിരെ നീക്കം ആസൂത്രണം ചെയ്യുന്നെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. പാക്ക് അധിനിവേശ കശ്മീരിൽ സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സംവിധാനം സ്ഥാപിക്കാൻ പാക്കിസ്ഥാനു ചൈന സഹായം നൽകുന്നതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.

പാക്ക് അധിനിവേശ കശ്മീരിലെ ലസാദന്ന ധോക്കിനു സമീപമാണ് മിസൈൽ സംവിധാനം സ്ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 30 ഓളം വരുന്ന പാക്ക് സൈനികരും 40 ഓളം തൊഴിലാളികളും ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് ഉദ്യോഗസ്ഥരെയും പ്രദേശത്തു വിന്യസിക്കുമെന്നാണ് സൂചന. പാക്ക് അധിനിവേശ കശ്മീരിലെ പല ഭാഗങ്ങളിലും ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഗിൽജിത്, ബാൾട്ടിസ്ഥാൻ തുടങ്ങിയ മേഖലകളിലും പാക്കിസ്ഥാന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചൈനീസ് സഹായം ലഭിച്ചിരുന്നു.

ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിനും സമാധാന അന്തരീക്ഷം തകർക്കാനും ജമ്മു കശ്മീരിലേക്കു വലിയ അളവിൽ ആയുധങ്ങളും മറ്റും പാക്കിസ്ഥാന്റെ ചാര ഏജൻസിയായ ഐ‌എസ്‌ഐയ്ക്ക് ചൈന നിർദേശം നൽകിയിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തേ സ്ഥിരീകരിച്ചിരുന്നു.

അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേത്. കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈന സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. എന്നാൽ ചൈനയിൽനിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് സൈന്യം വ്യക്തമാക്കി.

ഗൽവാൻ താഴ്‌വരയിൽ യഥാർഥ നിയന്ത്രണ രേഖ (എൽഎസി) മാനിക്കുകയെന്ന ധാരണ ചൈനീസ് സൈന്യം ലംഘിക്കുന്നത് പതിവായതോടെ ടാങ്കുകളടക്കമുള്ള സന്നാഹങ്ങൾ ഇന്ത്യ അതിർത്തിയിൽ സജ്ജമാക്കിയിരുന്നു. ഗൽവാൻ താഴ്‌വരയിൽ സ്ഥാപിച്ചിരുന്ന ടെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം 20 സൈനികരുടെ ജീവനെടുത്തതോടെ കാലങ്ങളായി ചൈനീസ് സേനയോടു പുലർത്തിയിരുന്ന സമീപനങ്ങളിലും നയങ്ങളിലും മാറ്റം വരുത്താൻ കേന്ദ്രം തീരുമാനിച്ചിരുന്നു.

English Summary: China, Pakistan join hands to target India; PLA helps Islamabad to install missiles in PoK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com