ADVERTISEMENT

പത്തനംതിട്ട∙ പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട കലക്ടർ പി.ബി. നൂഹിന്റെ ഉത്തരവ്. ആവശ്യമെങ്കില്‍ ആസ്തികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പെടുത്തണം. പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നൽകി. വാഹനങ്ങളുടെ കൈമാറ്റം തടയണമെന്നും കലക്ടര്‍ വ്യക്തമാക്കി. 

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിക്ഷേപകരുടെ പണം ഓസ്ട്രേലിയയിലേക്ക് കടത്തിയതായി സംസ്ഥാന സര്‍ക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്‍. ഇതുവരെ 389 കേസുകള്‍ റജിസ്റ്റര്‍ ചെയ്തായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

ഓസ്ട്രേലിയയിലുള്ള ബന്ധുവിന്‍റെ സഹായത്തോടെ പോപ്പുലര്‍ ഉടമകള്‍ നിക്ഷേപകരുടെ പണം അവിടേക്ക് കടത്തിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇത് തിരിച്ചു കൊണ്ടുവരുന്നതിനടക്കം സിബിഐ അന്വേഷണം അത്യാന്താപേക്ഷിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ രണ്ടാഴ്ച കൂടി സമയമാവശ്യപ്പെട്ട സിബിഐ, കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 389 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് നിക്ഷേപകര്‍ കുറ്റപ്പെടുത്തി. പരാതിയുമായി എത്തുന്ന നിക്ഷേപകരോട് പൊലീസ് അപമര്യാദയായി പെരുമാറുന്നു. കോടതി ഉത്തരവല്ല, ഡിജിപിയുടെ സര്‍ക്കുലറാണ് ബാധകമെന്ന് പൊലീസ് പറഞ്ഞതായും നിക്ഷേപകര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. കോടതി ഉത്തരവ് പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കാനുള്ള കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് പ്രതികള്‍ വാദിച്ചു. ആലപ്പുഴയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഈ കേസുകള്‍ പരിഗണിക്കേണ്ടത്. അതുകൊണ്ട് എല്ലാ കേസുകളും ഈ കോടതിയിലേക്ക് വരുമെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

English Summary : Popular Finanace fraud case : Pathanamthitta Collector orders to freeze assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com