ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന് ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ബെയ്ജിങ്ങിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും യുഎസ് – ഇന്ത്യ – ജപ്പാൻ – ഓസ്ട്രേലിയ അടങ്ങിയ ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്- ക്യുഎസ്ഡി / ക്വാഡ് ) സഖ്യത്തിനുണ്ടാകുന്ന ഭീഷണിയെക്കുറിച്ചും ദി ഗയ് ബെൻസൺ ഷോ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പോംപെയോ.

ടോക്കിയോയിൽ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തശേഷം തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പോംപെയോ കൂടിക്കാഴ്ച നടത്തി. ഇന്തോ – പസഫിക് മേഖലയിലെയും ആഗോളതലത്തിലെയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഇരുനേതാക്കളും ഉന്നയിച്ചിരുന്നു.

ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച ‘ഗുണപരമായിരുന്നു’ എന്നാണു പോംപെയോയുടെ നിലപാട്. ‘ഇത്രയും നാൾ ഞങ്ങൾ (ക്വാഡ് രാജ്യങ്ങൾ) ഉറങ്ങുകയായിരുന്നുവെന്നു വ്യക്തമായി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നേറാൻ ദശകങ്ങളോളം പാശ്ചാത്യ രാജ്യങ്ങൾ അനുവദിച്ചു. മുൻപുണ്ടായിരുന്ന ഭരണകൂടം മുട്ടുമടക്കി, ബൗദ്ധിക സ്വത്തുക്കൾ കവരാൻ ചൈനയെ അനുവദിച്ചു. ഇതിനൊപ്പം ദശലക്ഷക്കണക്കിനു തൊഴിലുകളും പോയിക്കിട്ടി. ക്വാഡ് രാജ്യങ്ങൾക്കും ഇതാണ് അവസ്ഥ’ – പോംപെയോ പറഞ്ഞു.

ഇന്ത്യയ്ക്കു സഖ്യകക്ഷിയായി യുഎസിനെ ആവശ്യമുണ്ടെന്നും ചൈനയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയാക്കാൻ അവർ താൽപര്യപ്പെടുന്നുണ്ടെന്നും ക്വാഡ് രാജ്യങ്ങളുമായി നടത്തിയ യോഗത്തെക്കുറിച്ച് റേഡിയോ സംഭാഷണത്തിൽ ലാറി ഒ കോണറോടു സംസാരിക്കുമ്പോള്‍ പോംപെയോ വ്യക്തമാക്കി.

‘ഇന്ത്യയുടെ വടക്ക് വൻതോതിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചൈന ഇപ്പോൾ. ലോകം ഉണർന്ന് എണീറ്റിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യം ഈ ഭീഷണിയെ നേരിടും’ – പോംപെയോ കൂട്ടിച്ചേർത്തു. ടോക്കിയോ യോഗത്തിനു പിന്നാലെ പോംപെയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെറും വാർഷിക യോഗത്തിനായി ഇന്ത്യയിലെത്തും. ഇതിനു മുന്നോടിയായി ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്റ്റീഫൻ ബെയ്ഗണും അടുത്തയാഴ്ച ഇന്ത്യയിലെത്തും.

English Summary: "China Has Deployed 60,000 Soldiers On India's Northern Border": Mike Pompeo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com