ADVERTISEMENT

ആലപ്പുഴ∙  ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ടീമിലും കേരളത്തിന്റെയും റെയിൽവേയുടെയും രഞ്ജി ടീമുകളിലും അംഗമായിരുന്ന എം.സുരേഷ്കുമാർ (ഉമ്രി–47) അന്തരിച്ചു. ഇന്നലെ വൈകിട്ട് 6.45ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

1991–92 സീസണിൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായ ഇന്ത്യൻ അണ്ടർ 19 ടീമിലെ പ്രകടനത്തോടെ ശ്രദ്ധിക്കപ്പെട്ട സുരേഷ് കുമാർ 1991 മുതൽ 2005 വരെ കേരളത്തെയും റെയിൽവേയും പ്രതിനിധീകരിച്ച് രഞ്ജി ട്രോഫിയിൽ കളിച്ചു. പിൽക്കാലത്തു ന്യൂസീലൻഡ് ക്യാപ്റ്റനായ സ്റ്റീഫൻ ഫ്ലെമിങ് ഉൾപ്പെട്ട കിവീസ് അണ്ടർ 19 ടീമിനെതിരെ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചു.  ഇടംകൈ ഓഫ് സ്പിന്നറായിരുന്ന  സുരേഷ് കുമാർ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 12 തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഒരു സെഞ്ചുറിയും 7 അർധ സെഞ്ചുറിയും ഉൾപ്പെടെ 1657 റൺസും നേടി. 

തിരുവമ്പാടി പഴവീട് പ്ലാംപറമ്പിൽ ഗൗരീശങ്കരം വീട്ടിൽ മണിമോഹൻ–സുഭദ്രകുമാരി ദമ്പതികളുടെ മകനായി 1973 ഏപ്രിൽ 11ന് ജനിച്ചു. 

18–ാം വയസ്സിൽ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ച സുരേഷ്കുമാർ എറണാകുളത്ത് ടിടിഇ ആയിരുന്നു. ഭാര്യ: പഴവീട് കറുകപ്പറമ്പ് കുടുംബാംഗം മഞ്ജു. ഏകമകൻ അതുൽ കൃഷ്ണൻ. സംസ്കാരം പിന്നീട്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Former ranji player commits suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com