‘വാവെയ്ക്കു ചൈനീസ് സർക്കാരിന്റെ ഫണ്ട്; കപട വേഷത്തിൽ ഇന്ത്യയിൽ കയറാൻ ശ്രമം’
Mail This Article
ന്യൂഡൽഹി ∙ 5ജി ടെക്നോളജിയുമായി ചൈനീസ് ടെലികോം ഭീമൻ വാവെയ് ഇന്ത്യയിലേക്ക് എത്തുന്നതിൽ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി വിക്രം സൂദ്. ‘ദി അൾട്ടിമേറ്റ് ഗോൾ: എ ഫോർമർ റോ ചീഫ് ഡീകൺസ്ട്രക്റ്റ്സ് ഹൗ നേഷൻസ് കണ്‌സ്ട്രക്ട് നറേറ്റീവ്സ്’ എന്ന പുതിയ പുസ്തകത്തിലാണ് സൂദ് മുന്നറിയിപ്പ് നൽകുന്നത്.
‘ഒരു സ്വതന്ത്ര പ്രസ്ഥാനമെന്ന കപട വേഷത്തിൽ അകത്തു കയറാമെന്നായിരിക്കാം വാവെയ് കരുതുന്നത്. എന്നാൽ വ്യാപാര ലോകത്തുള്ളവർക്ക് കാര്യങ്ങള്‍ അത്രയും ലളിതമല്ലെന്നു വ്യക്തമാകും. ചൈനീസ് സർക്കാരിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന വാവെയ് കമ്പനിക്ക് യുഎസിൽനിന്നു ബൗദ്ധികസ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചതിൽ യാതൊരു പശ്ചാത്താപവുമില്ല.
രഹസ്യങ്ങളുടെ മോഷണം എന്നത് രഹസ്യാന്വേഷണ പ്രവർത്തനമാണ്. എന്നാൽ ചൈനയ്ക്ക് ഇന്ത്യയോടുള്ള സമീപനവും രാജ്യത്തിന്റെ താൽപര്യങ്ങളോടുള്ള വിദ്വേഷവും ആണ് വാവെയ് വരുന്നതിനെ ജാഗരൂകരാക്കുന്നത്. ഇന്ത്യയോടുള്ള സമീപനത്തിൽ ചൈന മാറ്റം വരുത്തുകയും അതു തെളിയിക്കുകയും ചെയ്യാതെ വാവെയ് അല്ലെങ്കിൽ സമാന ചൈനീസ് സംരംഭങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്നതിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കണം’ – സൂദ് അഭിപ്രായപ്പെട്ടു.
31 വർഷത്തെ സേവനത്തിനുശേഷം 2003 മാർച്ചിലാണു സൂദ് വിരമിച്ചത്. നിലവിൽ ഡൽഹി ആസ്ഥാനമായ സ്വതന്ത്ര ഉപദേശക സംഘടന ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ ഉപദേശകനാണ് സൂദ്. കോവിഡ് മൂലം ചൈനയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Former R&AW Chief Cautions About China's Huawei Selling 5G Tech To India