ADVERTISEMENT

ക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ 26.33 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തിൽ ഒരു രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ റെക്കോർഡും ഇന്ത്യയ്ക്കു ലഭിച്ചു– സെപ്റ്റംബർ 17ന് രോഗം സ്ഥിരീകരിച്ചത് 97,894 പേർക്ക്. എന്നാൽ ഒക്ടോബർ ഒന്നു മുതൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് പ്രകടമായിത്തുടങ്ങി. രോഗം ഭേദമാകുന്നവരുടെ എണ്ണവും വർധിച്ചു. അതോടെ രാജ്യത്തെ സജീവ രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന ‘ഫ്ലാറ്റനിങ് ദ് കര്‍വിലേക്ക്’ ഇന്ത്യ എത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ യഥാർഥത്തിൽ എന്താണു സംഭവിച്ചത്? ആശ്വസിക്കാവുന്ന കുറവാണോ ഇപ്പോൾ രാജ്യത്തെ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്?

ദിനംപ്രതി രോഗമുക്തരാകുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ് ഭേദമായവരുടെ എണ്ണം. എന്നാൽ ഇതോടൊപ്പം പോസിറ്റിവിറ്റി നിരക്കും (ആകെ ടെസ്റ്റ് നടത്തിയതിൽ എത്ര പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നതിന്റെ ശതമാനം) കുറഞ്ഞാൽ മാത്രമേ ഫ്ലാറ്റനിങ് ദ് കർവ് സംഭവിച്ചതായി പറയാനാവുകയുള്ളൂ. ഇന്ത്യയിൽ അതു സംഭവിക്കുന്നതായാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഒക്ടോബർ 8 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കേന്ദ്ര ശരാശരിയേക്കാളും കുറവാണ്. ബിഹാറാണ് അതിൽ മുന്നിൽ–2.61%. ടെസ്റ്റ്, ട്രാക്ക്, ട്രേസ്, ട്രീറ്റ് ആൻഡ് ടെക്നോളജി എന്ന രീതി അവലംബിച്ചു മുന്നോട്ടു പോയതാണ് ഇതിനു സഹായകരമായതെന്നും കേന്ദ്രം പറയുന്നു.

ഇന്ത്യയിൽ 8.13 ശതമാനമാണ് ഒക്ടോബർ 9 വരെയുള്ള കണക്ക് പ്രകാരം പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ പരിശോധനയ്ക്കയച്ചത് 8.58 കോടി സാംപിളുകൾ. രോഗം സ്ഥിരീകരിച്ചത് 69.79 ലക്ഷം പേർക്കും. ഇന്ത്യയിൽ ജനുവരി 30 മുതൽ ഒക്ടോബർ 9 വരെ ആകെ നടത്തിയ ടെസ്റ്റുകളും ആകെ രോഗബാധിതരുടെ എണ്ണവും താരതമ്യം ചെയ്യുമ്പോഴാണ് പോസിറ്റിവിറ്റി നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത് (ഗ്രാഫ് കാണുക).

എന്നാൽ 24 മണിക്കൂറിനിടെ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും റിപ്പോർട്ട് ചെയ്ത കേസുകളും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും കാര്യമായ മാറ്റമില്ലാതെ ഏറിയും കുറഞ്ഞുമിരിക്കുകയാണ് പോസിറ്റിവിറ്റി റേറ്റ്. അതാണ് കേന്ദ്ര സർക്കാരിനെ ഉൾപ്പെടെ ആശങ്കപ്പെടുത്തുന്നത്. മാത്രവുമല്ല ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി, രാജ്യത്ത് കോവിഡ് പിടിച്ചുനിർത്തുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചു എന്നു കാണിക്കുന്നതിന് ഡേറ്റയിൽ മനഃപൂർവമായ മാറ്റം വരുത്തിയെന്ന സംശയവും വിദഗ്‌ധർ ഉന്നയിക്കുന്നതു പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുറയാത്തതു ചൂണ്ടിക്കാട്ടിയാണ് (ഗ്രാഫ് കാണുക).

രാജ്യത്തെ ടെസ്റ്റുകളുടെ ആകെ എണ്ണം ദിനംപ്രതി പുറത്തുവിടുന്നുണ്ടെങ്കിലും ഇവയിൽ ആന്റിജൻ ടെസ്റ്റുകൾ എത്ര, ആർടിപിസിആർ എത്ര എന്നിങ്ങനെ തരംതിരിച്ചു കേന്ദ്ര സർക്കാർ നൽകുന്നില്ല. കേരളം ഉൾപ്പെടെ അത്തരം കണക്ക് കൃത്യമായി പുറത്തുവിടുന്നുണ്ട്. ആർടിപിസിആറിലൂടെ മാത്രമേ കൃത്യമായി കോവിഡ് സ്ഥിരീകരിക്കാനാകൂ എന്നിരിക്കെ റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാണ് ഇപ്പോൾ കണക്കുകളിലും വർധനവെന്നാണ് ആരോപണം.

ഡൽഹിയിലും മുംബൈയിലും ആന്റിജൻ ടെസ്റ്റുകൾ വഴിയുള്ള പോസിറ്റിവിറ്റി നിരക്ക് വളരെ കുറവാണ് രേഖപ്പെടുത്തുന്നത്. ആർടി–പിസിആർ വഴിയുള്ളത് കൂടുതലും. ആന്റിജൻ ടെസ്റ്റുകൾ നടത്തി നെഗറ്റീവ് ആകുന്നവരിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും അവരെ പരിശോധിക്കാതെ വിട്ടത് ഡൽഹിയിൽ ഉൾപ്പെടെ കോവിഡിന്റെ രണ്ടാം വ്യാപന ഘട്ടത്തിൽ തിരിച്ചടിയായിരുന്നു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും രോഗികൾ കൂടാൻ ഇതു കാരണമായെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും വ്യക്തമാക്കിയിരുന്നു.

റാപിഡ് ടെസ്റ്റുകളിലേക്ക് ആദ്യം കളംമാറ്റിയ സംസ്ഥാനങ്ങളിലൊന്ന് ബിഹാറാണെന്നതാണ് കൗതുകകരം. സെപ്റ്റംബർ 25നാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 21 മുതൽക്കുതന്നെ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന സംസ്ഥാനം വർധിപ്പിച്ചു തുടങ്ങിയിരുന്നു. ഓഗസ്റ്റ് 1ന് ഇന്ത്യയിലെ ആകെ ടെസ്റ്റുകളിൽ 4.3% മാത്രമായിരുന്നു ബിഹാറിൽ നടന്നിരുന്നത്. എന്നാൽ സെപ്റ്റംബർ 21 ആയപ്പോഴേക്കും അത് 24.1 ശതമാനത്തിലെത്തി. അതിലേറെയും ആന്റിജൻ ടെസ്റ്റുകളായിരുന്നു.

ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് ടെസ്റ്റുകൾ നടത്തിയത് സെപ്റ്റംബർ സെപ്റ്റംബർ 24നും 30നുമായിരുന്നു–14 ലക്ഷത്തിനു മുകളിലായിരുന്നു ടെസ്റ്റുകൾ. എന്നാൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും പോസിറ്റിവിറ്റി റേറ്റിൽ മാത്രം കുറവുണ്ടായില്ല.

ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടെ നടത്തിയ ഏറ്റവും കുറവ് എണ്ണം ടെസ്റ്റുകൾ സെപ്റ്റംബർ 27നായിരുന്നു– 7,09,394 എണ്ണം. എന്നാൽ അന്നായിരുന്നു അടുത്തകാലത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്– 11.58%. പിന്നീട് ഏറ്റവും കുറവ് ടെസ്റ്റ് നടത്തിയത് ഒക്ടോബർ നാലിനായിരുന്നു–9,89,860 എണ്ണം. അന്നും പോസിറ്റിവിറ്റി നിരക്ക് മറ്റു ദിവസത്തേക്കാൾ ഉയർന്നുനിന്നു– 7.52%. രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ കാര്യമായ മാറ്റമുണ്ടാകുന്നില്ലെന്നു ചുരുക്കം.

രാജ്യത്തെ ജനസംഖ്യയിൽ 10 ലക്ഷം പേരിൽ എത്ര പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി എന്നു കണക്കാക്കിയാലും ഇന്ത്യ പിന്നിലാണ്–105–ാം സ്ഥാനത്ത്. പത്തു ലക്ഷത്തിൽ 62,006 പേർക്കാണ് ഇന്ത്യയിൽ ടെസ്റ്റ് നടത്തുന്നത്. ഈ പട്ടികയിൽ യുകെ 18, യുഎസ് 20, റഷ്യ 21, സ്പെയിൻ 27, ജർമനി 35, ഇറ്റലി 40, ഫ്രാൻസ് 48, തുർക്കി 67, ബ്രസീൽ 93 എന്നിങ്ങനെയാണു ‌മറ്റു രാജ്യങ്ങളുടെ സ്ഥാനം. 

ലോകത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് നടത്തുന്ന 10 രാജ്യങ്ങളെടുത്താൽ (ചൈന ഒഴികെ) ഇന്ത്യയ്ക്കാണു രണ്ടാം സ്ഥാനം. പോസിറ്റിവിറ്റി നിരക്കിലും രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതൽ ടെസ്റ്റ് നടത്തുന്നതിൽ ആറാം സ്ഥാനത്തുള്ള ബ്രസീലിലാണ് ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്– 28.25%. ഇന്ത്യയേക്കാൾ കുറവ് ടെസ്റ്റുകളാണ് റഷ്യയും യുകെയും ജർമനിയും ഉൾപ്പെടെ നടത്തുന്നത്. എന്നാൽ അവിടെ പോസിറ്റിവിറ്റി നിരക്കും കുറവാണ്–യഥാക്രമം 2.56, 2.13, 1.77 എന്നിങ്ങനെയാണ് കണക്ക്. യുഎസിൽ 6.77 ശതമാനവും. 

പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ ഏതാനും ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ ഡിസ്‌ചാർജ് ചെയ്യുന്ന രീതിയുണ്ട്. കേന്ദ്ര സർക്കാരും നിർദേശിക്കുന്ന ഈ രീതി പ്രകാരം ഡിസ്‌ചാർജ് ചെയ്യുന്ന പലരെയും നെഗറ്റീവ് ആകുന്നവരുടെ കണക്കിൽ ചേർക്കുന്നുണ്ടെന്നാണു വിവരം. പല സംസ്ഥാനങ്ങളും ഇത്തരത്തിൽ കണക്ക് പുറത്തുവിടാൻ തുടങ്ങിയതോടെയാണ് രോഗമുക്തി നിരക്ക് വർധിച്ചതെന്നും വിമർശനമുണ്ട്. എന്നാൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പല തവണ പരിശോധന നടത്തി പൂർണമായും രോഗമുക്തരായതിനു ശേഷം മാത്രമേ കണക്കിൽ ചേർക്കുന്നുള്ളൂ. 

നിലവിലെ പോസിറ്റിവിറ്റി നിരക്ക് പ്രകാരം മുന്നോട്ടു പോയാൽത്തന്നെ ഡിസംബർ അവസാനം ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് നേരത്തേ ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽത്തന്നെ ഇന്ത്യ ഫ്ലാറ്റനിങ് ദ് കർവിലെത്തി എന്ന പ്രഖ്യാപനത്തിന് കേന്ദ്രവും ഇതുവരെ തയാറായിട്ടില്ല. അത്തരം പ്രഖ്യാപനം നടത്തിയതിനു പിന്നാലെ കേരളത്തിലും ഡൽഹിയിലും ഉൾപ്പെടെ കോവിഡ് കേസുകൾ കുത്തനെ വർധിച്ച സംഭവങ്ങളുണ്ടായ സാഹചര്യത്തിൽ കരുതലോടെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങളും. മാത്രവുമല്ല മഹാനവമി, ദസറ, ദീപാവലി ഉൾപ്പെടെയുള്ള ആഘോഷകാലം അടുക്കുന്ന ഈ സമയത്ത് രോഗികളുടെ എണ്ണം കുറയുന്നുവെന്നു പറയുന്നത് ജനങ്ങളിലെ ജാഗ്രത കുറയാൻ ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്.

English Summary: Is India's Covid19 Curve Really Flattening? What is the Truth Behind? Graphics Explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com