ADVERTISEMENT

കൊല്ലം∙ അഞ്ചൽ ഏറം വിഷു വെള്ളശേരിൽ വിജയസേനന്റെ മകൾ ഉത്ര(25)യെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി കുറ്റപത്രം തയാറാക്കുന്നതിനുള്ള പ്രാഥമിക വാദം ബുധനാഴ്ച ആരംഭിക്കും. ഭർത്താവ് അടൂർ ശ്രീസൂര്യയിൽ സൂരജ് ആണ് പ്രതി. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസ് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജ‍ഡ്ജി എം. മനോജിനു മുൻപാകെയാണ് വാദം ആരംഭിക്കുന്നത്.

സൂരജിനു മൂർഖൻ പാമ്പിനെ വിലയ്ക്കു നൽകിയ പാമ്പു പിടുത്തക്കാരൻ പാരിപ്പള്ളി കുളത്തൂക്കോണം കെ.എസ് ഭവനിൽ ചാവരുകാവ് സുരേഷ് (സുരേഷ് കുമാർ -47) കേസിലെ മാപ്പുസാക്ഷിയാണ്. സുരേഷ് ഉൾപ്പെടെ, പ്രോസിക്യൂഷൻ ഭാഗത്തു നിന്നു 217 സാക്ഷികളുണ്ട്. ഉത്രയുടെ ബന്ധുക്കൾ, സൂരജിന്റെ ബന്ധുക്കളും സുഹൃത്തുക്കളും, ഉത്രയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്ന ബാങ്കിലെ ഉദ്യോഗസ്ഥർ, ഉത്രയെ ചികിത്സിച്ച ഡോക്ടർമാർ, പാമ്പു പിടുത്തത്തിൽ വിദഗ്ധനായ വാവ സുരേഷ്, വെറ്ററിനറി ഡോക്ടർമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞർ, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവരാണു മറ്റു സാക്ഷികൾ. പ്രതി സൂരജും മാപ്പുസാക്ഷി ചാവരുകാവ് സുരേഷും മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. വിചാരണ പൂർത്തിയായശേഷമേ സുരേഷിനു ജാമ്യം ലഭിക്കുകയുള്ളു.

കഴിഞ്ഞ മേയ് 6നു രാത്രിയിൽ ഉത്രയുടെ വീട്ടിൽ ആണ് കേസിനാസ്പദമായ സംഭവം. ഉറക്കഗുളിക കൊടുത്തു അവശയനിലയിലാക്കിയ ശേഷം സൂരജ് മൂർഖനെകൊണ്ടു കൈത്തണ്ടയിൽ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യുഷൻ കേസ്. അതിനു മുൻപു സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽവച്ച് അണലിയെ കൊണ്ടും കടിപ്പിച്ചിരുന്നു. ദീർഘകാലം ചികിത്സയിൽ ആയിരുന്ന ഉത്ര സ്വന്തം വീട്ടിൽ പരിചരണത്തിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റു മരിച്ചത്. ഉത്രയുടെ ബന്ധുക്കളുടെ അപേക്ഷയെ തുടർന്നു അഡ്വ. ജി.മോഹൻ രാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിട്ടുണ്ട്.

English Summary: Anchal Uthra Murder Case - primary trial will start from wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com