ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ ഇളവ് നടപ്പാക്കാൻ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. നവംബർ 15 വരെ സമയം അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ സർക്കാർ ഇതിനകം ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ എന്താണ് ഇത്ര താമസമെന്ന് കോടതി ചോദിച്ചു.

പലിശ ഇളവ് നൽകുന്നതിൽ തീരുമാനം ആയിട്ടുണ്ടെന്നും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സമയം ദീർഘിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ നവംബർ 2 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.  ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സാധാരണക്കാരന്റെ ദീപാവലി സർക്കാരിന്റെ കയ്യിലാണിപ്പോൾ. സാധാരണക്കാർ ആശങ്കയിലാണ്. 2 കോടി രൂപ  വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഉൽകണ്ഠയുണ്ട്- ‌കോടതി പറഞ്ഞു. കോവിഡ് മഹാമാരി കാരണം ലോക്ഡൗണിൽ അകപ്പെട്ട് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത ആളുകളുടെ കാര്യത്തിൽ സർക്കാർ എത്രയും പെട്ടെന്ന് തീരുമാനത്തിൽ എത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

വ്യക്തിഗത വായ്പക്കാർക്ക് മാത്രമല്ല ബാങ്കുകൾക്കും ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്ന വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം മാർച്ചിലാണ് ആർബിഐ വായ്പ തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിച്ചത്. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നൽകി. വായ്പ എടുത്തവരെ സഹായിക്കാൻ ഒരു പദ്ധതി തയാറാക്കണമെന്ന് ഹർജികൾക്കുള്ള മറുപടിയായി സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

എന്നാൽ കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നു നിര്‍ദേശിച്ച കോടതി ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

English Summary :  "Common Man's Diwali...": Top Court Nudge For Loan Relief By November 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com