ADVERTISEMENT

കോഴിക്കോട്∙ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടന്നാൽ അത് ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. മനുഷ്യരുടെ യാതൊരുവിധ ഇടപെടലുകളും പാടില്ലെന്ന് നിര്‍ദേശമുള്ള അതീവ സംരക്ഷിത മേഖലയായ വനഭൂമിയിലാണ് തുരങ്കനിര്‍മാണം. രാജ്യത്തുതന്നെ വളരെ പ്രധാനപ്പെട്ട മലയിടുക്കുകളിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി കടന്നുപോകുന്നത്. എന്നാല്‍ കാര്യമായ പഠനങ്ങളൊന്നും നടത്താതെയാണ് തുരങ്കനിര്‍മാണം പ്രഖ്യാപിച്ചതെന്ന ആക്ഷേപം ശക്തമാണ്. വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരടക്കം തുരങ്കപാതയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും പദ്ധതി നടപ്പാകുമോ എന്ന കാര്യത്തില്‍ പലരും സംശയം ഉന്നയിക്കുന്നുണ്ട്.

ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത യാഥാര്‍ഥ്യമായാല്‍ പ്രകൃതിക്കുണ്ടാകുന്ന നാശം കണക്കുകൂട്ടാന്‍ സാധിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി (ഡബ്ല്യുസിഎസ്) കണ്‍ഫർമേഷന്‍ ഓഫിസര്‍ അരുള്‍ ബാദുഷ പറയുന്നു. 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും സങ്കീര്‍ണവും അതീവ ലോലവുമായ പ്രദേശത്താണ് തുരങ്കം നിര്‍മിക്കുന്നത്.  രാജ്യത്തെതന്നെ വളരെ പ്രധാനപ്പെട്ട വനഭൂമിയിലൂടെയും മലയിടുക്കുകളിലൂടെയുമാണ് തുരങ്കം കടന്നുപോകുക. നിബിഡ വനത്തിലെ കൂറ്റന്‍ പാറകള്‍ പൊട്ടിച്ചു നീക്കി തുരങ്കം നിര്‍മിക്കുന്നതോടെ ഈ പ്രദേശത്തെ ആവാസവ്യവസ്ഥയില്‍ സമൂലമായ മാറ്റമുണ്ടാകും. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന 658 കോടി രൂപയുടെ പദ്ധതി നടപ്പായാല്‍ നേട്ടത്തെക്കാള്‍ ഏറെ പ്രത്യാഘാതങ്ങളാണുണ്ടാവുക എന്നും അദ്ദേഹം പറയുന്നു.

ചെമ്പ്ര മല, വെള്ളരിമല, ക്യാമല്‍ ഹംപ് കോംപ്ലക്സ് എന്നിവയുടെ  ഭാഗവും ചാലിയാറിന്റെ പ്രഭവകേന്ദ്രവുമായ മലനിരകളുടെ അടിയിലൂടെയാണ് തുരങ്കം കടന്നു പോവുക. ഈ പ്രദേശം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. 150 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളുള്ളതും അതിശക്തമായ മഴ പെയ്യുന്നതുമാണ് ഈ പ്രദേശം.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കഴിഞ്ഞ പ്രളയാനന്തരം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ പ്രദേശത്ത് മനുഷ്യരുടെ ഇടപെടല്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നാച്ചുറല്‍ ലാന്‍ഡ്സ്‌കേപ്പിലും ഉള്‍പ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തുരങ്കത്തിന് കേന്ദ്രാനുമതി ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

തുരങ്കമുണ്ടാക്കുന്നത് മലനിരകളുടെ ഘടനയെ അസ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തില്‍ ഭൗമ ശാസ്ത്രവിദഗ്ധരുടെ പഠനം നടക്കേണ്ടതുണ്ട്. സാധ്യതാപഠനം , പരിസ്ഥിതി ആഘാത പഠനം, സാമൂഹികാഘാതപഠനം എന്നിവയും നടത്തണം. ഇതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടു പോലുമില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.

മൂന്നു വര്‍ഷമായി ഈ പ്രദേശത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയും മുണ്ടക്കൈയും ഈ മലനിരകളുടെ കിഴക്കന്‍ ചെരുവിലാണ്. പടിഞ്ഞാറന്‍ ചെരുവിലാണ് കവളപ്പാറയും പാതാറും. ഈ പ്രദേശങ്ങളെല്ലാം ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വയനാട് ജില്ലയില്‍ പെയ്യുന്ന ശരാശരി മഴയുടെ അഞ്ചിരട്ടി മഴ ലഭിക്കുന്ന പ്രദേശമാണ് ചെമ്പ്ര മലയും താഴ്‌വാരവും. ഓരോ വര്‍ഷം കഴിയുന്തോറും മഴയുടെ തീവ്രത ഈ പ്രദേശത്ത് കൂടിക്കൂടി വരുകയാണ്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയും വര്‍ധിക്കുന്നു. തുരങ്കം നിര്‍മിക്കാൻ കൂറ്റന്‍ പാറകള്‍ പൊട്ടിച്ചു നീക്കേണ്ടി വരും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതല്‍ ബലക്ഷയം സംഭവിക്കും. ഉരുള്‍പൊട്ടലിന് ആക്കം കൂടാം.  

തമിഴ്‌നാടുമായും കര്‍ണാടകയുമായും കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന മലനിരകളാണിത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രവേശനകവാടമായാണ് ഈ മലനിരകള്‍ അറിയപ്പെടുന്നത്. അതിനാലാണ് മേപ്പാടി, വൈത്തിരി, ലക്കിടി തുടങ്ങിയ സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുന്നത്. ഏറെക്കാലം മുമ്പ് വയനാടിന്റെ പ്രവേശന കവാടമായ ലക്കിടയില്‍ വര്‍ഷം മുഴുവനും മഴ ലഭിച്ചിരുന്നു. ഇപ്പോഴും ലക്കിടിയില്‍ മിക്ക ദിവസവും കോടമഞ്ഞും ചെറിയ ചാറ്റല്‍ മഴയുമുണ്ടാകും.  

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ ചെമ്പ്ര പീക്കിന് സമീപത്തുകൂടിയായിരിക്കും തുരങ്കം കടന്നു പോകുന്നത്. സമുദ്ര നിരപ്പില്‍നിന്ന് 2100 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്ര പീക്ക്. വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ഹൃദയ തടാകം ഈ മലയുടെ മധ്യഭാഗത്താണ്. കുത്തനെയുള്ള കയറ്റം കയറി മലയുടെ മധ്യഭാഗത്തെത്തിയാല്‍ വിശാലമായ തടാകമാണ്. തടാകം കഴിഞ്ഞ് പിന്നേയും മല ഉയര്‍ന്നു നില്‍ക്കുന്നു.  

ഹിമാലയത്തിലെ ചിരിക്കും പക്ഷിയുടെ വംശത്തില്‍പെട്ട ചിലപ്പന്‍ കിളികളുടെ  ആവാസ കേന്ദ്രമാണ് ചെമ്പ്രമലയും പരിസരവും. ചിലപ്പന്‍ കിളികളുടെ പൂര്‍വികര്‍ 3000 കിലോമീറ്റര്‍ സഞ്ചരിച്ച് ഡെക്കാന്‍ പീഠഭൂമി കടന്ന് ഇവിടെയെത്തിയെന്നാണ് കണ്ടെത്തല്‍. വയനാട്ടിലെ വന്‍ ഉയരമുള്ള മലനിരകളില്‍ ഈ പക്ഷികള്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവയുടെ വിഹാര കേന്ദ്രങ്ങളെ ആകാശത്തുരുത്തുകള്‍ (Sky Island) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കിളികളുടെ വംശം 5 ദശലക്ഷം വര്‍ഷം മുമ്പാണുണ്ടായതെന്ന് കണക്കാക്കുന്നു.

പാറപൊട്ടിക്കുന്ന മുഴക്കവും യന്ത്രസാമഗ്രികളുടെ ശബ്ദവും ഈ കിളികളുടെ സ്വൈരവിഹാരത്തിനു തടസ്സമാകും. ഇതുപോലെ നിരവധി ജീവജാലങ്ങള്‍ മനുഷ്യരുടെ ഇടപെടലുകളില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന സ്ഥലമാണ് ഈ മലനിരകള്‍. നിര്‍മാണം പൂര്‍ത്തിയായി വാഹനങ്ങള്‍ ഓടിത്തുടങ്ങുന്നതോടെ പല ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ തകിടം മറിഞ്ഞേക്കാം. യാഥാര്‍ഥ്യം ഇതായിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പു മുന്‍പില്‍ കണ്ടുകൊണ്ടുള്ള വാഗ്ദാനം മാത്രമായേ കാണാന്‍ സാധിക്കൂവെന്നും അരുള്‍ ബാദുഷ പറയുന്നു. 

English summary: Anakkampoyil-Kalladi, the Wayanad subterranean tunnel may cause adverse natural disasters, warns environmentalists

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com