ADVERTISEMENT

‘‘അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. മൺകട്ടകൊണ്ടു നിർമിച്ച വളരെ ചെറിയ ഒരു വീട്. എല്ലാവരും തറയിൽ കിടന്നാണ് ഉറങ്ങുന്നത്. വാതിലുകളോ ജനലുകളോ ഒന്നും അങ്ങനെയില്ല. പത്തോളം പേരാണ് ആ ചെറിയ വീട്ടിൽ താമസിക്കുന്നത്. ഒരു കുഞ്ഞിനെ അവർക്ക് നഷ്ടമായി, ഒരു മകൾ കൂടി ഉണ്ട് അവർക്ക്. അതിനെങ്കിലും നന്നായി ഉറങ്ങാൻ കഴിയണം. അതു മാത്രമല്ല ഒരുപാട് അംഗങ്ങളുണ്ട്. അവർക്കൊക്കെ അടച്ചുറപ്പുള്ള ഒരു വീട് വേണം. അതുകൊണ്ടാണ് എങ്ങനെയും അവർക്ക് വീട് നിർമിച്ചു നൽകണമെന്ന് തീരുമാനിച്ചത്.’’ – വാവ സുരേഷ്

ഈ മാസം രണ്ടിനാണ് വീട്ടിൽ ഉറങ്ങി കിടന്ന പത്തനാപുരം മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ കഴിയുന്ന രാജീവ്-സിന്ധു ദമ്പതികളുടെ മകൾ ആദിത്യ എന്ന പത്തുവയസ്സുകാരി പാമ്പു കടിയേറ്റു മരിച്ചത്. ആദിത്യയുടെ വീട് സന്ദർശിച്ച വാവ സുരേഷാണ് അവർക്ക് കെട്ടുറപ്പുള്ള ഒരു വീടു നൽകാൻ ശ്രമിക്കുന്നത്.

വാവ സുരേഷിന് വീടു വച്ച് നൽകാനായി മലപ്പുറം സ്വദേശികളായ ചില പ്രവാസികൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ ‘തനിക്കിപ്പോൾ പാമ്പും പഴുതാരയും കയറാത്ത അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു വീടുണ്ടെന്നും നിങ്ങൾക്ക് എനിക്ക് വീടു നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എനിക്കെന്നും പറഞ്ഞ് ആദിത്യയുടെ വീട്ടുകാർക്ക് നൽകിയാൽ മതിയെന്നു’ പറയുകയായിരുന്നെന്ന് വാവ സുരേഷ് മനോരമ ഓൺലൈനോടു പറ‍ഞ്ഞു. 

‘‘ആദിത്യയുടെ വീട് സന്ദർശിച്ചപ്പോൾ അവർക്ക് എങ്ങനെയെങ്കിലും കുറച്ച് പണം ശേഖരിച്ച് വീടു വച്ച് നൽകണമെന്ന് കരുതിയിരുന്നു. അതിന് ഞാനും എന്റെ സുഹൃത്തുക്കളും ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിൽ എനിക്ക് വീട് വച്ച് നൽകാൻ ഈ പ്രവാസി സുഹൃത്തുക്കൾ എത്തുന്നത്. അങ്ങനെയാണ് അവരോട് ഇക്കാര്യം പറയുന്നത്. അവർ അത് സന്തോഷപൂർവം സ്വീകരിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ വീടു നിർമിക്കാനുള്ള ഫണ്ട് അവർ ആദിത്യയുടെ അച്ഛന്റെ അക്കൗണ്ടിലേക്ക് നൽകും. ഞാനും സുഹൃത്തുക്കളും ഞങ്ങൾ‌ക്ക് പറ്റുന്നതു പോലെ പണം സംഘടിപ്പിക്കാനും നോക്കുന്നുണ്ട്. ഒരു കുട്ടിയുടെ ജീവന്റെ വില ആവില്ലെന്ന് അറിയാം. എങ്കിലും ഇനിയെങ്കിലും അവർക്ക് ഭയപ്പെടാതെ കിടന്നുറങ്ങാൻ കഴിയുമല്ലോ.’’

‘‘രാജീവും ഭാര്യയും മക്കളും കൂടാതെ രാജീവിന്റെ സഹോദരിയും ഭർത്താവും അവരുടെ മൂന്ന് പെൺമക്കളും ഉൾപ്പെടെ പത്തോളം പേരാണ് രണ്ടു മുറി മാത്രമുള്ള വീട്ടിൽ താമസിക്കുന്നത്. 1990 ൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് നൽകിയ വീടാണത്. ഒരു മുറിയിലും വരാന്തയിലുമായൊക്കെയാണ് എല്ലാവരും കിടക്കുന്നത്.അടുത്താഴച തന്നെ വീടു നിർമാണം തുടങ്ങാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’’ – വാവ വിശദീകരിച്ചു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ആദിത്യ മരണത്തിന് കീഴടങ്ങിയത്. പഴയ മൺവീട്ടിലാണു കുടുംബം കഴിയുന്നത്. രണ്ടിനു രാത്രിയിൽ കുട്ടിക്ക് പാമ്പു കടിയേറ്റെങ്കിലും  അത് മറ്റെന്തെങ്കിലും പ്രാണി കടിച്ചതാകുമെന്നാണ് ആദ്യം വിചാരിച്ചത്. പതിവില്ലാതെ പുലർച്ചെ എഴുന്നേറ്റ, ആദിത്യ, തളർച്ചയിലേക്കു വീണു കൊണ്ടിരുന്നു.തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടു കണ്ടെത്തിയെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആകുമെന്നാണ് വീട്ടുകാർ കരുതിയത്. 

എന്നാൽ കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടർന്ന് ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണ് ഭിത്തിയോടു ചേർന്ന മാളത്തിനുള്ളിൽ ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയത്.

‘ശംഖുവരയന്റെ പ്രത്യേകതയാണ് അത്. കടിച്ചാലും പെട്ടെന്ന് അറിയാൻ കഴിയില്ല. ചെറിയൊരു കല്ലിപ്പു മാത്രമേ ഉണ്ടാകൂ. അസ്വസ്ഥതകൾ പെട്ടെന്ന് പ്രകടമാകില്ല. കട്ടുറുമ്പോ ചെറിയ പ്രാണി എന്തോ കടിച്ചെന്നാണ് അവർ കരുതിയത്. രാവിലെ കുട്ടി തലവേദനയും തളർച്ചയും പ്രകടമാക്കിയപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പു കടിച്ചതാകുമെന്ന് ഡോക്ടർ സംശയം പറഞ്ഞപ്പോഴാണ് ഗൗരവം വീട്ടുകാർ ഉൾക്കൊണ്ടത്. മറ്റു പാമ്പുകളെ കഴിക്കുന്ന ഗണത്തിലുള്ളവയാണ് ശംഖുവരയൻ. വീട്ടിൽ ചേരയുടെയും മറ്റും സാന്നിധ്യം ഉണ്ടെന്നാണ് വീട്ടുകാർ പറഞ്ഞത്. അതിനെയൊക്കെ വിരട്ടി വിടുകയാണ് ചെയ്യാറ്. പാമ്പുകളെ പിടിക്കാൻ എത്തിയതാകും ശംഖുവരയൻ എന്നാണ് നിഗമനം ’– വാവ സുരേഷ് പറഞ്ഞു.

English Summary : Vava Suresh on building house to Aditya who dies of snake bite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com