പെൺസുഹൃത്തിന്റെ പേരിൽ സഹപാഠിയെ കൊല്ലാൻ ശ്രമം: 2 പേർക്ക് 7 വർഷം തടവ്

prison-jail-crime-1200
പ്രതീകാത്മക ചിത്രം
SHARE

ബെംഗളൂരു∙ എൻജിനീയറിങ് വിദ്യാർഥിയെ മൂന്നുനില കെട്ടിടത്തിൽനിന്നു തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ച കേസിൽ സഹപാഠികളായ രണ്ടുപേർക്ക് ഏഴു വർഷം തടവ്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ബെംഗളൂരു കെആർ പുരത്തെ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന കൊൽക്കത്ത സ്വദേശി സൗവിക് ചാറ്റർജിയെ 2010 ഡിസംബർ 26ന് കെട്ടിടത്തിന് മുകളിൽനിന്നു തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചതിനാണ് അസം സ്വദേശി ശശാങ്ക് ദാസ് (29), ഒഡീഷ സ്വദേശി ജിതേന്ദ്ര കുമാർ സഹു (32) എന്നിവരെ കോടതി ശിക്ഷിച്ചത്. ഇരുവരും ഇപ്പോൾ സോഫ്റ്റ്‌വെയർ എൻജീനിയർമാരാണ്.

സംഭവത്തിനു പിന്നാലെ അബോധാവസ്ഥയിലായ സൗവിക് ഒരു വർഷത്തിനുശേഷം ആശുപത്രിയില്‍ നിന്നു മടങ്ങിവന്നതിനു പിന്നാലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. സൗവിക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2011 ‍ഡിസംബറിലാണ് പ്രതികൾക്കെതിരെ ആവലഹള്ളി പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തത്. സംഭവം നടക്കുന്ന സമയം മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു സൗവിക്. ശശാങ്ക് സൗവിക്കിന്റെ സഹപാഠിയും ജിതേന്ദ്ര കുമാർ കോളജിലെ പിജി വിദ്യാർഥിയുമായിരുന്നു.

എൻജിനീയറിങ് കോളജിന്റെ ക്യാംപസിൽ തന്നെയുള്ള മറ്റൊരു വനിതാ കോളജിലെ പെണ്‍കുട്ടിയുമായി സൗവിക്കിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ശശാങ്ക് ദാസിനും ഇതേ പെൺകുട്ടിയോട് താൽപര്യമുണ്ടായിരുന്നു. തന്റെ അമ്മയെക്കുറിച്ചും പെൺകുട്ടിയെക്കുറിച്ചും ശശാങ്ക് അപവാദം പറഞ്ഞതിനെ സൗവിക് ചോദ്യംചെയ്തിരുന്നു. ഇക്കാര്യം ശശാങ്ക് തന്റെ സുഹൃത്തായ ജിതേന്ദ്ര കുമാറിനോട് പറയുകയും ചെയ്തു.

2010 ഡിസംബർ 6ന് സൗവിക് വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തെത്തിയ ശശാങ്കും ജിതേന്ദ്ര കുമാറും ടെറസിൽവച്ചു സൗവിക്കിനെ മർദ്ദിക്കുകയും തള്ളി താഴേയ്ക്കിടുകയും ആയിരുന്നു. ഇതിനു പിന്നാലെ അബോധാവസ്ഥയിലായ സൗവിക് രണ്ടു മാസം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലും ചികിത്സയിലായി. 2011 ഓഗസ്റ്റിലാണ് സൗവിക് സുബോധം വീണ്ടെടുക്കുന്നത്. മാസങ്ങൾക്കുശേഷം അപകടദിവസത്തെ കാര്യങ്ങൾ സൗവിക് ഓർത്തെടുത്ത് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.

English Summary: 10 yrs after bid to kill friend, two techies get 7 years in jail in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA