'ചൈനക്കാര്‍ക്കെതിരായ നടപടി നിര്‍ത്തണം; ഇല്ലെങ്കില്‍ അമേരിക്കക്കാരെ അകത്താക്കും'

us-china-conflict
SHARE

വാഷിങ്‌ടൻ ∙ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) ബന്ധമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ നീക്കത്തിനു മറുപടിയായി ചൈനയിലെ അമേരിക്കക്കാരെ തടവിൽവയ്ക്കുമെന്ന് കമ്യൂണിസ്റ്റ്  സർക്കാർ. മുന്നറിയിപ്പ് സന്ദേശം യുഎസിനു ബെയ്ജിങ് നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

യു‌എസ്‌ സർക്കാർ ഉദ്യോഗസ്ഥർക്കു ചൈനീസ് അധികൃതർ ഒന്നിലധികം മാർഗങ്ങളിലൂടെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് ഇക്കാര്യവുമായി അ‌ടുപ്പമുള്ളവരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. യുഎസ് കോടതികളിലെ ചൈനീസ് പൗരന്മാരുടെ വിചാരണ അമേരിക്ക അവസാനിപ്പിക്കണം. അല്ലെങ്കിൽ ചൈനയിലെ അമേരിക്കക്കാർ നിയമം ലംഘിച്ചതായി കുറ്റം ചുമത്തുമെന്നാണു സന്ദേശത്തിൽ വ്യക്തമാക്കുന്നത്. 

ചൈനയിലേക്കുള്ള യാത്രയ്‌ക്കെതിരെ സെപ്റ്റംബർ 14ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉപദേശകൻ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനീസ് സർക്കാർ യുഎസ് പൗരന്മാരെയും മറ്റുള്ളവരെയും അനധികൃതമായി തടങ്കലിൽ വയ്ക്കുകയും എക്സിറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞത്. റിപ്പോർട്ടിനോടു വാഷിങ്ടനിലെ ചൈനീസ് എംബസി പ്രതികരിച്ചില്ല.

ലോകശക്തിയായി പ്രതിഷ്ഠിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി യുഎസിന്റെ സാങ്കേതികവും സൈനികവും മറ്റുമായ വിവരങ്ങൾ മോഷ്ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്നാണു ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. യുഎസ് അക്കാദമിക് സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ വീസയ്ക്ക് അപേക്ഷിച്ചപ്പോൾ പിഎൽഎ അംഗത്വം മറച്ചുവച്ചതിന് 3 ചൈനക്കാരെ എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ആയിരത്തിലധികം ചൈനീസ് പൗരന്മാർക്കു വീസ റദ്ദാക്കി. ഇതിനെ മനുഷ്യാവകാശ ലംഘനമെന്നാണു ചൈന വിശേഷിപ്പിച്ചത്. 

English Summary: China Warns US It May Detain Americans Over Prosecution Of Scholars: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA