ADVERTISEMENT

ബേബി എന്നു വിളിപ്പേരുള്ള പി. ടി. ജോസഫിന് ആ പേരു ലഭിക്കുന്നതിനു പിന്നിൽ ഹൃദയസ്പർശിയായ ഒരു ജീവിതാനുഭവമുണ്ട്. സഭയുടെ അന്നത്തെ പരമാധ്യക്ഷനായ തീത്തൂസ് ദ്വതീയൻ മെത്രാപ്പൊലീത്തയാണ് ജോസഫ് മാർത്തോമ്മായെ മാരാമൺ ഇടവകയിൽ ജ്ഞാനസ്നാനം ചെയ്യിച്ചത്. കുട്ടിക്കു പേരിടേണ്ട സമയമായപ്പോൾ തലതൊട്ടപ്പനും ജ്ഞാനപിതാവുമായ സന്യാസിപട്ടക്കാരൻ പാലക്കുന്നത്ത് റവ. പി. എം മത്തായിയോട് തീത്തൂസ് ദ്വിതീയൻ ആ പേരു നിർദേശിച്ചു: ജോസഫ്.

അതിനു പിന്നിലെ കഥ ഇതാണ്. കുട്ടിയുടെ പിതാവിന്റെ സഹോദരനായ ജോസഫ് തിരുവനന്തപുരത്ത് നിയമവിദ്യാർഥിയായി എൽഎംഎസ് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് ഇന്നത്തെ കൊറോണ പോലെ നാടെങ്ങും ടൈഫോയിഡ് മഹാമാരിയായി പടർന്നു പിടിച്ചു. ഉറ്റ സ്നേഹിതന് ഇതിനിടെ രോഗം പിടിപെട്ടു. മറ്റെല്ലാവരും ഹോസ്റ്റൽ വിട്ടെങ്കിലും അദ്ദേഹം അവിടെ താമസിച്ച് കൂട്ടുകാരനെ ശുശ്രൂഷിച്ചു. അയാൾക്കു സൗഖ്യം ലഭിച്ചുവെങ്കിലും കുട്ടിയുടെ പിതൃസഹോദരൻ സന്നിപാതജ്വരം ബാധിച്ചാണ് മരിക്കുന്നത്. സുഹൃത്തിനെ ശുശ്രൂഷിച്ച് ജീവിതം ബലിയായി നൽകിയ പിതൃസഹോദരന്റെ പേരാണ് ജോസഫ് മാർത്തോമ്മായ്ക്കു ലഭിക്കുന്നത്. 

മാരാമൺ പാലക്കുന്നത്ത് തീത്തൂസ് രണ്ടാമൻ മെത്രാപ്പൊലീത്തയുടെ സഹോദരൻ കടോൺ തോമസിന്റെ മകൻ ലൂക്കോസിന്റെയും മാരാമൺ പുത്തൂർ വീട്ടിൽ മറിയാമ്മയുടെയും മകനായി 1931 ജൂൺ 27 നാണ് ജനനം. 

വൈറലായി... ഓർമകൾ അയവിറക്കി മാതൃഇടവകയിലെ നവതി പ്രസംഗം

തന്റെ കുടുംബത്തിലെ തന്നെ പട്ടക്കാരുടെയും ബിഷപ്പുമാരുടെയും ഒപ്പം ജീവിച്ച് അവരുടെ അന്തർസംഘർഷങ്ങൾ കണ്ടു വളർന്ന ജോസഫ് വൈദികനാകാ‍ൻ ആഗ്രഹിച്ചിരുന്നില്ലെന്നതാണു സത്യം. നവതിയോടനുബന്ധിച്ചു മാതൃ ഇടവകയായ മാരാമൺ മാർത്തോമ്മാ പള്ളിയിൽ നടന്ന ചടങ്ങിലാണ് ജോസഫ് മാർത്തോമ്മാ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവിയെക്കുറിച്ചുള്ള എന്തു തീരുമാനവും ദൈവത്തോടൊപ്പം ചേർന്നു മാത്രം എടുക്കണമെന്നു ബന്ധു കൂടിയായ ഡോ. ഏബ്രഹാം മാർത്തോമ്മാ നെഞ്ചോടു ചേർത്തുപിടിച്ചു പറഞ്ഞ ആ വാക്ക് യുവാവായ ജോസഫിനെ കാലം കാത്തുവച്ച നിയോഗത്തിലേക്കു തിരിച്ചുവിട്ടു.

English Summary: Remembering Dr.Joseph Marthoma metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com