ADVERTISEMENT

മാരാമൺ പാലക്കുന്നത്ത് ഏബ്രഹാം മൽപ്പാന്റെ ജേഷ്ഠ സഹോദരൻ മാത്തച്ചന്റെ മകൻ മാത്യൂസ് മാർ അത്തനാസിയോസാണ് നവീകൃത മാർത്തോമ്മാ സഭയുടെ നേതൃത്വം ആദ്യം ഏറ്റെടുക്കുന്ന മലങ്കരയിലെ വലിയ മെത്രാച്ചൻ. ആ പൈതൃകത്തെ അദ്ദേഹം എന്നും ഹൃദയത്തോടു ചേർത്തു പിടിച്ചു. മാർത്തോമ്മാ ശ്ലീഹാ ഭാരതമണ്ണിൽ പ്രസംഗിച്ച സുവിശേഷ വെളിച്ചത്തിൽ സഭയെ പൗരസ്ത്യ രീതിയിൽ നവീകരിക്കുന്നതിനു തുടക്കമിട്ട പാരമ്പര്യത്തിന്റെ പിന്മുറക്കാരനും ശക്തനായ വക്താവുമായിരുന്നു ജോസഫ് മാർത്തോമ്മാ. 

1877 ൽ മാർ അത്തനാസിയോസ് കാലംചെയ്തു. തുടർന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയായി. നവീകരണ പിതാവായ ഏബ്രഹാം മൽപ്പാന്റെ രണ്ടാമത്തെ മകനായ ഇദ്ദേഹം 1893 വരെ മെത്രാപ്പൊലീത്തയായി തുടർന്നു. പിന്നീട് 1894 ൽ ചുമതലയേറ്റ തീത്തൂസ് പ്രഥമൻ ഏബ്രഹാം മൽപ്പാന്റെ നാലാമത്തെ മകനാണ്. 1909 ൽ കാലം ചെയ്തു.

മാത്യൂസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ സഹോദരൻ ഔസേപ്പച്ചന്റെ ഇളയ പുത്രനായ തീത്തൂസ് ദ്വിതീയനാണ് തുടർന്നു സഭൗ നൗകയെ നയിച്ചത്. 1944 ൽ ദിവംഗതനായി. തുടർന്ന് കല്ലൂപ്പാറ മാരേട്ട് കുടുംബത്തിലെ ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയായി. 1947 ൽ ഏബ്രഹാം മാർത്തോമ്മാ കാലം ചെയ്തതിനെ തുടർന്ന് അയിരൂർ ചെറുകര കുടുംബാംഗം ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത ചുമതലയേറ്റു. 1976 ൽ യൂഹാനോൻ മാർത്തോമ്മാ കാലം ചെയ്തു. ഇതേ തുടർന്നു കുറിയന്നൂർ മാളിയേക്കൽ കുടുംബാംഗം ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്തയായി.

1999 ഒക്ടോബർ 23 വരെ തുടർന്ന ഇദ്ദേഹം പിൻഗാമിയായി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ ചുമതലയേൽപ്പിച്ചു വിശ്രമജീവിതത്തിലേക്കു കടന്നു. 2000 ജനുവരി 13 ന് കാലം ചെയ്തു. 1999 മാർച്ച് 15 ന് ഒഫിഷ്യേറ്റിങ് മെത്രാപ്പൊലീത്തയായി ചുതമലയേറ്റ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 1999 ഒക്ടോബർ 23 നാണ് മെത്രാപ്പൊലീത്തയായി ചുമതലയേൽക്കുന്നത്. 2007 ഒക്ടോബർ രണ്ടിന് ഭരണച്ചുമതലകളിൽ നിന്നൊഴിഞ്ഞ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചുമതലയേൽപ്പിച്ചു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയായി മാറി.

പൈതൃക വഴിയിലെ എട്ടാമൻ

എട്ടോളം മെത്രാന്മാരുടെ പൈതൃകം സ്വന്തമായുള്ള അപൂർവ പാരമ്പര്യത്തിന്റെ ഉടമ. ഡോ. ജോസഫ് മാർത്തോമ്മാ ഉൾപ്പെടെ 5 മെത്രാപ്പൊലീത്തമാരാണു മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ നിന്നുമാത്രമുള്ളത്. നവീകരണ പിതാവായ ഏബ്രഹാം മൽപ്പാന്റെ ജ്യേഷ്ഠ സഹോദരൻ മാത്തച്ചന്റെ മകൻ മാത്യൂസ് മാർ അത്തനാസിയോസാണ് കുടുംബത്തിലെ ആദ്യ മെത്രാപ്പൊലീത്ത; സഭയിലെയും.

തുടർന്നു ചുമതലയേറ്റ തോമസ് മാർ അത്തനാസിയോസ് ഏബ്രഹാം മൽപ്പാന്റെ രണ്ടാമത്തെയും പിന്നാലെ വന്ന തീത്തൂസ് പ്രഥമൻ നാലാമത്തെയും മകനാണ്. ഒരു പിതാവിന്റെ 2 മക്കൾ ബിഷപുമാരാകുന്നു എന്ന ചരിത്രാപൂർവതയും ഇവിടെ ശ്രദ്ധേയം.

തുടർന്നു ചുമതലയേറ്റ തീത്തൂസ് ദ്വിതീയൻ മെത്രാപ്പൊലീത്ത, മാത്യൂസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ സഹോദരൻ ഔസേപ്പച്ചന്റെ ഇളയ പുത്രനാണ്. ദ്വിതീയന്റെ സഹോദരൻ കടോൺ തോമസിന്റെ മകൻ ലൂക്കോസിന്റെ മകനാണ് ജോസഫ് മാർത്തോമ്മാ.

മാതൃവഴിയിലും മെത്രാപ്പൊലീത്ത ബന്ധം

ഏബ്രഹാം മൽപ്പാന്റെ മകൾ സാറാമ്മയെ ഇരവിപേരൂർ ശങ്കരമംഗലത്ത് വിവാഹം ചെയ്തിട്ടുണ്ട്. സാറാമ്മയുടെ മകളുടെ മകളാണ് ഡോ. ഏബ്രഹാം മാർത്തോമ്മായുടെ മാതാവ് മറിയാമ്മ. മാത്യൂസ് മാർ അത്തനാസിയോസിന്റെ സഹോദരി മറിയാമ്മയെ അയിരൂർ ചെറുകര ഗീവർഗീസ് കത്തനാർ വിവാഹം ചെയ്തു. ഇവരുടെ മകനാണ് ഫിലിപ്പോസ് മൽപ്പാൻ. ഫിലിപ്പോസ് മൽപ്പാന്റെ മകനാണ് സി.പി. മാത്യു മുൻസിഫ്. മുൻസിഫിന്റെ മകനാണ് ഡോ. യൂഹാനോൻ മാർത്തോമ്മാ. (മുൻസിഫിന്റെ സഹോദരനാണ് അയിരൂരച്ചൻ എന്നറിയപ്പെടുന്ന സി.പി. ഫിലിപ്പോസ് കശീശ). സഭയിലെ മറ്റൊരു ബിഷപ്പായിരുന്ന അയിരൂർ കുരുടാമണ്ണിൽ കാന്തപ്പള്ളിൽ കുടുംബാംഗം ഡോ. മാത്യൂസ് മാർ അത്തനാസിയോസിന്റെ മാതാവ് ഏലിയാമ്മ തീത്തൂസ് രണ്ടാമൻ മെത്രാപ്പൊലീത്തയുടെ സഹോദരിയാണ്.

തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുമായും ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് ബന്ധം അവകാശപ്പെടാം. അത് ഇങ്ങനെയാണ്: തീത്തൂസ് ദ്വിതീയന്റെ സഹോദരൻ മത്തായി പാലക്കുന്നത്ത് തറവാട്ടിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകൻ തോമസ് വിവാഹം ചെയ്തത് കോട്ടയം പനംപുന്നയിൽ കുടുംബാംഗമായ തോമസ് മാർ അത്തനാസിയോസിന്റെ സഹോദരി ഏലുമ്മയെയാണ്.

English Summary: Remembering Dr.Joseph Marthoma metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com