ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഎം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപ്പെട്ട്‌ കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളിധരന്‍ നടത്തിയ പത്രസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്‌. ബിജെപി നിര്‍ദേശിക്കുന്നതു പോലെയാണ്‌ അന്വഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുക എന്നാണ്‌ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്‌.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ബിജെപി ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വിമര്‍ശനം ശരിവെയ്‌ക്കുന്നതാണ്‌ ഈ നടപടി. അന്വേഷണ ഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന്‌ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രഖ്യാപിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ പ്രതിയുടെ മൊഴിയെ പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി. മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണ്‌.

ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ ഒരു മന്ത്രി പാര്‍ട്ടി കേന്ദ്രത്തില്‍ പത്രസമ്മേളനം നടത്തി അന്വേഷണ ഏജന്‍സി പോലും കണ്ടെത്താത്ത കാര്യങ്ങള്‍ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്‌. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുകയാണ്‌ കേന്ദ്രമന്ത്രി ചെയ്‌തിട്ടുള്ളത്‌. പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും ബിജെപി പ്രസിഡൻഡ്‌ കെ. സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്‌താവനകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്‌ കേന്ദ്രമന്ത്രി ചെയ്‌തത്‌. അതിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന പരിഹാസ്യ ആവശ്യവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്‌.

സ്വതന്ത്രമായ കേസ്‌ അന്വേഷണത്തിന്‌ വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നില്ലെന്ന്‌ വ്യക്തമാക്കുന്ന പല നടപടികളും ഇതിനു മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. സ്വര്‍ണ്ണം കടത്തിയത്‌ നയതന്ത്ര ബാഗേജ്‌ വഴിയല്ലെന്ന തുടര്‍ച്ചയായ പ്രസ്‌താവനകള്‍, കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കാത്തത്‌, കോണ്‍സുലേറ്റ്‌ ഉദ്യോഗസ്‌ഥരുടെ മൊഴി പോലും എടുക്കാന്‍ അനുവദിക്കാത്തത്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഇതിന്റെയെല്ലാം ഭാഗമായി കോടതികളില്‍ അന്വേഷണ ഏജന്‍സികള്‍ തുറന്നു കാട്ടപ്പെട്ടു.

ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാന്‍ എന്‍ ഐ എ ക്ക്‌ കഴിഞ്ഞില്ലെന്നാണ്‌ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്‌. എഫ്‌ സിആര്‍എ നിയമം ബാധകമല്ലാത്ത കേസിലാണ്‌ ലൈഫ്‌ മിഷനെതിരെ സിബിഐ അന്വേഷണം നടത്തുന്നതെന്ന്‌ ഹൈക്കോടതിയും വ്യക്തമാക്കി. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം മുന്‍നിര്‍ത്തി അന്വഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത്‌ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിന്നും നിയമ വ്യവസ്‌ഥക്കും നേരെയുള്ള വെല്ലുവിളിയാണ്‌. ഈ തെറ്റായ നീക്കത്തിന്‌ ഒപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ്‌ ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തില്‍ അധപ്പതിച്ചിരിക്കുന്നു. എല്ലാ പരിധിയും ലംഘിക്കുന്ന ഈ കൂട്ടുകെട്ടിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത്‌ നിയമവാഴ്‌ച നില നില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന മുഴുവന്‍ പേരുടേയും ഉത്തരവാദിത്തമാണെന്നും സിപിഎം പറഞ്ഞു.

English Summary : Gold Smuggling Case : CPM against V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com