ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. എല്ലാ മാനദണ്ഡങ്ങളും ചിട്ടയോടെ പിന്തുടർന്നാൽ അടുത്ത വർഷമാദ്യം വൈറസിന്റെ വ്യാപനം പൂർണമായും നിയന്ത്രണത്തിലാക്കാം. വരുന്ന ശൈത്യകാലത്തും ഉത്സവസീസണിലും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും മൂർധന്യാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.

കോവിഡ് വീണ്ടും രൂക്ഷമായാൽ പ്രതിമാസം 26 ലക്ഷം രോഗികൾ വരെയുണ്ടാകാം. ആകെ ജനസംഖ്യയിൽ ഇതുവരെ ആകെ 30 ശതമാനം ആളുകളിൽ മാത്രമാണ് കോവിഡ് പ്രതിരോധശേഷി വികസിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ മഹാമാരിയെ നിയന്ത്രിക്കാനാകും. അപ്പോഴേയ്ക്കും ഏകദേശം ഒരു കോടിക്കു മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കും. നിലവിൽ 75 ലക്ഷത്തോളം രോഗികളുണ്ട്.

മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മരണസംഖ്യ ഓഗസ്റ്റിൽ തന്നെ 25 ലക്ഷം പിന്നിടുമായിരുന്നു. എന്നാൽ ഇതുവരെ 1.15 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. എങ്കിലും ഇനിയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അഭികാമ്യമലല്ല. ചെറിയ പ്രദേശങ്ങളിൽ മാത്രമെ അത് പ്രാവർത്തികമാകൂ. രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും പ്രവർത്തിക്കുന്നതിലേക്ക് നീങ്ങണം.

വലിയ ആൾക്കൂട്ടങ്ങൾ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ഓണാഘോഷം ചൂണ്ടിക്കാട്ടി സമിതി വ്യക്തമാക്കി. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ നൽകിയ ഇളവുകൾ കാരണം സെപ്റ്റംബർ 8നു ശേഷം കേരളത്തിലെ രോഗവ്യാപനം കുത്തനെ കൂടി. കോവി‍ഡ് വ്യാപന സാധ്യത 32 ശതമാനം വർധിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി 22 ശതമാനം കുറയുകയും ചെയ്തതായി സമിതി പറഞ്ഞു. വിവിധ ഐഐടികളിലെയും ഐസിഎംആറിലെയും വിദഗ്ധർ ഉൾപ്പെടുന്നതാണ് സമിതി.

English Summary: Covid Peak Over, Can be Controlled Early Next Year, Says Panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com