ADVERTISEMENT

ന്യൂഡൽഹി ∙ കുട്ടികളെ ഭീകരവാദത്തിലേക്കു പ്രചോദിപ്പിക്കുന്നുവെന്ന സംശയത്താൽ ഷോപിയാനിലെയും പുൽവാമയിലെയും ചില മത– വിദ്യാഭ്യാസ കേന്ദ്രങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും നിരീക്ഷണത്തിലെന്നു റിപ്പോർട്ട്. ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമുള്ള ഷോപിയാൻ ആസ്ഥാനമായുള്ള ഒരു കോളജാണ് ഇത്തരമൊരു നിരീക്ഷണത്തിനു കാരണമായതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഈ കോളജിൽ അടിസ്ഥാനപരമായി മതപരിശീലനമാണു നൽകുന്നത്. മെട്രിക്കുലേറ്റ്, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസവും ആർട്സ് വിഭാഗത്തിൽ ബിരുദ പ്രോഗ്രാമുകളുമുണ്ട്. കോളജ് അടുത്തിടെ പൊതു സുരക്ഷാ നിയമത്തിന്റെ (പി‌എസ്‌എ) വലയ്ക്കുള്ളിലായി. പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിയായ സജ്ജദ് ഭട്ടിനൊപ്പം ഇവിട‌ുത്തെ 15 മുൻ വിദ്യാർഥികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നു കണ്ടെത്തി. ഇവിടെ പഠിപ്പിച്ചിരുന്ന മൂന്ന് അധ്യാപകർക്കെതിരെ പിഎസ്എ ചുമത്തി. 

‘ഷോപിയാനിലെയും പുൽവാമയിലെയും നിരവധി സ്കൂളുകൾ ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‍ലാമിയെ യു‌എ‌പി‌എ പ്രകാരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടേതിനു സമാനമായ കാര്യങ്ങളാണു പഠിപ്പിക്കുന്നത്. സ്വദേശികളായ ആൺകുട്ടികളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിനുള്ള നിയമാനുസൃത സംവിധാനമായി ഈ സ്കൂളുകൾ മാറുന്നുണ്ടെന്നു സംശയിക്കുന്നു’.– ജമ്മു കശ്മീർ ഡിജിപി ദിൽ‌ബാഗ് സിങ് പറഞ്ഞു.

തെക്കൻ കശ്മീരിലെ യുവാക്കളെ ആകർഷിക്കുന്നതിനും അതിർത്തിയിൽനിന്നു ഡ്രോൺ വഴി കടത്തുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതിനും തീവ്രവാദ സംഘടനകൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിർത്തിയോടു ചേർന്നു പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ കരാർ ലംഘനം അവസാന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയായി. അതേസമയം, മുൻവർഷങ്ങളേക്കാൾ കടുത്ത നടപടികൾ സ്വീകരിച്ചതിനാൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

English Summary: Lens on J&K schools ‘motivating kids to become terrorists’: DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com