ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപ നയത്തിൽ മാറ്റം വരുത്തിയതോടെ വെട്ടിലായത് ചൈന. നയത്തിൽ മാറ്റം വന്നതോടെ ചെറിയ തോതിലുള്ള ചൈനീസ് നിക്ഷേപങ്ങൾക്കു പോലും കേന്ദ്രാനുമതി ആവശ്യമാണ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തുനിന്നു വരുന്ന നിക്ഷേപങ്ങളുടെ പരിശോധനാ പദ്ധതിക്ക് ഏപ്രിലിൽ മന്ത്രിസഭ അനുമതി നൽകിയപ്പോൾത്തന്നെ, അതിന്റെ പരിധി കമ്പനി ആക്ട് അനുസരിച്ചുള്ള 10 ശതമാനമോ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള 25 ശതമാനമോ എന്ന കാര്യവും ചർച്ച ചെയ്തിരുന്നു.

എന്നാൽ ഒട്ടേറെത്തവണ ചർച്ച ന‌ടത്തിയെങ്കിലും ആറു മാസത്തിനുശേഷവും ഇതിൽ തീരുമാനമായില്ല. ‘കേന്ദ്രമന്ത്രിസഭാ തീരുമാനത്തിൽ നിക്ഷേപ പരിധി നിശ്ചയിക്കപ്പെട്ടില്ല. അതിനാൽ ചെറിയ നിക്ഷേപമാണെങ്കിൽ പോലും ഈ നിയമത്തിന്റെ പരിധിയിൽ വരും’ – ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

സിഗ്നിഫിക്കന്റ് ബെനഫിഷ്യൽ ഓണർഷിപ്പിനു പരിധി നിശ്ചയിക്കുന്നതിലൂടെ, ചൈനീസ് കമ്പനികൾക്ക് തടയിടുകയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. മൂന്നാമതൊരു രാജ്യം വഴി– അതായത് സിംഗപ്പൂർ, മൗറീഷ്യസ് തുടങ്ങിയവയിലൂടെ– ഇന്ത്യൻ മാർക്കറ്റിൽ ചൈനീസ് കമ്പനികൾ പ്രവേശിക്കുന്നതിനുള്ള മാർഗം ഇതിലൂടെ അടയ്ക്കുന്നു. ചൈനീസ് നിക്ഷേപമുള്ള പേടിഎം, സോമാറ്റോ മുതൽ ബിഗ് ബാസ്കറ്റ് വരെയുള്ള സ്റ്റാർട്ടപ്പുകളുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. സർക്കാർ അനുമതിക്കായി ഒട്ടേറെ പദ്ധതികളാണ് കാത്തുകെട്ടിക്കിടക്കുന്നത്.

വാണിജ്യ മന്ത്രാലയം മുതൽ ഊർജ മന്ത്രാലയം വരെയുള്ളവർക്കുള്ള നിർദേശങ്ങൾ തയാറാക്കുന്നതിന് ഒരു മന്ത്രിതല സമിതി ഈ ആഴ്ച തന്നെ കൂടിക്കാഴ്ച ന‌ടത്തും. പദ്ധതികൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ മന്ത്രിമാർക്ക് മാർഗനിർദേശം നൽകാൻ ഈ നിർദേശങ്ങൾ സഹായിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിർദേശങ്ങളിൽ അന്തിമതീരുമാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹോങ്കോങ്ങിൽനിന്നുള്ള വിദേശനിക്ഷേപവും ഇതിലുൾപ്പെടും. അതേസമയം, തായ്‌വാനിൽനിന്നുള്ള നിക്ഷേപങ്ങളെ എഫ്‍ഡിഐ പരിധിയിൽനിന്ന് ഒഴിവാക്കിയേക്കുമെന്നും വിലയിരുത്തലുണ്ട്.

എഫ്ഡിഐ നിർദേശങ്ങളിൽ ഭാവിയിൽ വെള്ളം ചേർക്കാനാകാത്ത വിധം മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനീസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) എന്നിവയിൽ ഭേദഗതി വരുത്താനും ശ്രമമുണ്ട്. എല്ലാ എഫ്ഡിഐ മാറ്റങ്ങളും ഫെമയുടെ കീഴിൽ വരുന്നതാണ്.

ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായതോ‌ടെയാണ് വിദേശനിക്ഷേപം അടക്കമുള്ളവയിലെ നിലപാടുകൾ സർക്കാർ ശക്തമാക്കിയത്. വിദേശനിക്ഷേപത്തിന് സർക്കാർ അനുമതിയെന്ന നിർദേശം മുൻപ് പാക്കിസ്ഥാനും ബംഗ്ലദേശിനും മാത്രമായിരുന്നു ബാധകം. അതിർത്തി സംഘർഷം രൂക്ഷമായതോടെ ചൈനയേയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികൾ ചൈനീസ് കമ്പനികൾ വാങ്ങിക്കൂട്ടുകയാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

നിക്ഷേപത്തിനു പുറമേ, നിലവിൽ വാങ്ങിയ ഓഹരികൾ ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിക്ക് വിൽക്കുന്നതിനും കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.

English Summary: FDI with even the smallest Chinese holding will need government nod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com