ADVERTISEMENT

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ സ്ഥാനാർഥികളുടെ വമ്പൻ പട. കക്ഷിഭേദമന്യേ നേതാക്കൾ മക്കളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവുമാണു മുൻനിരയിൽ. അന്തരിച്ച കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ എംപി നിയമസഭയിലേക്കു മത്സരിക്കുന്നില്ലെങ്കിലും എൻഡിഎയിൽ ഭിന്നിപ്പുണ്ടാക്കി വാർത്തകളിൽ നിറയുന്നു.

ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) നേതാവ് ശരദ് യാദവ് മകൾ സുഭാഷിണിയെ സ്ഥാനാർഥിയാക്കാൻ സ്വന്തം പാർട്ടിയെ മറന്നു കോൺഗ്രസിനെയാണ് ആശ്രയിച്ചത്. രോഗശയ്യയിൽ കഴിയുന്ന ശരദ് യാദവ് മഹാസഖ്യ സ്ഥാനാർഥിയായ മകൾക്കു വോട്ടു ചെയ്യാൻ അഭ്യർഥിച്ചു പ്രസ്താവനയുമിറക്കി. ബിഹാറിഗഞ്ച് മണ്ഡലത്തിലാണു സുഭാഷിണിയുടെ മത്സരം.

ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ ബങ്കിപ്പുർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. ബിഹാർ മുൻ മുഖ്യമന്ത്രി അബ്ദുൽ ഗഫൂറിന്റെ ചെറുമകൻ ആസിഫ് ഗഫൂറിനു ഗോപാൽഗഞ്ചിലാണു കോൺഗ്രസ് ടിക്കറ്റ്. കോൺഗ്രസ് നേതാക്കളായ സദാനന്ദ് സിങും അവധേഷ് കുമാർ സിങും മക്കൾക്കു സീറ്റ് തരപ്പെടുത്തി.

സദാനന്ദ് സിങിന്റെ മകൻ ശുഭാനന്ദ് മുകേഷ് കഹൽഗാവിലും അവധേഷ് കുമാറിന്റെ മകൻ ശശി ശേഖർ സിങ് വസീർഗഞ്ചിലും സ്ഥാനാർഥികളായി. കോൺഗ്രസ് മുൻ എംഎൽഎ ആദിത്യ സിങ് മരുമകൾ നീതുകുമാരിക്കു വേണ്ടിയാണു സീറ്റു സംഘടിപ്പിച്ചത്. ഹിസുവ മണ്ഡലത്തിലാണ് നീതുവിന്റെ പോരാട്ടം.

ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ്ങിന്റെ മകൻ സുധാകർ രാംഗഡിൽ പാർട്ടി സ്ഥാനാർഥിയായപ്പോൾ പാർട്ടി ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരിയുടെ മകൻ രാഹുലിനു ഷാപുർ ബക്സറിൽ ടിക്കറ്റ് ലഭിച്ചു. ആർജെഡിയുടെ മുൻ കേന്ദ്രമന്ത്രി ജയപ്രകാശ് നാരായണൻ യാദവിന്റെ മകൾ ദിവ്യ പ്രകാശ് തരാപു മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. മുൻ എംപിമാരായ ആനന്ദ് മോഹന്റെയും ലവ്‌ലി ആനന്ദിന്റെയും മകനായ ചേതൻ ആനന്ദാണു ശിവഹറിലെ ആർജെഡി സ്ഥാനാർഥി.

എൻഡിഎയിലും മക്കൾ സ്ഥാനാർഥികൾക്കു കുറവില്ല. മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങിന്റെ മകൾ ശ്രേയസി സിങ് ജമുയിയിൽ ബിജെപി സ്ഥാനാർഥിയാണ്. ആർജെഡിയിലെ മക്കൾ രാഷ്ട്രീയത്തെ പ്രചാരണ വിഷയമാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിലും മാറ്റമില്ല. ജെഡിയു മന്ത്രി കപിൽദേവ് കാമത്തിന്റെ മരുമകൾ മീണയ്ക്കും ജനാർദൻ മാഞ്ചി എംഎൽഎയുടെ മകൻ ജയന്തിനും പാർട്ടി ടിക്കറ്റ് കിട്ടി.

സിപിഐ നേതാവ് കമല മിശ്ര മധുകറിന്റെ മകൾ ശാലിനി മിശ്രയ്ക്കും ജെഡിയു സീറ്റുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മരുമകൻ ദേവേന്ദ്ര മാഞ്ചിക്കും ബന്ധുവായ ജ്യോതി ദേവിക്കുമാണു പാർട്ടി ടിക്കറ്റ് സമ്മാനിച്ചത്.

English Summary : Bihar assembly election 2020: Political heirs in race for tickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com