ADVERTISEMENT

കൊച്ചി∙ നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ഒരു കിലോയ്ക്ക് കമ്മിഷനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് സന്ദീപ് നായരുടെ മൊഴി. കിലോയ്ക്ക് 45,000 രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ അതു പോരെന്നായിരുന്നു സ്വപ്നയുടെ നിലപാടെന്നും മൊഴിയിലുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സന്ദീപ് നായർ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് കസ്റ്റഡിയിലുള്ള കെ.ടി. റമീസാണെന്ന് സന്ദീപ് നായരുടേതായി പുറത്തു വന്ന മൊഴിയിൽ പറയുന്നു. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താമെന്ന തന്ത്രം സ്വപ്നയുടേതായിരുന്നു. തനിക്ക് സരിത്തിനെയും റമീസിനെയും അറിയാമായിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തുന്നത് സുരക്ഷിതമാണെന്ന തന്ത്രം പറഞ്ഞത് സ്വപ്നയാണ്. സ്വർണം ഇത്തരത്തിൽ കടത്തുന്നതിനുള്ള ആദ്യ ഗൂഢാലോചന നടന്നത് സരിത്തിന്റെ കാറിൽ വച്ചായിരുന്നു. 2019ലാണ് ഇത്.

ആദ്യ ഘട്ടത്തിൽ പരീക്ഷണമെന്ന നിലയിൽ രണ്ടു തവണ ട്രയൽ നടത്തിയിരുന്നു. അതിനുശേഷവും സ്വർണം അയയ്ക്കാതെ വന്നതോടെ സ്വപ്ന തങ്ങളെ നിർബന്ധിക്കുകയായിരുന്നു. കോൺസൽ ജനറലിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്നും സ്വപ്ന തെറ്റിദ്ധരിപ്പിച്ചു. ജർമനിയിൽ ബിസിനസിനും ദുബായിൽ വീട് വയ്ക്കുന്നതിനും അദ്ദേഹത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും സന്ദീപ് മൊഴിയിൽ വെളിപ്പെടുത്തുന്നു.

അതുപോലെ സ്വപ്നയ്ക്കെതിരായ ക്രിമിനൽ കേസിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തൽ. എയർ ഇന്ത്യ സാക്സ് കേസിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനുശേഷമാണ് സ്പേസ്പാർക്കിൽ ശിവശങ്കർ ജോലി തരപ്പെടുത്തി നൽകിയത്.

ലൈഫ് മിഷൻ പദ്ധതിക്ക് 5% കമ്മിഷൻ നൽകാമെന്ന വാഗ്ദാനം യുണിടാക് എംഡി സന്തോഷ് ഈപ്പന്റേതായിരുന്നെന്നും സന്ദീപ് എഴുതിയ മൊഴിയിലുണ്ട്. സന്തോഷ് ഈപ്പനൊപ്പം താൻ കോൺസൽ ജനറലിനെ കണ്ടിട്ടുണ്ടെന്നും മൊഴിയിലുണ്ട്. അതേസമയം ഫ്ലാറ്റ് നിർമാണ കരാർ ഏറ്റെടുക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്നും കരാർ ഏറ്റെടുത്ത ശേഷമാണ് കമ്മിഷന്റെ കാര്യം അറിയുന്നതെന്നുമാണ് സന്തോഷ് ഈപ്പൻ പറഞ്ഞിട്ടുള്ളത്.

English Summary: Diplomatic Gold Smuggling - Sandeep Nair statement against Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com