ADVERTISEMENT

കൊച്ചി∙ കളമശേരി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ പൊലീസ് നടപടി തുടങ്ങി. മരിച്ച ഫോർട്ട്കൊച്ചി സ്വദേശി ഹാരിസിന്റെ (51) ബന്ധുക്കൾ നൽകിയ പരാതിയിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുന്നോടിയായുള്ള പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചികിത്സാ അവഗണന ആരോപിക്കപ്പെടുന്ന കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം വേണം കേസ് റജിസ്റ്റർ ചെയ്യാൻ എന്നതിനാലാണ് ഇതുവരെയും കേസ് റജിസ്റ്റർ ചെയ്യാതിരുന്നതെന്നാണു പൊലീസ് വിശദീകരണം.

ഹാരിസിന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ആശുപത്രി അധികൃതർക്കു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മെഡിക്കൽ കോളജിലെത്തി പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹാരിസ് മരിച്ചത് ഓക്സിജൻ മാസ്ക് മാറിക്കിടന്ന് ശ്വാസം കിട്ടാതെയാണെന്ന മെഡിക്കൽ കോളജ് ആശുപത്രി നഴ്സിങ് സൂപ്രണ്ടിന്റെ ഓഡിയോ പുറത്തു വന്നതിനു പിന്നാലെ 19ന് തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണു ഹാരിസിന്റെ മരണത്തിനു കാരണമെന്നു വിശ്വസിക്കുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഹാരിസിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു നടപടി സ്വീകരിക്കണം എന്നും ഇവർ പൊലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ പുത്തൻകുരിശിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാക്കുകയായിരുന്നു. പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 26ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കു ശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നതും ശ്വാസംമുട്ടലിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുന്നതും. ജൂലൈ 13ന് രോഗം കുറഞ്ഞതിനാൽ റൂമിലേക്കു മാറ്റുന്നതിനു ബിപാപ് മെഷീൻ വാങ്ങി നൽകുന്നതിന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത് വാങ്ങി നൽകിയെങ്കിലും 20ന് ഹാരിസ് മരിക്കുകയായിരുന്നു. പിന്നീട് 7,00,000 രൂപ മുടക്കി വാങ്ങി നൽകിയ മെഷീൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. തുടർന്ന് പണം തിരികെ നൽകുകയായിരുന്നെന്നും ബന്ധുക്കൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

English Summary: Enquiry started in Kalamaserry Medical College issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com