ADVERTISEMENT

റോം ∙ സമൂഹത്തിൽ ഒന്നിച്ചുകഴിയാനുള്ള സ്വവർഗാനുരാഗികളുടെ അവകാശത്തെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചു. ‘‘സ്വവർഗാനുരാഗികൾക്ക് കുടുംബമായി കഴിയാൻ അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്. നിയമപരമായി അവർക്ക് ഒരുമിച്ചുകഴിയാൻ നാം അവസരമൊരുക്കുകയാണ് വേണ്ടത്.’’– റോം ചലച്ചിത്രമേളയിൽ ഇന്നലെ പ്രദർശിപ്പിച്ച ‘ഫ്രാൻസെസ്കോ’ എന്ന ഡോക്യുമെന്ററിയിൽ മാർപാപ്പ പറഞ്ഞു.

ഫ്രാൻസിസ് പാപ്പ പ്രത്യേകമായി താൽപര്യമെടുക്കുന്ന പരിസ്ഥിതി, ദാരിദ്ര്യം, വംശീയവും സാമ്പത്തികവുമായ അസമത്വം തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്നതിനിടെയാണ് സ്വവർഗാനുരാഗവും കടന്നുവന്നത്. ബ്യൂനസ് ഐറിസിൽ ആർച്ച്ബിഷപ്പായിരുന്നപ്പോൾ അദ്ദേഹം സ്വവർഗാനുരാഗികളുടെ അവകാശങ്ങളെ അനുകൂലിച്ചിരുന്നു.

സ്വവർഗാനുരാഗത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലെയിലെ പുരോഹിതൻ യുവാൻ കാർലോസ് ക്രൂസാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ. സ്വവർഗാനുരാഗത്തോടും സ്വവർഗവിവാഹത്തോടുമുള്ള ഫ്രാൻസിസ് പാപ്പയുടെ നിലപാടുകൾ ക്രൂസിന്റെ കൊച്ചു കൊച്ചു കഥകളിലൂടെ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. വിദേശ സന്ദർശനത്തിനിടെ മാർപാപ്പ അഭയാർഥികൾക്കും തടവുകാർക്കും സ്വവർഗാനുരാഗത്തിന്റെ പേരിൽ സമൂഹം വേദനിപ്പിക്കുന്നവർക്കും സാന്ത്വനമേകിയതിന്റെ ഒട്ടേറെ സംഭവങ്ങളും വിവരിക്കുന്നുണ്ട്. വത്തിക്കാനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വംശജനായ ഇവ്ജനി അഫിനീവ്സ്കിയാണ് സംവിധായകൻ.

English Summary: Pope Francis calls for civil union laws for same-sex couples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com