ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ ചൈനീസ് സൈനികരെ പുറത്തെറിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈന്യത്തോടുള്ള അനാദരവ് തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കില്‍ ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ വീരമൃത്യു വരിച്ച ബിഹാറില്‍നിന്നു സൈനികര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ബിഹാറിലെ സൈനികരെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചിരുന്നു.

സൈനികര്‍ക്കു മുന്നില്‍ തലകുനിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ നമ്മുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു ശേഷവും ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് എന്തുദ്ദേശ്യത്തിലാണെന്നും തേജസ്വി യാദവിനൊപ്പം ഹിസുവയില്‍ നടത്തിയ റാലിയില്‍ രാഹുല്‍ ചോദിച്ചു. ബിഹാറിലെ യുവാക്കള്‍ ചോരയും വിയര്‍പ്പും നല്‍കി സംരക്ഷിച്ച അതിര്‍ത്തിയിലാണ് ചൈന കടന്നുകയറ്റം നടത്തിയത്. ചൈനയെ നമ്മുടെ മണ്ണില്‍നിന്ന് എന്നു പുറത്താക്കുമെന്ന് മോദി ഇതുവരെ പറയാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. 

കോവിഡ് കാലത്ത് പട്ടിണിയില്‍ നട്ടംതിരിഞ്ഞ അതിഥിത്തൊഴിലാളികളുടെ രക്ഷയ്ക്കായി പ്രധാനമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യാതൊന്നും ചെയ്തില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് പൊരിവെയിലില്‍ നടന്ന് ബിഹാറിലേക്കു മടങ്ങേണ്ടിവന്നത്. മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങള്‍ എവിടെ?. മൂന്നു കര്‍ഷക ബില്‍, നോട്ട് റദ്ദാക്കല്‍, ജിഎസ്ടി തുടങ്ങിയ നയങ്ങളിലൂടെ പാവപ്പെട്ട കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിക്കുകയാണ് ചെയ്തത് - രാഹുല്‍ പറഞ്ഞു. 

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പരാജയമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 22 ദിവസം കൊണ്ട് ഇന്ത്യ പോരാട്ടം ജയിക്കുമെന്നാണു മോദി പറഞ്ഞത്. എന്തായി ആ വാഗ്ദാനം. ബിഹാറിലെ തൊഴിലാളികള്‍ പൊരിവെയിലില്‍ വിശന്നുവലഞ്ഞ് കിലോമീറ്ററുകള്‍ നടക്കേണ്ടിവന്നപ്പോള്‍ മോദി എന്തെങ്കിലും പറഞ്ഞോ?. അവര്‍ക്കുവേണ്ടി ബസോ ട്രെയിനോ അനുവദിക്കാന്‍ പോലും തയാറായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്നു മാത്രമല്ല മോദിയും നിതീഷും ഉണ്ടായിരുന്ന തൊഴിലുകള്‍ കൂടി ഇല്ലാതാക്കുകയാണ് ചെയ്തതെന്നു തേജസ്വി യാദവ് പറഞ്ഞു.

നവംബര്‍ 9നാണ് ലാലു പ്രസാദ് യാദവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അന്ന് ലാലു പുറത്തിറങ്ങുമെന്ന് തേജസ്വി പറഞ്ഞു. തൊട്ടടുത്ത ദിവസം നിതീഷിന് പോകേണ്ടിവരുമെന്നും തേജ്വസി കൂട്ടിച്ചേര്‍ത്തു. നവംബർ 10നാണ് ബിഹാറിലെ വോട്ടെണ്ണൽ.

English Summary: modi-should-tell-when-the-chinese-army-will-leave-india-rahul-gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com