ADVERTISEMENT

തിരുവനന്തപുരം∙ ഉള്ളി വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയുമായി ഹോർട്ടികോർപ്. നാഫെഡ് വഴി ഇറക്കുമതി ചെയ്ത ആദ്യ ലോഡ് സവാള തിരുവനന്തപുരത്ത് എത്തി. നാഫെഡ് വഴി 200 ടണ്‍ സവാള മഹാരാഷ്ട്രയില്‍നിന്ന് എത്തിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ആദ്യഘട്ടത്തില്‍ 75 ടൺ എത്തിക്കാനാണു തീരുമാനം. കിലോയ്ക്ക് 45 രൂപയ്ക്കാണ് ഹോർട്ടികോർപ് വിൽപനശാലകൾ വഴി വിൽക്കുക. 25 ലോഡ് സവാളയാണ് ഇന്ന് എത്തിച്ചത്. സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് സാവാള നല്‍കുമെന്ന് ഹോര്‍ടികോര്‍പ് എംഡി വി.സജീവ് നേരത്തെ അറിയിച്ചിരുന്നു.

സവാളയ്ക്കും ചുവന്ന ഉള്ളിക്കും (ചെറിയ ഉള്ളി) രാജ്യമാകെ വില ഉയരുകയാണ്. കേന്ദ്രം കയറ്റുമതി നിരോധിക്കുകയും വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ആരംഭിക്കുകയും ചെയ്തിട്ടും വില താഴുന്നില്ല. മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴ മൂലം വിളയും ശേഖരവും നശിച്ചതാണു വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ സവാള ഉൽപാദനത്തിന്റെ 60% നടക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ 65,000 ഹെക്ടറിലെ വിളവിൽ പാതിയും ശേഖരത്തിലെ ഒരു ഭാഗവും നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവിപണിയായ നാസിക് ലസൽഗാവിൽ വില കിലോഗ്രാമിന് 70 രൂപയെത്തി. ചില്ലറവില 80 രൂപ.

ദിവസവും 10 രൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും വില കൂടുന്നത്. രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയായി. ഈ വർഷം ആദ്യവും സവാളയ്ക്ക് ഇതുപോലെ വില ഉയർന്നിരുന്നു. നാഫെഡ് (ദേശീയ കാർഷിക സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ) വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്താണ് അന്നു പ്രതിസന്ധി പരിഹരിച്ചത്. വില പിടിച്ചുനിർത്താനായി ഇറക്കുമതി വർധിപ്പിക്കുകയാണ് സർക്കാർ. ഇറാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽനിന്ന് 2,000 ടൺ വിദേശ സവാള ബുധനാഴ്ച മുംബൈ ജെഎൻപിടി തുറമുഖത്ത് എത്തി. 2,900 ടൺ മൂന്നു ദിവസത്തിനകം എത്തും.

Content Highlights: Savala, Onion, Onion Price, Onion Price Hike, Horticorp, Nafed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com