ADVERTISEMENT

സോൾ ∙ കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽനിന്നു വീശുന്ന ‘യെല്ലോ ഡെസ്റ്റിനെ’ നേരിടാൻ അതീവ ജാഗ്രതയോടെ ഉത്തര കൊറിയ. അയൽരാജ്യമായ ചൈനയിൽനിന്നുള്ള ശക്തമായ പൊടിക്കാറ്റ് കൊറോണ വൈറസിനെ വഹിച്ചെത്തുമെന്ന ഭയമാണ് ഉത്തര കൊറിയയ്ക്ക്. ജനങ്ങൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽത്തന്നെ കഴിയണമെന്നും കിം ജോങ് ഉൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽനിന്നു പ്രത്യേക ഋതുക്കളിൽ എല്ലാ വർഷവും വീശിയടിക്കുന്ന മണൽക്കാറ്റാണു യെല്ലോ ഡെസ്റ്റ്. വ്യാവസായിക മാലിന്യങ്ങളടക്കം അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണൽത്തരികൾ കൂടിക്കലർന്നു കാറ്റിനു മഞ്ഞനിറമാകുന്നതിനാലാണു യെല്ലോ ഡെസ്റ്റ് എന്നു വിളിക്കുന്നത്. ഈ കാറ്റേൽക്കുന്നതു ശ്വാസകോശത്തിനു കടുത്ത പ്രശ്നങ്ങളുണ്ടാക്കും.

‘കൊറോണ വൈറസ് വ്യാപനം ലോകത്തിലെങ്ങും രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ യെല്ലോ ഡെസ്റ്റിനെ പതിവിൽക്കൂടുതൽ ജാഗ്രതയോടെ നേരിടണം. 1900 കിലോമീറ്റർ ദൂരെയുള്ള ഗോബി മരുഭൂമിയിൽനിന്നും ചൈനീസ് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന കാറ്റ് ഉത്തര കൊറിയയിൽ കൊറോണ വൈറസ് പടർത്തിയേക്കാം. അതീവ ഗുരുതര സാഹചര്യമാണിത്’– രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമമായ റോഡോങ് സിൻമൻ വ്യാഴാഴ്ച നൽകിയ വാർത്തയിൽ പറയുന്നു.

വീടിനു പുറത്തുള്ള എല്ലാ പ്രവർത്തികളും നിർത്തിവയ്ക്കണം. അടിയന്തരാവശ്യങ്ങൾക്കു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചു. എന്നാൽ, കാറ്റിലൂടെ ഇത്രയധികം ദൂരത്തേക്കു വൈറസ് വരുമെന്ന ഉത്തര കൊറിയയുടെ ഭയത്തെ ആരോഗ്യ വിദഗ്ധർ പിന്തുണയ്ക്കുന്നില്ല. ഔദ്യോഗികമായി ഒരു കോവിഡ് കേസ് പോലും രേഖപ്പെടുത്താത്ത ഉത്തര കൊറിയയിൽ അതിർത്തികളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

English Summary: China Dust Could Spread Covid, Stay Inside, Take Thorough Measures: North Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com