ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ പതിനെട്ടു ദിവസത്തെ കണക്കെടുത്താൽ രണ്ടു ദിവസമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇന്ത്യൻ വിപണി ലാഭത്തിലാണ് വ്യാപരമവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 10800 പോയന്റിൽ നിന്നു നിഫ്റ്റി 12000 പോയന്റിലേക്കാണ് നടന്നു കയറിയത്. ശക്തമായ രാജ്യാന്തര വിപണി പിന്തുണയിൽ നിഫ്റ്റി 12000 എന്ന കടമ്പ കടന്ന്, 12150നു മുകളിൽ ഈയാഴ്ച വ്യാപാരം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. അല്ലാത്ത പക്ഷം, 11600-11650 പോയിന്റാണ് നിഫ്റ്റിയുടെ ഏറ്റവും പ്രധാന പിന്തുണ മേഖല. 11750 പോയിന്റിലും 11860 പോയിന്റിലും നിഫ്റ്റിക്കു പിന്തുണ ലഭിച്ചേക്കാം. ഓഹരി വിപണിയുടെ കഴിഞ്ഞയാഴ്ചയിലെ കയറ്റിയിറക്കങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും പരിശോധിക്കുകയാണ് ബഡ്ഡിങ് പോർട്പോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

ഇന്ത്യൻ വിപണി പ്രതീക്ഷകൾ 

നിഫ്റ്റിയുടെ ജനുവരിയിലെ ഉയർന്ന നിരക്കായ 12430 പോയിന്റും വിപണിക്ക് ഇന്നത്തെ നിലയിൽ അപ്രാപ്യമല്ല. 17306 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റി മിഡ് ക്യാപ് സൂചിക 17400  പോയിന്റ് കടന്നാൽ പിന്നെ ജനുവരിയിലെ  ഉയർന്ന നിരക്കായ 18495 പോയിന്റാണ് ഇന്ത്യൻ മിഡ് ക്യാപ് സൂചികയുടെ ലക്ഷ്യം. മിഡ് ക്യാപ് റാലിയാണ് ഇനി ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്. എഫ്&ഓ ക്ലോസിങ്ങും മികച്ച റിസൽട്ടുകളും ഉത്സവാന്തരീക്ഷവും ഇന്ത്യൻ വിപണിക്ക് ഉണർവു നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവ സീസൺ സാധാരണ ഗതിയിൽ ഓട്ടോ, ഫാഷൻ, എഫ്എംസിജി സെക്ടറുകളുടെ മുന്നേറ്റ കാലമാണ്.  എന്നാൽ കഴിഞ്ഞ പത്തു വർഷങ്ങളിൽ ഏഴു തവണയും ഓട്ടോ സെക്ടറിനൊപ്പം ഫാർമ, മെറ്റൽ സെക്ടറുകളും, പത്തിൽ ആറു തവണയും ബാങ്കിങ്, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളും നേട്ടമുണ്ടാക്കി. ഇത്തവണയും ഓട്ടോ, മെറ്റൽ, ബാങ്കിങ്, ഫാർമ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ് മേഖലകൾക്കൊപ്പം ഇൻഫ്ര, ഐടി മേഖലകളും ലാഭം നേടുമെന്നു കരുതുന്നു.

യുഎസ് തിരഞ്ഞെടുപ്പ്

ഡെമോക്രറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും അമേരിക്കൻ സ്റ്റിമുലസ് അവകാശ പോരാട്ടം സ്പീക്കർ നാൻസി പെലോസിയും ട്രെഷറി സെക്രെട്ടറി സ്റ്റീവൻ മ്യൂണികനും മുന്നിൽ നിന്നു നയിക്കുന്ന കാഴ്ചയിലേക്കാണ് ലോകം കഴിഞ്ഞ ഒരാഴ്ച കണ്ണ് തുറന്നിരുന്നത്. ഇത്തവണത്തെ  അമേരിക്കൻ തിരഞ്ഞെടുപ്പിലെ ആകാംഷ ആര് വിജയിക്കും എന്നതിനപ്പുറം ഏതുതരം സ്റ്റിമുലസ് പാക്കേജാണ്‌ പുറത്തു വരുന്നത് എന്ന് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നവംബർ മൂന്നിന് മുൻപ് ഒരു ‘സ്റ്റിമുലസ് പാക്കേജ്’ സാധ്യമാണ് എന്ന നാൻസി പെലോസിയുടെ പ്രസ്താവനയിൽ വിശ്വാസമർപ്പിച്ച അമേരിക്കൻ വിപണി വെള്ളിയാഴ്ച തിരികെ കയറിയത് വിപണിക്ക് അനുകൂലമാണ്. നാസ്ഡാകും, എസ്&പിയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇതുവരെ പാദഫലങ്ങൾ അവതരിപ്പിച്ച 80% അമേരിക്കൻ കമ്പനികളും പ്രതീക്ഷയ്ക്കൊപ്പമെത്തിയത് വിപണിക്കനുകൂലമാണ്. അടുത്ത ആഴ്ചയിൽ സ്റ്റിമുലസ് പാക്കേജ് ഭീഷണിക്കൊപ്പം ടെക്ഭീമന്മാരായ ആപ്പിൾ, ആമസോൺ, ആൽഫബെറ്റ് എന്നിവയുടെ ഫലപ്രഖ്യാപനങ്ങൾ വരുന്നത് വിപണിയുടെ ആശങ്കയേറ്റുന്നു. കൂടാതെ, അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗം അവസാന ആഴ്ചയിലേക്കു നീങ്ങുകയാണ്, വിപണിയിൽ നിക്ഷേപകർ കരുതലെടുക്കേണ്ട സമയമാണ്. ഗിലെയാദ്‌ സയൻസസിന്റെ രാംദിസ്‌വീർ വാക്സിനെ കോവിഡ് ചികിത്സക്കായി ഉപയുക്തമാക്കാനാനുമതി നൽകിയത് വിപണിക്കനുകൂലമാണ്. 

ഇന്ത്യൻ ബാങ്കിങ്ങിലെ രാജകുമാരൻ 

ആദിത്യ പുരി, തന്റെ എഴുപതാമത്തെ വയസ്സിൽ എച്ഡിഎഫ്സി ബാങ്കിന്റെയും ഇന്ത്യൻ ബാങ്കിങ്ങിന്റെയും ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപെട്ട 25  വർഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച വിരമിക്കുകയാണ്. മികച്ച രണ്ടാം പാദഫലപ്രഖ്യാപനത്തിലൂടെ ഇന്ത്യൻ ബാങ്കിങ് മേഖലക്കു തന്നെ തിരിച്ചു വരവ് നൽകിയ ശേഷം തന്റെ തനതു ശൈലിയിൽ തന്നെയാണ് ഇന്ത്യൻ  ബാങ്കിങ്ങിന്റെ  കുലപതി പടിയിറങ്ങുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലോകത്തിലെ  ഏറ്റവും വലിയ ബാങ്കായി മാറുമെന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ടാണ് ആദിത്യ പുരി വിട പറയുന്നത്. 

ഓഹരികളും, സെക്ടറുകളും

∙ ചൈനയിൽ നിന്നുമുള്ള ഇലക്ട്രോണിക്സ് ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ ഇന്ത്യയുടെ വ്യവസായികോത്പാദനം ഉയർത്തുക തന്നെ ചെയ്യും. ഇന്ത്യൻ ഇലക്ട്രിക്, ഇലക്ട്രോണിക്, ഗൃഹോപകരണ ഉൽപാദന മേഖല അടുത്ത രണ്ടു കൊല്ലത്തിനുള്ളിൽ അഭൂതപൂർവമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഹാവെൽസ്, ഐഎഫ്ബി, വേൾ പൂൾ, ഡിക്‌സൺ ടെക്നോളോജിസ്, ആംബർ എന്റർപ്രൈസസ്, വി ഗാർഡ് മുതലായവ ശ്രദ്ധിക്കുക. 

∙ ടിവി സെറ്റുകൾ, ടയർ എന്നിവയ്ക്കു പിന്നാലെ റെഫ്രിജറന്റുകൾ ഘടിപ്പിച്ച ഏസികളെയും ഡിജിഎഫ്ടി ഫ്രീ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത് ഇന്ത്യൻ എയർ കണ്ടീഷണർ ബ്രാൻഡുകൾക്ക് അടുത്ത സമ്മർ വിൽപനയിൽ മുന്നേറ്റം  നൽകും. വോൾട്ടാസ്, ബ്ലൂ സ്റ്റാർ എന്നിവ ശ്രദ്ധിക്കുക. ഇന്ത്യയിലെ പ്രമുഖ ഏസി നിർമ്മാണകമ്പനിയായ ആംബർ എന്റർപ്രൈസസ് ഓഹരിക്ക്  3000 രൂപ ദീർഘകാല ലക്ഷ്യം ഉറപ്പിക്കാവുന്നതാണ്. 

∙ ഭവന നിർമാണം, ഇൻഫ്രാ മേഖലകളുടെ തിരിച്ചുവരവ് കേബിൾ  മേഖലയ്ക്കും വരും പാദങ്ങളിൽ മുന്നേറ്റം നൽകും. പോളിക്യാബ്‌സ്, ഫിനോലക്സ് കേബിൾസ് മുതലായ ഓഹരികൾ അടുത്ത തിരുത്തലിൽ പരിഗണിക്കാം.

∙ അറ്റാദായത്തിൽ 7% കുറവുണ്ടായെങ്കിലും ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി ഒന്നിന് 21.30 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത് വേദാന്തയ്ക്ക് അനുകൂലമാണ്. സർക്കാർ താൽപര്യപ്രകാരം മറ്റ് പൊതു മേഖല സ്ഥാപനങ്ങളും കൂടിയ ലാഭ വിഹിതം പ്രഖ്യാപിക്കുമെന്ന ധാരണ വിപണിയിൽ സജീവമാണ്. പൊതുമേഖല ഓഹരികളുടെ ഓഹരി തിരികെ വാങ്ങലുകളും വിപണി പ്രതീക്ഷിക്കുന്നു. മിക്ക പൊതുമേഖല ഓഹരികളും ആകർഷകമായ നിരക്കുകളിലാണെന്നതും ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്.

∙ മുപ്പതു ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി കമ്പോളത്തിൽ പണമെത്തിക്കുന്നത് എഫ്എംസിജി, ടെക്സ്റ്റൈൽ ഓഹരികൾക്ക് അനുകൂലമാണ്.

∙ ഹിന്ദുസ്ഥാൻ യൂണിലിവർ 8% വർധനവോടെ 1967 കോടി രൂപയുടെ അറ്റാദായവും, 15.6% വരുമാന വർധനവും നേടിയതിനു പിന്നാലെ ബ്രിട്ടാനിയ മുൻ വർഷത്തിൽ നിന്ന് 23% നേട്ടത്തോടെ 495 കോടി രൂപയുടെ അറ്റാദായം നേടിയത് ഇന്ന് എഫ്എംസിജി ഓഹരികൾക്ക് മുൻതൂക്കം നൽകും. നെസ്‌ലെയും  കോൾഗേറ്റ് പാമോലിവും വിപണി പ്രതീക്ഷകൾ കാത്തു. നടപ്പു പാദത്തിൽ ഉപഭോക്തൃ മേഖലക്കു മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയും വലിയ ഉണർവ് പ്രതീക്ഷിക്കുന്നു. ഉത്സവ, വിളവെടുപ്പ് സീസണുകളും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ബോണസ് ആനുകൂല്യങ്ങളും എൽടിസി ആനുകൂല്യവും ഐടി കമ്പനികളുടെ ശമ്പള വർധനവും കേന്ദ്ര സർക്കാരിന്റെ പുതിയ ഇറക്കുമതി നയങ്ങളും ഇന്ത്യൻ ഫാഷൻ രംഗത്തിന് പുതിയ ദിശാബോധം നൽകും. എബിഎഫ്ആർ എൽ, ട്രെന്റ്, പാന്റലൂൺസ്, പേജ് ഇൻഡസ്ട്രീസ് മുതലായ ഓഹരികൾ പരിഗണിക്കുക.

∙ ആദിത്യ ബിർള ഫാഷനിൽ വാൾമാർട്ടിന്റെ ഓൺലൈൻ കമ്പനിയായ ഫ്ളിപ്കാർട്ട് 7% ഓഹരിയെടുത്തത് ഓഹരിക്കു പുതിയ ഉയരങ്ങൾ നൽകി. എബിഎഫ്ആർഎല്ലിന് അമേരിക്കൻ വിപണിയാണ് തുറന്നു കിട്ടിയിരിക്കുന്നത്. ഓഹരി അതി ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം. 

മുൻ ധാരണകൾക്കെതിരായി ഫ്യൂച്ചർ  റീറ്റെയിലിന്റെ ആസ്തികൾ  റിലയൻസിന് വിറ്റതിനെതിരെ ആമസോൺ കൊടുത്ത പരാതിയിന്മേൽ നാളെ സിംഗപ്പൂരിൽ നടക്കുന്ന ആർബിട്രേഷൻ ഇരു ഓഹരികൾക്കും പ്രധാനമാണ്. റിലയൻസിന്റെ റിസൾട് ഒക്ടോബർ മുപ്പതിന് പുറത്തു വരും.

∙ എസ്ബിഐ ഹൗസിങ് ലോണുകൾക്ക് പലിശകുറയ്ക്കുന്നത് റിയൽ എസ്റ്റേറ്റ് ഓഹരികളെ പിന്തുണക്കും. 25 ബേസിസ് പോയിന്റിന്റെ കുറവാണ് എസ്ബിഐ ഈ ഉത്സവ സീസണിൽ ഹൗസിങ് ലോണുകൾക്ക് ഇളവു പ്രഖ്യാപിച്ചത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരക്കു കുറയ്ക്കുന്നതും, ഐടി കമ്പനികളുടെയും ശമ്പള വർധനവും, കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങളും കൂടുതൽ ഭവനവിൽപന സാധ്യമാക്കിയേക്കുമെന്നും വിപണി കരുതുന്നു. കഴിഞ്ഞ വാരം റിയാലിറ്റി സെക്ടർ 9.3% മുന്നേറ്റം നേടി. ഒബ്‌റോയ് റിയാലിറ്റിയുടെ മികച്ച ഫലവും വിപണിക്ക് കരുത്തു പകരുന്നു. ഡിഎൽഎഫ്, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, പ്രസ്റ്റീജ് മുതലായ ഓഹരികൾ പരിഗണിക്കാം.

∙ ബജാജ് ഫിനാൻസ് കിട്ടാക്കടഭീഷണി മറികടക്കുന്നതിനായി 1700 കോടി കരുതൽ ധനം സ്വരൂപിച്ചതിനെ തുടർന്ന് കമ്പനിയുടെ അറ്റാദായം മുൻ രണ്ടാം പാദത്തിലെ 1506 കോടിയിൽ നിന്ന് 965 കോടിയായി കുറഞ്ഞു. മുൻവർഷത്തെ കരുതൽ ധനം 594 കോടി രൂപ മാത്രമാണ്. വരുന്ന ഉത്സവകാലവും, ഷോപ്പിങ് സീസണും കമ്പനിക്ക് ഒരു മികച്ച മൂന്നാം പാദം സമ്മാനിക്കുമെന്ന് കരുതുന്നു . ഓഹരി അടുത്ത ഇറക്കത്തിൽ തീർച്ചയായും പരിഗണിക്കാം.

∙ 113 % ലാഭവർധനയോടെ മിന്നുന്ന രണ്ടാം പാദഫലവുമായി കളം നിറഞ്ഞ അൾട്രാ ടെക് സിമെന്റും, ഒപ്പം എസിസിയുടെ റിസൾട്ടും സിമന്റ്റ് സെക്റ്ററിന് തന്നെ വലിയ മുന്നേറ്റം നൽകിക്കഴിഞ്ഞു.

∙ മുൻ വർഷത്തിൽ 600 കോടി രൂപയുടെ നഷ്ടവും മുൻ പാദത്തിൽ 45 കോടി രൂപയുടെ ലാഭവും  രേഖപ്പെടുത്തിയ യെസ് ബാങ്ക് രണ്ടാം പാദത്തിൽ 129 കോടി രൂപയുടെ അറ്റാദായം നേടിയത് ഓഹരിക്ക് വൻ മുന്നേറ്റം നൽകുമെന്നുറപ്പാണ്.

∙ എസ്ബിഐ കാർഡിന്റെ കിട്ടാക്കടത്തിന്റെ അനുപാതം മുൻ പാദത്തിലെ 1.4%ൽ നിന്നു രണ്ടാം പാദത്തൽ 4.3%ലേക്ക് ഉയർന്നത് വിപണിയെ ഭയപ്പെടുത്തിക്കളഞ്ഞു. നടപ്പു പാദത്തിലും വരും പാദങ്ങളിലും കിട്ടാക്കടത്തിന്റെ തോത് വർധിക്കുമെന്ന ഭയം മൊത്ത വരുമാനത്തിൽ  5% വർധന നേടിയിട്ടും ഓഹരിയെ വീഴ്ത്തിക്കളഞ്ഞു. 268 കോടി രൂപ കരുതൽ ധനമായി നീക്കി വെച്ചതാണ് അറ്റാദായത്തിൽ 46% ഇടിവിന് കാരണമായി.  

∙ ഗ്രാന്യൂൾസ്, എൽ&ടി ഇൻഫോടെക്, കെപിഐടി ടെക്നോളജീസ്, ജിഎംഎം ഫോഡ്‌ലെർ, ശാന്തി ഗിയേഴ്സ്, ഡിബി കോർപ്, ഐഇഎക്സ്, എച്ഡിഎഫ്സി ലൈഫ്, എസിസി, റാലിസ് ഇന്ത്യ, ഹട്സൺ അഗ്രോ, ഒബ്‌റോയ് റിയാലിറ്റി, സിഎസ്ബി, യെസ് ബാങ്ക് മുതലായ ഓഹരികൾ കഴിഞ്ഞ വാരം  മികച്ച രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു.

ഈ ആഴ്ചയിലെ പ്രധാന ഫലപ്രഖ്യാപനങ്ങൾ 

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹിന്ദ്ര ബാങ്ക്, എയു ബാങ്ക്, ആക്സിസ് ബാങ്ക്, കാനറാ ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എൽ&ടി, എയർടെൽ, ഐഡിയ, ഐസിഐസിഐ പ്രൂഡൻഷ്യൽ, എസ്ബിഐ ലൈഫ്, ഓറിയന്റ് ബെൽ, മാരുതി, ഹീറോമോട്ടോർസ്, ടാറ്റ മോട്ടോർസ്, ബ്ലൂസ്റ്റാർ, എം&എം ഫിനാൻസ്, ചോളമണ്ഡലം ഫിനാൻസ്, ജെഎം ഫിനാൻഷ്യൽ, ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ്, പിഎൻബി ഹൗസിങ്, കാൻഫിൻ ഹോംസ്, ഡോക്ടർ റെഡ്‌ഡിസ്‌, ടോറൻറ് ഫാർമ, ലോറസ് ലാബ്സ് , ഗ്ലാക്സോ, ടാറ്റാ  കോഫി, മാരിക്കോ, റാഡിക്കോ, പിഐ ഇൻഡസ്ട്രീസ്, ഫിനോലെക്സ്, അമരരാജാ ബാറ്ററിസ്, കാസ്ട്രോൾ, സിയറ്റ്, കമ്മിൻസ് ഇന്ത്യ, ഓറിയൻറ് ഇലക്ട്രിക്, എംസിഎക്സ്, ടൈറ്റാൻ, ടൈമെക്‌സ്‌, റൂട്ട് മൊബൈൽ, വി ഗാർഡ്, ഹാവെൽസ്,  ഇൻഡിഗോ, ജെകെ പേപ്പർ, , ടാറ്റ കെമിക്കൽ, , ഡിക്സൺ, ഡി എൽ എഫ് , ജിൻഡാൽ സ്റ്റീൽ, ഐഓസി, റിലയൻസ്, യുപിഎൽ, ബിപിസിഎൽ തുടങ്ങിയ കമ്പനികളുടെ ഫലപ്രഖ്യാപനമുണ്ടാകും.

ഇമെയിൽ: buddingportfolios@gmail.com

വാട്സാപ് : +918606666722

English Summary : Share Market weekly analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com