ADVERTISEMENT

ഇസ്‌ലാമാബാദ്∙ 1999ൽ ഇന്ത്യയുമായുണ്ടായ കാർഗിൽ യുദ്ധത്തിനു പിന്നിൽ ഏതാനും ചില സൈനിക ജനറലുമാരായിരുന്നുവെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക്ക് സർക്കാരിനെതിരായ 11 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ (പിഡിഎം) മൂന്നാമത് റാലിയെ ലണ്ടനിൽ നിന്ന് വിഡിയോ കോൾ വഴി അഭിസംബോധന ചെയ്യുകയായിരുന്നു പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – എൻ (പിഎംഎൽ–എൻ) മേധാവി കൂടിയായ ഷരീഫ്. ക്വറ്റയിൽ ആയിരുന്നു റാലി.

‘നമ്മുടെ ധീര സൈനികരുടെ മരണത്തിനു സാക്ഷ്യം വഹിച്ച, പാക്കിസ്ഥാനെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയ കാർഗിൽ യുദ്ധത്തിനു പിന്നിൽ സൈന്യമായിരുന്നില്ല. ഏതാനും ചില ജനറലുമാരായിരുന്നു. സൈന്യത്തെ മാത്രമല്ല, രാജ്യത്തെയും സമൂഹത്തെയും യുദ്ധത്തിലെത്തിച്ചു. ഒരു നേട്ടവും ഉണ്ടാക്കാനായില്ല.

കൊടുമുടികളിലേക്ക് അയച്ച നമ്മുടെ പട്ടാളക്കാർ ഭക്ഷണം കിട്ടാതെ വിലപിച്ചത് അറിഞ്ഞപ്പോൾ എനിക്കു വേദനിച്ചു. അവർക്ക് ആയുധങ്ങൾ പോലുമില്ലായിരുന്നു. അവർ ജീവൻ ത്യജിച്ചു. എന്നാൽ രാജ്യവും സമൂഹവും എന്താണ് നേടിയത്?. കാർഗിൽ യുദ്ധത്തിനു പിന്നിൽ പ്രവർത്തിച്ച ജനറലുമാരാണ് 1999 ഒക്ടോബർ 12ലെ പട്ടാള വിപ്ലവത്തിനു പിന്നിലും പ്രവർത്തിച്ചത്. തങ്ങളുടെ പ്രവൃത്തി മൂടിവയ്ക്കാൻ അവർ പട്ടാളനിയമം പ്രഖ്യാപിച്ചു, ശിക്ഷയിൽനിന്നു രക്ഷപ്പെട്ടു.

പർവേസ് മുഷറഫും അദ്ദേഹത്തിന്റെ കൂട്ടാളികളും സൈന്യത്തെ വ്യക്തിതാൽപര്യങ്ങൾക്ക് ഉപയോഗിച്ചു. സേനയ്ക്കു കളങ്കമുണ്ടാക്കി’ – ഷരീഫ് കൂട്ടിച്ചേർത്തു. മരുമകനും പാർട്ടി നേതാവുമായ ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിന്റെ അറസ്റ്റിനെയും അദ്ദേഹം വിമർശിച്ചു. മകളും ഭർത്താവും താമസിച്ച കറാച്ചിയിലെ ഹോട്ടൽ മുറിയിൽ അവരുടെ സ്വകാര്യതയെ മാനിക്കാതെ പൊലീസുകാർ അതിക്രമിച്ചു കയറിയാണ് സഫ്ദറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സിന്ധ് പൊലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയി സമ്മർദ്ദത്തിലാക്കിയാണ് സഫ്ദറിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ സൈനിക മേധാവി ഉത്തരവിടുകയും ചെയ്തു.

English Summary: Pak soldiers did not even have weapons during Kargil war, claims Nawaz Sharif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com