ADVERTISEMENT

ബിഹാർ തിരഞ്ഞെടുപ്പിൽ നിരീക്ഷകനായി നിയമിക്കപ്പെട്ട ഡോ.ബി.അശോക് ഐഎഎസ് ബുദ്ധന്റെ നാട്ടിലെ കാഴ്ചകൾ എഴുതുന്നു. ‘വിഹാരത്തിലെ അശാന്തികൾ ’. ആദ്യ ഭാഗം വായിക്കാം.

ബൗദ്ധമാണ് ബുദ്ധ വിഹാരത്തിന്റെ പൂർവം. ബ്രിട്ടിഷുകാർ അത് ബിഹാറാക്കി. ലോകമെങ്ങും പരന്ന ബുദ്ധ സന്ദേശം ഇന്ന് ബുദ്ധഗയയിൽ കാണാം.

വിഹാരത്തിൽ ജനാധിപത്യം ഉറപ്പാക്കാൻ എത്തുന്നത് ഇതു രണ്ടാം തവണ. എന്തു കൊണ്ടോ കിഴക്കൻ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണ നിയോഗിക്കാറുള്ളത് . 2005 ലെ രാഷ്ട്രീയ മാറ്റം വന്ന തിരഞ്ഞെടുപ്പിൽ നേപ്പാൾ അതിർത്തിയിൽ മധുബനിയിൽ ആയിരുന്നു ഒബ്സർവറുടെ ചുമതല. ഇക്കുറി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കംപ്യൂട്ടർ തന്നത് പുതിയ ജില്ലയായ ഷൊഹാറിൽ. പഴയ സീതാമാർഹി ജില്ലയിൽനിന്ന് അടർത്തി രൂപീകരിച്ച ജില്ല. ബാലാരിഷ്ടതകൾ ഒരുപാടുണ്ട്. പട്നയിൽ നിന്നു 3 മണിക്കൂർ കാറിൽ യാത്ര ചെയ്താൽ ഷൊഹാറിൽ എത്താം. പകുതി വഴി കൊള്ളാം. ബാക്കി പ്രയാസകരം.

പതിനഞ്ചു വർഷം മുൻപ് മധുബനിയിൽ ചിലവിട്ട ദിനങ്ങൾ ഓർമയിലുണ്ട്. അന്ന് മണ്ഡലത്തിൽ എത്തിപ്പെടാൻതന്നെ പകുതി ദിവസം എടുക്കും. ജില്ലാ ആസ്ഥാനത്തുനിന്നു ബ്ലോക്ക് വരെ എത്തപ്പെടാൻ വേണ്ട സമയമാണ് 4 മണിക്കൂർ. റോഡ് ഇല്ലാത്തതു മാത്രമല്ല കാരണം . (ജില്ലയിലാകെ 16 കിലോമീറ്റർ റൂറൽ റോഡ് മാത്രമേയുള്ളു അന്ന്) നക്സൽ ഭീഷണി ശക്തമായിരുന്നു അന്ന്.

madhubani-station
ചുവരിൽ മിഥിലാ ചിത്രങ്ങൾ നിറഞ്ഞ മധുബനിയിലെ റയിൽവേ സ്റ്റേഷൻ കെട്ടിടം.

ടാർ റോഡിന് ഒരു ഗുണം ഉണ്ട്. കുഴി ബോംബ് പാകാൻ നക്സലുകൾ റോഡ് മാന്തിയിട്ടുണ്ടെങ്കിൽ ശ്രദ്ധിച്ചാൽ അറിയാം. റോഡിന്റെ വശങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് അന്ന് എസ്പിയായിരുന്ന മഹാരാഷ്ട്രക്കാരി ആരാധന പറഞ്ഞത് ഓർക്കുന്നു. മാന്തിയ കുഴിയിൽ ഐഇഡി എന്ന് പൊലീസ് പറയുന്ന കുഴി ബോംബ് ഉണ്ടാകാം. കുഴി കുത്തി കുട്ടിക്കാലത്ത് ആളെ വീഴ്‌ത്തുന്ന നാടൻ കളി പോലെ. പക്ഷെ ഡൈനാമിറ്റ് അത്ര നിരുപദ്രവകാരിയല്ലല്ലോ..

യാത്രയിൽ മുന്നിലും പിന്നിലും ബിഹാർ മിലിട്ടറി പൊലീസിന്റെ കമാൻഡോകൾ വേണം. ഓട്ടോമാറ്റിക് ആയുധങ്ങളുടെ ഗാർഡ്. കുഴി ബോംബ് പേടി കാരണം മണ്ണിളകിയതുകണ്ടാൽ കോൺവോയ് അവിടെ നിൽക്കും. സെക്യൂരിറ്റിക്കാർ ഏതെങ്കിലും ഒരു പോത്തിനെ കൂട്ടി വരും . അതിനെ ഇളകിയ മണ്ണിന്റെ ഭാഗത്തു കൂടി ഓടിക്കും. അല്ലങ്കിൽ ഏതെങ്കിലും ഗ്രാമീണനെ കൂട്ടി പരിശോധിക്കും. ഗ്രാമീണരെ നക്സലുകൾ വധിക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.

പാലങ്ങൾ ആണ് മറ്റൊരു തടസ്സം. പാലത്തിനടിയിൽ നക്സലുകൾ പൈപ്പ് കെട്ടിവയ്ക്കും. ഉള്ളിൽ സ്ഫോടക വസ്തുക്കൾ. വണ്ടിയൊക്കെ നൂറു മീറ്റർ ദൂരേയ്ക്ക് തെറിപ്പിക്കാൻ പോന്ന ശക്തിയുള്ള ഉഗ്രൻ സാധനങ്ങൾ. മനുഷ്യന്റെ കാര്യം പറയുകയും വേണ്ട. പാലം ഒന്നിലേറെയുണ്ട് വഴിയിൽ . അവിടെയൊക്കെ ഗൺമാൻമാർ പാലത്തിനടിയിൽ പരിശോധിച്ചിട്ടു വേണം കോൺവോയ് കടക്കാൻ. ഉച്ച നേരമാവും മണ്ഡലത്തിൽ എത്താൻ. പിന്നെ ലഞ്ചാണ് ‘മെയിൻ’. പിന്നെ അൽപ സ്വൽപ്പം നിരീക്ഷണം. ആറു മണിക്ക് മുൻപ് സർക്യൂട് ഹൗസിൽ കയറണം എന്നാണ് സെക്യൂരിറ്റി അഡ്വൈസ്. സന്ധ്യക്ക്‌ ശേഷം യാത്രയില്ല.

car-red-beacon

അന്ന് അംബാസിഡർ ആണ് കാർ . ഇന്നോവയോന്നും സർക്കാരിൽ പ്രചാരത്തിലില്ല. വലിയ ചുവന്ന ലൈറ്റ് കാറിൽ ഘടിപ്പിക്കും.അങ്ങനെ പത്രാസിൽ നിരീക്ഷണം. ഒരിക്കൽ ഏതോ യോഗം കഴിഞ്ഞു എസ്പിയുടെ ജിപ്സിയിൽ മടങ്ങുന്നു. ആരാധനയുടെ സീറ്റിനടുത്ത് മാഗസിൻ ഘടിപ്പിച്ച എകെ. 47 ഉണ്ട്. മുന്നിലും പിന്നിലും യന്ത്ര തോക്കുകാരായ ഗൺമാൻമാർ. പിന്നെ ഇതെന്തിനാ എന്ന് നമ്മുടെ സംശയം. വീട് കാക്കാൻ നായയുള്ളപ്പോൾ നമ്മളും കുരയ്ക്കണോ എന്ന് എന്റെ സംശയം.

‘‘സീ മിസ്റ്റർ അശോക്...ഇപ്പോൾ നമ്മുടെ നേരെ ഒരു നക്സൽ ആക്രമണം ഉണ്ടായി, ഫയറിങ് നടന്നു എന്ന് വയ്ക്കൂ...’’– ആരാധന നമ്മളെ സംഘർഷത്തിന്റെ മനഃശാസ്ത്രം പഠിപ്പിക്കുകയാണ്. ‘‘നമ്മുടെ ബോഡി ഗാർഡ്സിൽ എത്രപേർ തിരിച്ചു ഫയർ ചെയ്യും?’’

‘‘എനിക്കറിയില്ല’’ എന്ന് ഞാൻ. ‘‘ഇന്റർനാഷനൽ ആവറേജ് 30 %’’ എന്ന് ആരാധന.

‘‘വലിയ കമാൻഡോ സേനകളിൽ പോലും ഒരുപാടുപേർക്ക് അന്നേരം സ്വബോധം പോവും. ശരീരം മരവിച്ചു പോവും. ബാക്കിയുള്ള മൂന്നിലൊന്നു യോദ്ധാക്കളെകൊണ്ട് വേണം തിരിച്ചടിക്കാൻ അഥവാ കവർ എടുത്തു കൂടുതൽ സേനയെ വരുത്താൻ. അതുകൊണ്ടു സർവൈവൽ കിറ്റ്, കൈത്തോക്ക്, പ്രത്യേകം ഓട്ടോമാറ്റിക് എന്നിവയൊക്കെ സ്വന്തം ശരീരത്തിൽ തന്നെ കരുതണം. സംഘം ചിന്നിച്ചിതറിയാൽ എവിടെയെങ്കിലും കവർ എടുത്തു പ്രതിരോധിച്ചിരിക്കേണ്ടിയും വരും.ഡിഫൻസിവ് ഫയർ ’’

B Ashok
തിരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തിയ ഡോ. ബി. അശോക് ബിഹാറിൽ.

ഇതൊന്നുമില്ലാത്ത എന്റെ കാര്യം എന്താകും എന്ന് ഞാനോർത്തു.ഇതെല്ലാം മനസ്സിൽക്കണ്ട ആരാധന പറഞ്ഞു.

‘‘വിഷമിക്കേണ്ട, നക്സലുകൾ ഒബ്സർവർമാരെ സാധാരണ കൊല്ലില്ല .ഐഎഎസ്സുകാർ നിരുപദ്രവികളാണെന്ന് അവർക്കറിയാം. യൂണിഫോംകാരെ അവർ ഒട്ടും വച്ചേക്കില്ല. എന്റെ ഒപ്പം സഞ്ചരിക്കുമ്പോൾ മാത്രമേ താങ്കൾക്കു റിസ്കുള്ളൂ.’’

ഇപ്പോൾ നക്സൽ ഭീഷണി ഒട്ടും സംസാരിക്കപ്പെടുന്നില്ല. ഷൊഹാർ ജില്ലയിൽ 2010 ലാണ് അവസാന അക്രമ സംഭവം ഉണ്ടായത്.എന്നാൽ ഒട്ടും സംഘർഷരഹിതമല്ല എന്നും പറഞ്ഞു കൂടാ. എന്നാൽ വളരെ അയഞ്ഞ സെക്യൂരിറ്റി സംവിധാനം പൊതു സമാധാനത്തെ സൂചിപ്പിക്കുന്നു.

ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അധികം പറഞ്ഞു കൂടാ. ആ നിരീക്ഷണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട് കേൾക്കുന്നു. ദിവസവും.

എന്നാൽ തിരഞ്ഞെടുപ്പല്ലാത്ത കാര്യങ്ങൾ ചിലതു പറയാം. അടുത്ത ഭാഗത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com