ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സിബിഐയെ വിലക്കാന്‍ തടസ്സമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സർക്കാർ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐയുമാണ് സർക്കാർ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാൽ സിബിഐയെ വിലക്കണമെന്ന നിർദേശം മുന്നോട്ടു വച്ചത്.

സംസ്ഥാനം സിബിഐക്ക് നൽകിയിട്ടുള്ള പൊതു സമ്മതപത്രം റദ്ദാക്കാൻ പ്രത്യേക നിയമ നിർമാണം വേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചാൽ മതിയെന്നുമാണ് എജിയും ഡയറക്ടർ ജനറൽ പ്രോസിക്യൂഷനും നൽകിയിരിക്കുന്ന നിയമോപദേശം. എന്നാൽ കോടതിയുടെ ഇടപെടലിൽ സിബിഐ എത്തിയാൽ വിലക്ക് ഏർപ്പെടുത്തിയാലും തടയാനാകില്ല. 

സിബിഐയെ വിലക്കണമെന്ന നിലപാടിലേക്കു നയിച്ച ലൈഫ് മിഷൻ അന്വേഷണം കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടയിൽ വിലക്കിലേക്ക് സംസ്ഥാനം കടന്നാൽ നിയമ യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും സർക്കാർ ഭയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ വിലക്ക് ഏർപ്പെടുത്തിയിട്ടും ഫലമില്ലാതാകും.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നു നിയമ മന്ത്രി എ.കെ.ബാലന്റെ അഭിപ്രായം. വിലക്കിനു നിയമ തടസ്സമില്ലെന്നു നിയമോപദേശം എത്തിയതോടെ ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനമാണു ഉണ്ടാകേണ്ടത്. 2017 ലാണ് കേസുകൾ സ്വമേധായ ഏറ്റെടുക്കാനുള്ള പൊതു സമ്മതപത്രം സിബിഐക്ക് സർക്കാർ അവസാനമായി നൽകിയത്. വിലക്കു വന്നാൽ പുതുതായി വരുന്ന കേസുകൾക്ക് സിബിഐ പ്രത്യേക അനുവാദം വാങ്ങേണ്ടി വരും. സർക്കാർ എതിർത്താൽ അന്വേഷണത്തിനായി സിബിഐക്ക് കോടതിയെ സമീപിക്കേണ്ടി വരും.

English Summary: Kerala government to withdraw general consent to CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com